റിയാദ് - സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ത്രൈമാല കാലാവധിയില്‍ പുതിയ ഇഖാമകള്‍ അനുവദിക്കാനും ഇഖാമകള്‍ പുതുക്കി നല്‍കാനും തുടങ്ങിയതോടെ സ്വകാര്യ സ്ഥാപനങ്ങള്‍ ആശ്വാസത്തില്‍.
സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനു കീഴിലെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച് ജവാസാത്ത് ഡയറക്ടറേറ്റും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും പുതിയ നടപടി കൈക്കൊണ്ടത്.
ഇതുവരെ ഒരു വര്‍ഷത്തേക്കുള്ള ലെവി മുന്‍കൂട്ടി അടച്ച് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി ഇഖാമ പുതുക്കുന്ന രീതിയാണ് പ്രാബല്യത്തിലുണ്ടായിരുന്നത്. ഒരു വര്‍ഷത്തേക്കുള്ള ലെവി മുന്‍കൂട്ടി അടക്കേണ്ടിവരുന്നത് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഭീമമായ സാമ്പത്തിക ഭാരമാണ് വരുത്തിവെക്കുന്നത്.
ഒരു വര്‍ഷത്തേക്ക് വര്‍ക്ക് പെര്‍മിറ്റും ഇഖാമയും പുതുക്കിയ ശേഷം റീ-എന്‍ട്രിയില്‍ സ്വദേശങ്ങളിലേക്ക് പോകുന്ന വിദേശ തൊഴിലാളികള്‍ പിന്നീട് തിരിച്ചുവരാതിരിക്കുകയോ ഇഖാമ കാലാവധി നിലവിലിരിക്കെ ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുകയോ ചെയ്യുന്ന പക്ഷം വര്‍ക്ക് പെര്‍മിറ്റിലും ഇഖാമയിലും ശേഷിക്കുന്ന കാലത്തെ വകയില്‍ അടച്ച ലെവി തിരികെ ലഭിക്കുകയുമില്ല. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പുതിയ സംവിധാനം പരിഹാരമുണ്ടാക്കും. പുതിയ സംവിധാനം അനുസരിച്ച് മൂന്നു മാസത്തില്‍ കുറഞ്ഞ കാലയവളില്‍ ഇഖാമയും വര്‍ക്ക് പെര്‍മിറ്റും പുതുക്കാന്‍ കഴിയില്ല.
മിനിമം ത്രൈമാസ കാലാവധിയില്‍ പുതിയ ഇഖാമകള്‍ അനുവദിക്കാനും ഇഖാമകള്‍ പുതുക്കി നല്‍കാനും അടുത്തിടെ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ലെവി ബാധകമല്ലാത്ത ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമകള്‍ ഈ രീതിയില്‍ ത്രൈമാസ കാലാവധിയില്‍ അനുവദിക്കില്ല. ത്രൈമാസ കാലാവധിയില്‍ ഇഖാമകള്‍ അനുവദിക്കുമ്പോള്‍ ഇഖാമയിലെ കാലാവധിക്ക് ആനുപാതികമായാണ് വര്‍ക്ക് പെര്‍മിറ്റ് ഫീസ്, ഇഖാമ ഫീസ്, ലെവി എന്നിവ ഈടാക്കുക.
പുതിയ സംവിധാനം അനുസരിച്ച് സ്ഥാപനങ്ങളുടെ ആവശ്യാനുസരണം മൂന്നു മാസം, ആറു മാസം, ഒമ്പതു മാസം, പന്ത്രണ്ടു മാസം എന്നീ കാലാവധികളില്‍ ഇഖാമകളും വര്‍ക്ക് പെര്‍മിറ്റുകളും പുതുക്കാന്‍ സാധിക്കും.
സ്വകാര്യ സ്ഥാപനങ്ങളുടെ സൗകര്യം മാനിച്ചാണ് മിനിമം ത്രൈമാസ കാലാവധിയില്‍ പുതിയ ഇഖാമ നേടാനും ഇഖാമ പുതുക്കാനുമുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ തൊഴിലാളികളുടെ സേവനം യഥാര്‍ഥത്തില്‍ ആവശ്യമായ കാലത്തേക്കു മാത്രമായി അവരുടെ ഇഖാമകളും വര്‍ക്ക് പെര്‍മിറ്റുകളും പുതുക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സാധിക്കും.
സ്വകാര്യ സ്ഥാപനങ്ങളുടെ വളര്‍ച്ചക്കും തൊഴില്‍ വിപണി വികസിപ്പിക്കാനും തൊഴില്‍ വിപണിയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കാനും തൊഴില്‍ വിപണി സാഹചര്യം മെച്ചപ്പെടുത്താനും പുതിയ തീരുമാനം സഹായകമാകും.
അബ്ശിര്‍ ബിസിനസ്, മുഖീം പ്ലാറ്റ്‌ഫോമുകള്‍ വഴി പുതിയ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു. മിനിമം ത്രൈമാസ കാലാവധിയില്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്ന സേവനം ഖിവ പ്ലാറ്റ്‌ഫോമും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഇ-പോര്‍ട്ടലും വഴി പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും പറഞ്ഞു.