ഉദ്ഘാടന ദിവസംതന്നെ ഒഴുകിയെത്തിയത് ഏഴര ലക്ഷം പേരാണ്. സൗദി അറേബ്യയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും പേർ ഒരു പരിപാടിക്ക് ഒരുമിച്ചുകൂടുന്നത്. അഞ്ചു മാസം നീളുന്ന സീസൺ അവസാനിക്കുമ്പോഴേക്കും ലക്ഷ്യമിടുന്നത് രണ്ട് കോടി സന്ദർശകരെയാണ്.
സങ്കൽപിക്കൂ.....കൂടുതൽ സങ്കൽപിക്കൂ എന്ന സന്ദേശവുമായി നടന്നു വരുന്ന റിയാദ് സീസൺ 2021 മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ വിനോദ, വിജ്ഞാന പരിപാടിയായി മാറിയിരിക്കുകയാണ്. ഒക്ടോബർ 20ന് തുടക്കം കുറിച്ച റിയാദ് സീസണിന് ഒരു മാസം പിന്നിട്ടപ്പോഴേക്കും ലോക ശ്രദ്ധ പിടിച്ചുപറ്റാനായി എന്നു മാത്രമല്ല, 30 ലക്ഷത്തിലേറെ സന്ദർശകരെ ആകർഷിക്കാനും കഴിഞ്ഞു.
രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും പൈതൃകവും കരുത്തും ലോകത്തിനു മുമ്പാകെ അവതരിപ്പിക്കുന്നതോടൊപ്പം രാജ്യത്തെ പൗരന്മാർക്ക് വിനോദത്തിനും വിജ്ഞാനത്തിനും വേദിയൊരുക്കുകയും വിദേശ വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുകയും ചെയ്യുക എന്ന ഉേദ്ദശ്യത്തോടെ 2019ലാണ് റിയാദ് സീസണിന് തുടക്കം കുറിച്ചത്. രണ്ടാം സീസണാണിപ്പോൾ നടന്നു വരുന്നത്. കോവിഡിനെ തുടർന്ന് 2020ൽ നടത്താൻ കഴിയാതെ പോയതിന്റെ പോരായ്മകൾ കൂടി പരിഹരിച്ചുകൊണ്ടാണ് റിയാദ് സീസൺ 2021 ആവിഷ്‌കരിച്ചിട്ടുള്ളത്. 17 മാസം നീണ്ട കോവിഡിനെതിരായ അതിശക്തമായ പോരാട്ടത്തിന്റെ വിജയം കൂടിയാണ് സീസൺ ടുവിൽ ദൃശ്യമാകുന്നത്. രാജ്യത്തെ 54 ശതമാനം ജനങ്ങൾക്കും പൂർണതോതിൽ വാക്‌സിൻ നൽകി കോവിഡ് മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ ആരംഭിച്ച സീസണിലേക്ക് ഉദ്ഘാടന ദിവസംതന്നെ ഒഴുകിയെത്തിയത് ഏഴര ലക്ഷം പേരാണ്. സൗദി അറേബ്യയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും പേർ ഒരു പരിപാടിക്ക് ഒരുമിച്ചുകൂടുന്നത്. അഞ്ചു മാസം നീളുന്ന സീസൺ അവസാനിക്കുമ്പോഴേക്കും ലക്ഷ്യമിടുന്നത് രണ്ട് കോടി സന്ദർശകരെയാണ്.
സൗദി അറേബ്യയുടെ കവാടങ്ങൾ ഇതുവരെ തുറന്നിരുന്നത് തീർഥാടക വിനോദ സഞ്ചാരത്തിനായിരുന്നുവെങ്കിൽ ഇപ്പോഴത് ലോകത്തെ മുഴുവൻ വിനോദ സഞ്ചാരികൾക്കുമായി മാറ്റിയിരിക്കുകയാണ്. ഇ-വിസയിലൂടെ ലോകത്തെ ഏതൊരു വിനോദ സഞ്ചാരിക്കും ഇന്ന് സൗദിയിൽ എളുപ്പം എത്താനാവും. എണ്ണ ഇതര വരുമാനത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ശേഷി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ചിട്ടുള്ള വിവിധ പദ്ധതികളുടെ ഭാഗം കൂടിയാണ് റിയാദ് സീസൺ. 2019ലെ ആദ്യ സീസണിൽ സങ്കൽപിക്കുക എന്നതായിരുന്നു സന്ദേശമെങ്കിൽ രണ്ടാം സീസണിൽ കൂടുതൽ സങ്കൽപിക്കൂ എന്ന സന്ദേശമാണ് നൽകുന്നത്. സങ്കൽപങ്ങൾക്കുമപ്പുറമുള്ള മാസ്‌കമരിക കാഴ്ചകളും ആനന്ദ നിമിഷങ്ങളും അനുഭവങ്ങളുമൊക്കെയാണ് റിയാദ് സീസൺ സമ്മാനിക്കുന്നത്. ജനറൽ അതോറിറ്റി ഓഫ് എന്റർടൈൻമെന്റ് ചുക്കാൻ പിടിക്കുന്ന റിയാദ് സീസണിൽ 7,500 ഓളം പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പ്രഥമ സീസണിൽ 12 സോണുകളായിരുന്നുവെങ്കിൽ ഇക്കുറി 14 സോണുകളിലാണ് പരിപാടികൾ നടക്കുന്നത്. ഒരു മാസത്തിനിടെ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറിക്കഴിഞ്ഞു. ലോക പ്രശസ്ത സംഗീതജ്ഞരുടെ സംഗീത വിരുന്നും ഗുസ്തി, ഫുട്‌ബോൾ മത്സരങ്ങളും അന്താരാഷ്ട്ര പ്രദർശനങ്ങളും അടക്കം നിരവധി പരിപാടികൾ ഇതിനകം നടന്നു. 70 അറബ് സംഗീത വിരുന്നുകൾ, ആറ് അന്താരാഷ്ട്ര ഗാനമേളകൾ, പത്തു എക്‌സിബിഷനുകൾ, 350 നാടക പ്രദർശനങ്ങൾ, 100 ഇന്ററാക്ടീവ് സെഷനുകൾ തുടങ്ങി ഏതു പ്രായക്കാരനും ഏതു രാജ്യക്കാരനും ആസ്വദിക്കാൻ കഴിയുന്ന പരിപാടികളാണ് നടന്നുവരുന്നത്. വിനോദത്തോടൊപ്പം വിപണനവും റിയാദ് സീസണിന്റെ ഭാഗമാണ്. റിയാദ് സീസൺ വേദികളിൽ 200 റെസ്റ്റോറന്റുകളും 70 കോഫി ഷോപ്പുകളുമാണ് പ്രവർത്തിച്ചു വരുന്നത്. മറ്റു വാണിജ്യ കേന്ദ്രങ്ങൾ ഇതിനു പുറമെയാണ്. കാർ ഷോയിൽ നാലു ദിവസത്തിനിടെ അഞ്ചര കോടിയിലേറെ റിയാലിന്റെ കാറുകളുടെ വിൽപനയാണ് നടന്നത്. മുപ്പതു കോടി റിയാൽ വിലയുള്ള ലോകത്തെ ഏറ്റവും വില കൂടിയ കാറുകളും മേഖലയിൽ ആദ്യമായി പ്രദർശിപ്പിക്കുന്ന കാറുകളും വിന്റേജ് കാറുകളും ഏറ്റവും വേഗത കൂടിയ കാറുകളുമടക്കം അത്യപൂർവ ഇനങ്ങളിൽപെട്ട 600 ലേറെ കാറുകൾ റിയാദ് കാർ ഷോയിലുണ്ട്.
ഏറെ ശ്രദ്ധേയമായ മറ്റൊന്ന് ജ്വല്ലറി പ്രദർശനമായിരുന്നു. ലോകത്തെ ഏറ്റവും വില കൂടിയ മാസ്‌ക് ഈ പ്രദർശന വേദിയെ ലോകശ്രദ്ധ ക്ഷണിച്ചു വരുത്തി. 1.5 മില്യൺ ഡോളർ (11 കോടിയിൽ പരം രൂപ) വില വരുന്ന 3,608 കറുപ്പും വെളുപ്പും നിറത്തിലുള്ള ഡയമണ്ടുകൾ നിറഞ്ഞ മാസ്‌കിന്റെ പ്രദർശനമായിരുന്നു ഈ പ്രദർശനവേദിയെ ശ്രദ്ധേയമാക്കിയത്. പ്രധാന വേദിയായ ബുളവാഡ് സിറ്റിയെ തന്നെ ഒമ്പതു മേഖലകളായി തിരിച്ച് ഓരോ മേഖലകളിലും വൈവിധ്യമാർന്ന പരിപാടികളാണ് അരങ്ങേറുന്നത്. പ്രത്യേകം രൂപകൽപന ചെയ്ത വാണിജ്യ കേന്ദ്രങ്ങളും റസ്റ്റോറന്റുകളും കളിസ്ഥലങ്ങളും വിനോദ കേന്ദ്രങ്ങളും ഏതു പ്രായക്കാർക്കും ഇഷ്ട വിനോദത്തിലേർപ്പെടാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. 25 സ്‌ക്രീനുകൾ അടങ്ങിയ സൗദിയിലെ ഏറ്റവും വലി മൾട്ടിപ്ലക്‌സ് തിയേറ്റർ കോംപ്ലക്‌സും 12 കളി സ്ഥലങ്ങളും മൂന്നു കിലോമീറ്റർ വരുന്ന നടപ്പാതകളുമൊക്കെ റിയാദ് സീസണിനെ ലോകോത്തരമാക്കി മാറ്റിയിരിക്കുകയാണ്.
സൗദി അറേബ്യയെ പരിവർത്തിപ്പിച്ചുകൊണ്ടിരിക്കുന്ന ഓരോ പദ്ധതികളും രാജ്യത്തിന്റെ സമ്പദ് ഘടനക്കും വികസനത്തിനും ആക്കം കൂട്ടുന്നതാണ്. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ വിഷൻ 2030 സ്വപ്‌ന പദ്ധതിയുടെ സാക്ഷാത്കാരത്തിന് നിറംപകരുന്നതാണ് ഇത്തരം ഓരോ പരിപാടികളും. ആവിഷ്‌കരിക്കുന്ന ഓരോ പദ്ധതികളും നടപ്പാക്കുന്നതിനും വിജയിപ്പിക്കുന്നതിനും ഭരണകർത്താക്കൾ കാണിക്കുന്ന ശുഷ്‌കാന്തി സൗദിക്ക് നേടികൊടുക്കുന്നത് കീർത്തിയും പ്രശസ്തിയും മാത്രമല്ല, സാമ്പത്തിക കരുത്തു കൂടിയാണ്. എണ്ണയെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന രാജ്യം എണ്ണ ഇതര വരുമാനത്തിലേക്ക് ശ്രദ്ധയൂന്നിയതോടെ അനുദിനം മാറ്റങ്ങളുടെ കൊടുംകാറ്റാണ് വീശുന്നത്.