മഡ്രീഡ് - യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ ക്വാർട്ടർ ഫൈനലിലേക്ക് കാലൂന്നി നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രീഡും പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂളും. ഫുട്‌ബോൾ ലോകം ഉറ്റുനോക്കിയ പോരാട്ടത്തിൽ ഗോൾ വഴങ്ങിയ ശേഷം പി.എസ്.ജിയെ റയൽ 3-1 ന് തകർത്തു. അവസാന ഏഴു മിനിറ്റിലായിരുന്നു റയലിന്റെ രണ്ടു ഗോളുകൾ. പോർടോക്കെതിരായ ലിവർപൂളിന്റെ എവേ ജയം ആധികാരികമായിരുന്നു. സാദിയൊ മാനെയുടെ ഹാട്രിക്കിൽ അവർ 5-0 വിജയം സ്വന്തമാക്കി.
നെയ്മാറും ക്രിസ്റ്റ്യാനോയും തമ്മിലുള്ള പോരാട്ടമെന്നു വിശേഷിപ്പിക്കപ്പെട്ട കളിയിൽ ക്രിസ്റ്റ്യാനൊ തന്റെ മൂല്യം തെളിയിച്ചു. ആഡ്രിയൻ റാബിയോയുടെ ഗോളിൽ റയൽ പിന്നിലായ ശേഷം ഇരുപകുതികളിലായി ക്രിസ്റ്റ്യാനൊ രണ്ടു ഗോളടിച്ചു. ചാമ്പ്യൻസ് ലീഗ് ലക്ഷ്യമിട്ട് കോടികളൊഴുക്കിയ പി.എസ്.ജിയുടെ പ്രതീക്ഷകൾ പ്രി ക്വാർട്ടറിൽ തന്നെ ഉടയുന്ന ലക്ഷണമാണ്. മാർച്ച് ആറിന് നടക്കുന്ന രണ്ടാം പാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനെങ്കിലും അവർ ജയിക്കണം.
യൂറോപ്യൻ വമ്പൻ ടീമുകളുടെ നിരയിലേക്ക് വരാനുള്ള തങ്ങളുടെ ഉദ്ദേശ്യം വ്യക്തമാക്കിയ പി.എസ്.ജി തുടക്കം മുതൽ ആക്രമിച്ചപ്പോൾ കളി ആവേശകരമായി. അവസാന വേളയിൽ വഴങ്ങിയ രണ്ടു ഗോൾ പക്ഷേ അവരുടെ ആത്മവിശ്വാസം തകർത്തു. റയൽ ഉറച്ചുനിൽക്കുന്നതിനിടയിലാണ് മുപ്പത്തിമൂന്നാം മിനിറ്റിൽ പി.എസ്.ജി അവരെ ഞെട്ടിച്ചത്. മൂന്ന് പി.എസ്.ജി സ്‌ട്രൈക്കർമാരും ഉൾപ്പെട്ട നീക്കത്തിനൊടുവിൽ റാബിയൊ പായിച്ച പന്ത് കെയ്‌ലോർ നവാസിനെ കീവടക്കി. തൊട്ടുമുമ്പ് ഗോളിയെ മാത്രം കീഴടക്കാനിരിക്കേ ക്രിസ്റ്റ്യാനോക്ക് പിഴച്ചിരുന്നു. ഷോട്ട് ഗോളിയുടെ മുഖത്തിടിച്ച് തെറിച്ചു.
ഇടവേളക്ക് അൽപം മുമ്പ് പെനാൽട്ടിയിൽ നിന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ സമനില ഗോൾ. ടോണി ക്രൂസിനെ ജിയോവാനി ലോസെൽസൊ വീഴ്ത്തിയതിനായിരുന്നു പെനാൽട്ടി വിധിച്ചത്. രണ്ടാം പകുതിയിലും പി.എസ്.ജിയാണ് നന്നായി തുടങ്ങിയത്. സമനിലയോടെ കളി അവസാനിപ്പിച്ച് അവർ മേൽക്കൈ നേടുമെന്ന് തോന്നി. എന്നാൽ ക്രിസ്റ്റ്യാനൊ ആ പ്രതീക്ഷ കീഴ്‌മേൽ മറിച്ചു. മാർക്കൊ അസൻസിയോയെ പകരക്കാരനായിറക്കിയ കോച്ച് സിനദിൻ സിദാനാണ് അതിന്റെ ക്രെഡിറ്റ്. അവസാന വേളയിലെ രണ്ടു ഗോളിനും വഴിയൊരുക്കിയത് അസൻസിയോയാണ്. അൽപം ഭാഗ്യം കൂടിയുണ്ട് ക്രിസ്റ്റ്യാനോയുടെ രണ്ടാം ഗോളിന്. എൺപത്തിമൂന്നാം മിനിറ്റിൽ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ മുട്ടിനിടിച്ച് പന്ത് വലയിൽ കയറുകയായിരുന്നു.
എൺപത്താറാം മിനിറ്റിൽ അസൻസിയോയുടെ ക്രോസിൽ നിന്ന് മാഴ്‌സെലോ മൂന്നാം ഗോളടിച്ചതോടെ പി.എസ്.ജിയുടെ പ്രതീക്ഷ ഏതാണ്ട് ആവിയായി. എഡിൻസൻ കവാനിയെ പിൻവലിച്ചപ്പോൾ പകരം എയിംഗൽ ഡി മരിയയെ ഇറക്കാതെ ലെഫ്റ്റ്ബാക്ക് തോമസ് മൂനീറിനെ അയച്ചത് പി.എസ്.ജി കോച്ച് ഉനായ് എമറിക്ക് പറ്റിയ വലിയ പിഴവായി.