കള്ളുഷാപ്പിനു മുന്നിൽ വൃദ്ധനെ സ്‌ക്രൂ ഡ്രൈവറുപയോഗിച്ച് കുത്തിക്കൊന്നു

തൃശൂർ - വരടിയത്ത് കള്ള് ഷാപ്പിന് മുന്നിൽ വൃദ്ധൻ കുത്തേറ്റ് മരിച്ചു. പ്രതി അറസ്റ്റിൽ. വരടിയം മൂർക്കനാട് വീട്ടിൽ അയ്യപ്പൻ (60) ആണ് മരിച്ചത്. ചെറുശാല വീട്ടിൽ സുരേഷിനെ ആണ് പോലീസ് പിടികൂടിയത്. വരടിയം കള്ളുഷാപ്പിന് മുന്നിലായിരുന്നു സംഭവം. അയ്യപ്പൻ സുരേഷിനെ കളിയാക്കിയതിലെ വിരോധമാണ് കാരണമെന്ന് പറയുന്നു. ഇരുവരും കള്ളുഷാപ്പിൽ ഇരുന്ന്  മദ്യപിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. ഇതിനിടെ സുരേഷിന്റെ ഗ്ലാസിലെ കള്ള് അയ്യപ്പൻ എടുത്ത് കുടിച്ചതാണ് തർക്കത്തിനു  ഇടയാക്കിയത്.
ഷാപ്പിൽ  അടിപിടി കൂടിയ  രണ്ടപേരെയും  ഷാപ്പ്  ജിവനക്കാർ പിടിച്ച്  പുറത്താക്കി. എന്നാൽ പുറത്ത്  വന്ന ഇരുവരും  വീണ്ടും  ഏറ്റുമുട്ടുകയായിരുന്നു.   ഇതിനിടെ   സുരേഷ് തന്റെ  കൈവശം ഉണ്ടായിരുന്ന സ്‌ക്രൂഡ്രൈവർ  ഉപയോഗിച്ച്   അയ്യപ്പനെ  കുത്തുകയായിരുന്നു.   എന്നാൽ പരിക്കേറ്റ  അയ്യപ്പന്റെ ശരീരത്തിൽ നിന്നും രക്തം  വന്നിരുന്നില്ല.  മുഖത്ത്  അടിയേറ്റ്  മുറിവേറ്റിരുന്നു. അൽപ്പം മുന്നോട്ട് നടന്ന് പോയ  അയ്യപ്പൻ കുഴഞ്ഞ്  വീഴുകയായിരുന്നു. തുടർന്ന്  നാട്ടുകാർ  മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിച്ചു.   നെഞ്ചിൽ  ഏറ്റ ആഴത്തിലുള്ള  കുത്താണ് മരണ കാരണമെന്ന്  ആശുപത്രി അധികൃതർ. പറഞ്ഞു

Latest News