കേരളത്തിലെ ഏറ്റവും സമ്പന്നമായ കലാമേഖലയാണ് സിനിമ. പക്ഷെ അതിലെ സമ്പന്നാവസ്ഥ ഏതാനും ചുരുക്കം താരങ്ങളിൽ മാത്രം ഒതുങ്ങുന്നു എന്നതാണ് വാസ്തവം. ബഹുഭൂരിഭാഗം വരുന്ന മറ്റ് നടീനടന്മാർക്കും സംവിധായകരടക്കമുള്ള സാങ്കേതിക പ്രവർത്തകർക്കുമെല്ലാം അവർ തിളങ്ങി നിൽക്കുമ്പോഴുള്ള ഗ്ലാമറല്ലാതെ, സാമ്പത്തികമായി വലിയ ആസ്തിയൊന്നുമുണ്ടാവില്ലെന്നതാണ് യാഥാർഥ്യം. എന്തിന് സിനിമയിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയതിന്റെ എത്രയോ, എത്രയോ ഇരട്ടിയാണ് തകർന്ന് തരിപ്പണമായ നിർമാതാക്കളുടെ എണ്ണം. സിനിമയിൽ കുറച്ച് തിരക്കുണ്ടാവുമ്പോൾ വന്നുചേരുന്ന ആർഭാട ജീവിതം പിൽക്കാലത്ത് അവരെ വേട്ടയാടുന്നു.
പ്രശസ്ത നടി കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുത്തുകൊണ്ടുള്ള കേരള മന്ത്രിസഭാ തീരുമാനം ഉണ്ടാക്കിയ വിവാദം അവസാനിച്ചിട്ടില്ല. അഞ്ച് പതിറ്റാണ്ടായി നാടക-സിനിമാ രംഗത്തുള്ള, മലയാളിക്ക് എന്നെന്നും ഓർക്കാൻ കഴിയുന്ന ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച, ഈ വാർധക്യത്തിലും അഭിനയരംഗത്ത് സജീവമായ ഒരു നടിക്ക് ആശുപത്രി ചെലവിന് സ്വന്തം കയ്യിൽ കാശില്ലെന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയില്ലെന്ന് ചിലർ പറയുന്നു. കെ.പി.എ.സി ലളിത ഇടതു സഹയാത്രിക ആയതുകൊണ്ട്, അതുകൊണ്ട് മാത്രമാണ്, കേരളത്തിലെ ഇടതുസർക്കാർ അവർക്ക് ഈ സഹായം നൽകുന്നതെന്ന വിമർശനവുമുണ്ട്. അവശത അനുഭവിക്കുന്ന നൂറുകണക്കിന് കലാകാരന്മാർ, സിനിമാ നടീനടന്മാർ കേരളത്തിൽ വേറെയുമുണ്ടെന്നും അവരുടെയെല്ലാം ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമോ എന്ന ചോദ്യം പ്രസക്തവുമാണ്. കെ.പി.എ.സി ലളിതക്ക് ചികിത്സാ സഹായം ആവശ്യമുണ്ടെങ്കിൽ അത് നൽകാനുള്ള ഉത്തരവാദിത്തം സിനിമാ മേഖലയിലുള്ളവർക്കാണെന്നും, താര സംഘടനയായ അമ്മയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നുതന്നെ അവശതയനുഭവിക്കുന്ന നടീനടന്മാരെ സഹായിക്കുകയാണെന്നും ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.
ഇടതു സർക്കാരിന്റെ തീരുമാനത്തിൽ പ്രതിപക്ഷവും കോൺഗ്രസും പൊതുവെ എതിർപ്പ് പ്രകടിപ്പിക്കുകയാണ് ചെയ്തത്. പക്ഷെ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുകൂടിയായ പി.ടി. തോമസ് എം.എൽ.എ ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാട് സ്വീകരിച്ചുകൊണ്ട് രംഗത്ത് വന്നത് വിവാദമായി. കെ.പി.എ.സി ലളിതക്ക് ചികിത്സാ സഹായം നൽകാനുള്ള സർക്കാർ തീരുമാനത്തെ ന്യായീകരിച്ച പി.ടി. തോമസ്, അതിനെ എതിർക്കുന്നവർക്ക് നാളെ ദുഃഖിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകകയും ചെയ്യുന്നു. മുൻ എം.എൽ.എയും കോൺഗ്രസിലെ യുവജന നേതാവുമായ അനിൽ അക്കരെ പി.ടി തോമസിന് പിന്തുണയുമായി രംഗത്തെത്തിയപ്പോൾ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ സർക്കാർ തീരുമാനത്തെ ശക്തിയായി എതിർത്തു. സോഷ്യൽ മീഡിയയിൽ ഇക്കാര്യത്തിൽ രൂക്ഷമായ വാദപ്രതിവാദം തുടരുകയാണ്. സർക്കാർ തീരുമാനത്തെ അനുകൂലിക്കുന്നവർ പോലും ഇത്രയും കാലം സിനിമയിൽ അഭിനയിച്ച ഒരു നടി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നത് എന്തുകൊണ്ടെന്ന് ചോദിക്കുന്നുണ്ട്. നമ്മുടെ കലാകാരന്മാരുടെയും സിനിമാ നടീനടന്മാരുടെയും യഥാർഥ ജീവിതാവസ്ഥ എന്താണെന്ന് അന്വേഷിക്കാനുള്ള അവസരം കൂടിയാണിത്.
കെ.പി.എ.സി ലളിതക്ക് ചികിത്സാ സഹായം നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനുപിന്നിൽ രാഷ്ട്രീയമാണ് എന്നതിൽ തർക്കമൊന്നുമില്ല. കെ.പി.എ.സി നാടകങ്ങളിലൂടെ അഭിനയരംഗത്തേക്ക് വന്ന അവർ എക്കാലത്തും ഇടത് അനുകൂലിയായിരുന്നു. 2016ലെ തെരഞ്ഞെടുപ്പ് വേളയിൽ ഇടതു മുന്നണിയുടെ പ്രചാരണ വീഡിയോയിൽ അവർ അഭിനയിച്ചിട്ടുമുണ്ട്. ഇക്കാരണങ്ങളാൽ തന്നെയാണ് കെ.പി.എ.സി ലളിതയോട് സർക്കാർ അനുഭാവം കാട്ടിയത്. അല്ലാതെ അവശതയനുഭവിക്കുന്ന എല്ലാ കലാകാരന്മാരെയും സിനിമാ നടീനടന്മാരെയും സാമ്പത്തികമായി സഹായിക്കുക എന്നൊരു നയം ഈ സർക്കാർ കൈക്കൊണ്ടിട്ടൊന്നുമില്ല. തങ്ങളുടെ രാഷ്ട്രീയവുമായി ചേർന്നുനിൽക്കാത്ത ഏതെങ്കിലും കലാകാരന്മാർക്ക് ഈ സർക്കാർ ഇതുപോലൊരു സഹായം ചെയ്തിട്ടുമില്ല. എന്നു കരുതി കെ.പി.എ.സി ലളിതക്ക് സർക്കാർ സഹായം നൽകാൻ പാടില്ലെന്ന് പറയുന്നത് അനുചിതമാണ്. അവരുടെ സാമ്പത്തിക സ്ഥിതി അത്രക്ക് മോശമാണെങ്കിൽ സർക്കാർ സഹായം നൽകിയതിനെ തെറ്റ് പറയാനാവില്ല.
ദീർഘകാലം സിനിമാരംഗത്തുണ്ടായിരുന്ന നടി എന്നതിനുപുറമെ കേരളം കണ്ട പ്രതിഭാധനന്മാരായ സംവിധായകരിൽ ഒരാളായ അന്തരിച്ച ഭരതന്റെ ഭാര്യ, നടനും സിനിമാ പ്രവർത്തകനുമായ സിദ്ധാർഥിന്റെ അമ്മ ഒക്കെയാണവർ. പുറത്തുനിന്ന് നോക്കുമ്പോൾ സമ്പന്നമായിരിക്കണം അവരുടെ ജീവിത ചുറ്റുപാടുകൾ. എന്നാൽ അങ്ങനെയല്ലെന്നാണ് അവർ പറഞ്ഞിട്ടുള്ളത്. ജീവിതത്തിൽ താൻ നേരിട്ട, ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ച് കെ.പി.എ.സി ലളിത ചില അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. മകളെ പ്രസവിച്ചശേഷം ആശുപത്രിവിടാൻ നേരം ബില്ലടക്കാൻ കഴിയതെ കരഞ്ഞ കാര്യം, അതേ മകളുടെ വിവാഹ ചെലവുകൾക്കുള്ള പണം കണ്ടെത്താനാവാതെ വിഷമിച്ച കാര്യം. നടൻ ദിലീപ് നൽകിയ പണം കൊണ്ടാണ് മകളുടെ വിവാഹം അവർ നടത്തിയതെന്ന കാര്യവും അവർ അഭിമുഖത്തിൽ പറഞ്ഞു.
കേരളത്തിലെ ഏറ്റവും സമ്പന്നമായ കലാമേഖലയാണ് സിനിമ. പക്ഷെ അതിലെ സമ്പന്നാവസ്ഥ ഏതാനും ചുരുക്കം താരങ്ങളിൽ മാത്രം ഒതുങ്ങുന്നു എന്നതാണ് വാസ്തവം. ബഹുഭൂരിഭാഗം വരുന്ന മറ്റ് നടീനടന്മാർക്കും സംവിധായകരടക്കമുള്ള സാങ്കേതിക പ്രവർത്തകർക്കുമെല്ലാം അവർ തിളങ്ങി നിൽക്കുമ്പോഴുള്ള ഗ്ലാമറല്ലാതെ, സാമ്പത്തികമായി വലിയ ആസ്തിയൊന്നുമുണ്ടാവില്ലെന്നതാണ് യാഥാർഥ്യം. എന്തിന് സിനിമയിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയതിന്റെ എത്രയോ, എത്രയോ ഇരട്ടിയാണ് തകർന്ന് തരിപ്പണമായ നിർമാതാക്കളുടെ എണ്ണം. സിനിമയിൽ കുറച്ച് തിരക്കുണ്ടോവുമ്പോൾ വന്നുചേരുന്ന ആർഭാട ജീവിതം പിൽക്കാലത്ത് അവരെ വേട്ടയാടുന്നു.
പ്രശസ്ത നടൻ മാധവൻ വർഷങ്ങൾക്കുമുമ്പ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞത് ഓർമ വരുന്നു. അന്ന് ഒരു ചിത്രത്തിന് അമ്പത് ലക്ഷമോ മറ്റോ ആയിരുന്നു മാധവന്റെ പ്രതിഫലം. ഇതേക്കുറിച്ച് തമാശയായി ചോദിച്ച മാധ്യമപ്രവർത്തകനോട് ഇതിലൊന്നും ഒരു കാര്യവുമില്ലെന്നായിരുന്നു മാധവന്റെ മറുപടി. അമ്പത് ലക്ഷം കിട്ടിയാൽ 20 ലക്ഷമെങ്കിലും നികുതി കൊടുക്കണം. അമ്പത് ലക്ഷം വാങ്ങുന്ന താരത്തിന്റെ ജീവിതച്ചെലവുകൾ വേറെ. രണ്ട് പടം പൊട്ടിയാൽ പിന്നെ ഈ അമ്പത് ലക്ഷം കിട്ടില്ല. പക്ഷെ അപ്പോഴും, ജീവിതച്ചെലവ് താഴേക്ക് വരില്ല.
ഇതാണ് സിനിമാ താരങ്ങളുടെ പൊതുവായ അവസ്ഥ. ഈ സാഹചര്യത്തിൽ ചുരുക്കം ചില സൂപ്പർ സ്റ്റാറുകളുടെ ആഡംബര ജീവിതം മാത്രം നോക്കി എല്ലാ സിനിമാക്കാരും അങ്ങനെയാണെന്ന് പറയാനാവില്ല. ബഹുഭൂരിപക്ഷവും സാധാരണ ജീവിതം പോലും നയിക്കാൻ പ്രയാസപ്പെടുന്നവരാണെന്നാണ് ഈ മേഖലയുള്ളവർ പറയുന്നത്. ഇവരെ സഹായിക്കാനാണ് അമ്മയും ഫെഫ്കയും പോലുള്ള സംഘടനകൾ പ്രവർത്തിക്കുന്നതെന്നാണ് വെപ്പ്.
കെ.പി.എ.സി ലളിതയുടെ ഇപ്പോഴത്തെ അനുഭവം സിനിമാ മേഖലയിലുള്ളവർക്ക് മൊത്തത്തിൽ ഒരു പാഠമാകേണ്ടതാണ്. ഇത്തരം ദുരവസ്ഥകൾ മുന്നിൽക്കണ്ട് നടീനടന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്താനുള്ള ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്താൻ സംഘടനകൾക്ക് കഴിയും. അതുപോലെ സാമ്പത്തികമായി തകർന്നുപോകുന്നവരെ കൈപിടിച്ചുയർത്തുന്നതിനുള്ള നടപടികളും കൈക്കൊള്ളണം. അല്ലാതെ നടീനടന്മാരെ സർക്കാരിന്റെ കനിവിനായി കൈനീട്ടാൻ വിടരുത്.
സർക്കാരിനെ സംബന്ധിച്ചിടത്തോളം കലാകാരന്മാരെ സഹായിക്കുന്നതിന് പൊതുമാനദണ്ഡം രൂപീകരിക്കണം. തങ്ങളുടെ രാഷ്ട്രീയവുമായി ചേർന്നുനിൽക്കുന്നവർക്ക് മാത്രം സഹായമെന്നതൊക്കെ ഒരുതരം ധിക്കാരമാണ്. കേരളത്തിലെതന്നെ ഏറ്റവും ചെലവേറിയ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് കെ.പി.എ.സി ലളിത ചികിത്സയിൽ കഴിയുന്നത്. അവിടത്തെ ബിൽ ദശലക്ഷങ്ങൾ വരുമെന്നുറപ്പ്. കേരളത്തിലെ എല്ലാ കലാകാരന്മാരുടെ ഇത്രവലിയ ചികിത്സാ ചെലവ് സർക്കാരിന് ഏറ്റെടുക്കാനാവുമോ? സർക്കാർ അവകാശപ്പെടുന്നതുപോലെ കേരളത്തിലെ സർക്കാർ ആശുപത്രികളുടെ ചികിത്സാ നിലവാരം അത്ര ഉന്നതമാണെങ്കിൽ കെ.പി.എ.സി ലളിതക്ക് ഏതെങ്കിലും സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി അവിടെ മികച്ച ചികിത്സ നൽകുകയാണ് വേണ്ടത്. ഒരു സർക്കാർ ആശുപത്രിയിലും കിട്ടാത്ത വിദഗ്ധ ചികിത്സയാണ് സ്വകാര്യ ആശുപത്രിയിൽ കിട്ടുന്നതെങ്കിൽ അക്കാര്യം തുറന്നുപറയാൻ സർക്കാർ തയാറാവണം. മാത്രമല്ല, ഭാവിയിൽ ഇത്തരം സഹായം വേണ്ടിവരുന്ന കലാകാരന്മാർക്കായി സർക്കാർ മുൻകയ്യെടുത്ത് പദ്ധതി തയാറാക്കുകയും വേണം.