റിയാദ് - ചെങ്കടലിലും ബാബൽമന്ദഖ് കടലിടുക്കിലും ചരക്കു കപ്പലുകൾക്കും എണ്ണ ടാങ്കറുകൾക്കും ഭീഷണി സൃഷ്ടിച്ച് ഹൂത്തികൾ പാകിയ 231 സമുദ്ര മൈനുകൾ തകർത്തതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയർ തുർക്കി അൽമാലികി പറഞ്ഞു. സഖ്യസേന നടത്തുന്ന വലിയ ശ്രമങ്ങൾ സ്വതന്ത്രമായ കപ്പൽ ഗതാഗതവും ആഗോള വ്യാപാരവും സാധ്യമാക്കാൻ സഹായിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ 11 സമുദ്ര മൈനുകൾ പാകിയ ഹൂത്തി മിലീഷ്യകൾ കപ്പലുകൾ ലക്ഷ്യമിട്ടുള്ള ആക്രമണ ശ്രമങ്ങൾ ശക്തമാക്കിയതായും സഖ്യസേനാ വക്താവ് പറഞ്ഞു.
ഹൂത്തികൾ നിയന്ത്രണം പിടിച്ചടക്കാൻ ശ്രമിക്കുന്ന മാരിബിൽ കൂടുതൽ സൈന്യം എത്തിയിട്ടുണ്ട്. അത്യാധുനിക ആയുധങ്ങളും സൈനിക ഉപകരണങ്ങളും നിരവധി സൈനികരെയുമാണ് മാരിബിലേക്ക് അയച്ചിരിക്കുന്നത്. മാരിബിൽ വ്യത്യസ്ത യുദ്ധമുന്നണികളിൽ ഇവരെ വിന്യസിക്കും. മാരിബിന്റെ നിയന്ത്രണം പിടിച്ചടക്കാൻ ഈ വർഷാദ്യം മുതൽ അതിരൂക്ഷമായ ആക്രമണങ്ങളാണ് ഹൂത്തികൾ നടത്തുന്നത്.