Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കയ്യൂക്ക് കൊണ്ട് കെ-റെയിൽ നടപ്പാക്കാനാകില്ല-മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഉമ്മൻ ചാണ്ടി

തിരുവനന്തപുരം- കർഷക സമരത്തിന് മുന്നിൽ അടിയറവ് പറയേണ്ടിവന്ന പ്രധാനമന്ത്രിയുടെ മലക്കം മറിച്ചിൽ മുഖ്യമന്ത്രി പിണറായി വിജയനുള്ള മുന്നറിയിപ്പാണെന്നും കയ്യൂക്കുകൊണ്ട് കെ-റെയിൽ നടപ്പിലാക്കാനാണ് ഭാവമെങ്കിൽ അതിന് കനത്ത വില നൽകേണ്ടിവരുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.  സാമൂഹിക ആഘാത പഠനമോ പാരിസ്ഥിതിക പഠനമോ നടത്താതെ കെ-റെയിൽ പദ്ധതിക്ക് സ്ഥലം ഏറ്റെടുപ്പ് നടപടിയുമായി മുന്നോട്ട് പോകാനുള്ള കേരള സർക്കാരിന്റെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. 
 നിയമസഭയിലും സഭയ്ക്ക് പുറത്തും കെ-റെയിലിനെതിരെ ഗുരുതരമായ ആശങ്കകൾ ജനങ്ങളും പ്രതിപക്ഷപാർട്ടികളും ഉയർത്തിയിട്ടും അത് ദൂരീകരിക്കാനോ, പ്രശ്നം ചർച്ച ചെയ്യാനോ ഇതുവരെ സർക്കാർ തയ്യാറാകാത്തത് നിർഭാഗ്യകരമാണ്. സംസ്ഥാനത്തിന് താങ്ങാനാവാത്ത സാമ്പത്തിക  ബാധ്യത ഉണ്ടാക്കുന്നതും അതീവ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമായ കെ-റെയിൽ പദ്ധതി പ്രാഥമികമായ നടപടികൾപോലും പൂർത്തിയാക്കാതെ നടപ്പിലാക്കാൻ സർക്കാർ പിടിവാശി കാണിക്കുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാനാണ്?
 നിലവിലുള്ള റെയിൽവെ പാതയോട് ചേർന്ന് ആവശ്യമായ സ്ഥലങ്ങളിൽ വളവുകൾ നേരെയാക്കിയും സിഗ്നലിംഗ് സമ്പ്രദായം നവീകരിച്ചും കൂടുതൽ വേഗതയിൽ മെച്ചപ്പെട്ട റെയിൽ യാത്രാ സൗകര്യം നൽകാൻ കഴിയുന്ന റാപിഡ് റെയിൽ ട്രാൻസിറ്റ് (സബർബൻ റെയിൽ)  പദ്ധതി യു.ഡി.എഫിന്റെ കാലത്ത് അംഗീകരിച്ചതാണ്. സിഗ്‌നലിംഗ് സമ്പ്രദായം പരിഷ്‌കരിക്കാൻ  8000 കോടിയ്ക്ക് താഴെ രൂപ ചെലവാക്കിയാൽ മതി. ഈ സാധ്യത പരിശോധിക്കാതെയാണ്  ഒരു കോടി ലക്ഷം രൂപയിൽ അധികം പണം ചെലവഴിച്ച് പുതിയ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ സർക്കാർ നിർബന്ധ ബുദ്ധി കാണിക്കുന്നത്. 
 ലക്ഷക്കണക്കിന് ജനങ്ങളെ കുടിയിറക്കി വിട്ടുകൊണ്ട് ആയിരക്കണക്കിന് ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നത് കേരളത്തിൽ പ്രായോഗികമല്ല. തെക്ക്-വടക്ക് എക്സ്പ്രസ്സ് ഹൈവേയുടെ നിർദ്ദേശം മുന്നോട്ട് വച്ചപ്പോൾ അതിനെ ശക്തമായി എതിർത്ത സി.പി.എം. സിൽവെർ ലൈനിന്റെ വക്താക്കളായി മാറുന്നത് അത്ഭുതകരമാണ്.  അന്ന് എക്സ്പ്രസ് ഹൈവെയ്ക്കെതിരേ പ്രതിഷേധം ഉയർന്നപ്പോൾ ജനാഭിലാഷം മാനിച്ച് യുഡിഎഫ് സർക്കാർ അതിൽ നിന്നു പിന്മാറുകയാണു ചെയ്ത്.  
 പരിസ്ഥിതി പഠനവും ഇന്ത്യൻ റെയിൽവേയുടെയും നീതി ആയോഗിന്റെയും അനുമതിയും അനിവാര്യമാണെങ്കിലും  അതൊന്നും ഇല്ലാതെ അധികാരം ഉണ്ടെന്ന കാരണത്താൽ ലക്ഷക്കണക്കിന് ആളുകളെ തെരുവിലേയ്ക്ക് എറിയുന്നത് ശരിയാണോ എന്ന് സി.പി.എം. ആലോചിക്കണം. അവിചാരിതമായി ഉണ്ടായ ഉരുൾപൊട്ടലിലും പ്രളയത്തിലും എല്ലാം നശിച്ച ആയിരക്കണക്കിന് ആളുകൾ ക്യാമ്പുകളിൽ ദുരിതം അനുഭവിക്കുമ്പോൾ അതൊന്നും കാണാതെ ഗവൺമെന്റ് കുടിയിറക്ക് ഭീഷണിയുമായി മുന്നോട്ട് പോകുകയാണ്. ബന്ധപ്പെട്ടവരുമായി ചർച്ചയോ ആവശ്യമായ അനുമതിയോ ഇല്ലാതെ തുടങ്ങാൻ ശ്രമിക്കുന്ന കെ- റെയിൽ  പദ്ധതിയിൽ നിന്നും ഗവൺമെന്റ് പിന്മാറണമെന്നും യു.ഡി.എഫ് കാലത്തെ സബർബൻ റെയിൽ പദ്ധതി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
 

Latest News