റിയാദ് - സൗദിയിൽ ആരോഗ്യ മേഖല പൂർണമായും സ്വകാര്യവൽക്കരിക്കില്ലെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. സൗദി സെൻട്രൽ ബാങ്കുമായും ധനമന്ത്രാലയവുമായും സഹകരിച്ച് സൗദി കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി സംഘടിപ്പിച്ച ധനസുസ്ഥിരതാ ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധനമന്ത്രി. എക്‌സ്‌റേ പോലെ ആരോഗ്യ മേഖലയിലെ ചില വിഭാഗങ്ങളും ഭാഗങ്ങളും സ്വകാര്യവൽക്കരിക്കും. ജല, മലിനജല മേഖലയിൽ സ്വകാര്യവൽക്കരണം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. അടുത്ത വർഷം ഈ മേഖലയിൽ സ്വകാര്യവൽക്കരണം കൂടുതൽ വിപുലമാക്കും.
സർക്കാർ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള 160 ഇടപാടുകൾക്ക് ഒരുക്കങ്ങൾ നടത്തിവരികയാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ അടുത്ത വർഷം പ്രഖ്യാപിക്കും. വിദ്യാഭ്യാസ, ലോജിസ്റ്റിക് മേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണ പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. വിദ്യാഭ്യാസ, ലോജിസ്റ്റിക് മേഖലകളിൽ വരുംകാലത്ത് സ്വകാര്യവൽക്കരണ പദ്ധതികൾ വർധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.