തിരുവനന്തപുരം- സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവൃത്തി സമയം സാധാരണ നിലയില്‍ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല അവലോകന യോഗം സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. വൈകിട്ട് നാല് മണിവരെ ക്ലാസ് തുടരണമെന്നാണ് നിര്‍ദേശം. നിലവില്‍ ആഴ്ചയില്‍ മൂന്നു ദിവസം വച്ച് ഉച്ചവരെയാണ് കുട്ടികള്‍ ക്ലാസിലെത്തുന്നത്. ഇതുകൊണ്ട് പാഠഭാഗങ്ങള്‍ പഠിച്ചുതീര്‍ക്കാനാവില്ലെന്നും യോഗം വിലയിരുത്തി.
ഉച്ചക്ക് സ്‌കൂള്‍ വിട്ടിറങ്ങുന്ന കുട്ടികളെ കൂട്ടിക്കൊണ്ടുപോകാന്‍ രക്ഷിതാക്കള്‍ക്ക് ജോലി സ്ഥലങ്ങളില്‍ നിന്ന് നേരത്തെ എത്തേണ്ടിവരുന്നു. ഈ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ആഴ്ചയില്‍ മൂന്ന് ഷിഫ്ട് നിലനിര്‍ത്തി വൈകിട്ട് വരെ ക്ലാസ് തുടരണമെന്നാണ് നിര്‍ദേശം.
ശുപാര്‍ശ നല്‍കിയാലും അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. കോവിഡ് അവലോകന യോഗത്തില്‍കൂടി ആലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം.