കൊച്ചി- കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച മുൻ ഡിവൈ.എസ്.പി കെ. രാധാകഷ്ണന്‍ വാഹനാപകടത്തിൽ പരിക്ക്. ഫസൽ വധക്കേസിൽ പ്രതികളായ സി.പി.എം നേതാക്കൾക്കെതിരെ അന്വേഷണം നടത്തിയതിന് ഇടതു സർക്കാർ പെൻഷനും ആനുകൂല്യങ്ങളും നിഷേധിച്ചുവെന്നും മുഖ്യമന്ത്രിയോട് പരാതി പറയാനെത്തിയപ്പോൾ അപമര്യാദയായി പെരുമാറിയെന്നും രാധാകൃഷ്ണൻ ആരോപണം ഉന്നയിച്ചിരുന്നു. തൃപ്പൂണിത്തുറയിലെ ഇദ്ദേഹത്തിന്റെ വീടിനു മുന്നിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്തു വന്ന സ്കൂട്ടർ ഇടിച്ചായിരുന്നു അപകടം. നടുവിനും തലയ്ക്കും പരുക്കേറ്റ് രാധാകൃഷ്ണൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് അറിയിച്ചു. സ്ഥാനക്കയറ്റത്തിലൂടെ ഐപിഎസ് നേടി ആറുമാസം മുൻപു വിരമിച്ച രാധാകൃഷ്ണൻ ബെംഗളുരുവിൽ സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ വീട്ടിലെത്തിയത്.