തിരുവനന്തപുരം- കോവിഡ് വകഭേദം 'ഒമൈക്രോണ്‍' കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തിന് കേന്ദ്ര മുന്നറിയിപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രത ശക്തമാക്കി. നിലവില്‍ പുതിയ വകഭേദത്തിന് വാക്‌സിന്‍ ഫലപ്രദമല്ലെന്നും മന്ത്രി പറഞ്ഞു. ഒമൈക്രോണ്‍ വിനാശകാരിയായ വൈറസാണ്. 30ല്‍ അധികം മ്യൂട്ടേഷന്‍ ഇതിന് സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൊതുവില്‍ ഒരു ജാഗ്രത സ്വീകരിക്കേണ്ടതുണ്ട്. വിദേശത്ത് നിന്നും വരുന്നവരുടെ നിരീക്ഷണം ശക്തമാക്കും. നിലവിലുള്ള മുന്‍കരുതല്‍ നടപടികള്‍ തുടരും. എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. നേരത്തെ, ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഈ വകഭേദം ഏറ്റവും അപകടകാരിയായ വൈറസാണെന്ന് ലോകാരോഗ്യ സംഘടന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രായില്‍, ഹോങ്കോംഗ്, ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ ഒമൈക്രോണ്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. നിരീക്ഷണം ശക്തമാക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു.