റിയാദ് - സന്‍ആയില്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ശക്തമായ ആക്രമണങ്ങള്‍ ആരംഭിച്ചതായി സഖ്യസേന പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ മുതലാണ് സന്‍ആയില്‍ സഖ്യസേന വീണ്ടും ആക്രമണങ്ങള്‍ ആരംഭിച്ചത്. ഡ്രോണ്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന രഹസ്യ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്നലെ പുലര്‍ച്ചെ ആക്രമണങ്ങള്‍ നടത്തിയത്. സന്‍ആയില്‍ നിര്‍മാണത്തിലുള്ള കെട്ടിടം ഡ്രോണ്‍ നിര്‍മാണത്തിനുള്ള രഹസ്യ കേന്ദ്രമായി ഹൂത്തികള്‍ ഉപയോഗിച്ചിരുന്നു.
ആക്രമണങ്ങളുടെ പാര്‍ശ്വഫലങ്ങളില്‍ നിന്ന് സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും അകറ്റിനിര്‍ത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സന്‍ആയില്‍ ആക്രമണങ്ങളിലൂടെ ലക്ഷ്യമിടുന്ന കേന്ദ്രങ്ങള്‍ക്കു സമീപത്തേക്ക് സാധാരണക്കാര്‍ പോവുകയോ അവിടങ്ങളില്‍ ഒത്തുകൂടുകയോ ചെയ്യരുത്. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചാണ് സന്‍ആയില്‍ ഹൂത്തി മിലീഷ്യകളുടെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്തുന്നതെന്നും സഖ്യസേന പറഞ്ഞു.
ചെങ്കടലിലും ബാബല്‍മന്ദഖ് കടലിടുക്കിലും ചരക്കു കപ്പലുകള്‍ക്കും എണ്ണ ടാങ്കറുകള്‍ക്കും ഭീഷണി സൃഷ്ടിച്ച് ഹൂത്തികള്‍ പാകിയ 231 സമുദ്ര മൈനുകള്‍ ഇതിനകം തകര്‍ത്തതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. സഖ്യസേന നടത്തുന്ന വലിയ ശ്രമങ്ങള്‍ സ്വതന്ത്രമായ കപ്പല്‍ ഗതാഗതവും ആഗോള വ്യാപാരവും സാധ്യമാക്കാന്‍ സഹായിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ 11 സമുദ്ര മൈനുകള്‍ പാകിയ ഹൂത്തി മിലീഷ്യകള്‍ കപ്പലുകള്‍ ലക്ഷ്യമിട്ടുള്ള ആക്രമണ ശ്രമങ്ങള്‍ ശക്തമാക്കിയതായും സഖ്യസേനാ വക്താവ് പറഞ്ഞു.
ചെങ്കടലില്‍ ഹൂത്തികള്‍ പാകിയ മൈന്‍ സൗദി നാവിക സൈനികന്‍ കടലില്‍ ഇറങ്ങി നിര്‍വീര്യമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സഖ്യസേന പുറത്തുവിട്ടു. ഏറെ സാഹസികമായി സൈനികന്‍ മൈന്‍ നിര്‍വീര്യമാക്കുന്നതിന്റെയും സഖ്യസേന മൈനുകള്‍ തകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പിന്നീട് അല്‍അറബിയ ചാനല്‍ സംപ്രേഷണം ചെയ്തു.
ഹൂത്തികള്‍ നിയന്ത്രണം പിടിച്ചടക്കാന്‍ ശ്രമിക്കുന്ന മാരിബില്‍ കൂടുതല്‍ സൈന്യം എത്തിയിട്ടുണ്ട്. അത്യാധുനിക ആയുധങ്ങളും സൈനിക ഉപകരണങ്ങളും നിരവധി സൈനികരെയുമാണ് മാരിബിലേക്ക് അയച്ചിരിക്കുന്നത്. മാരിബില്‍ വ്യത്യസ്ത യുദ്ധമുന്നണികളില്‍ ഇവരെ വിന്യസിക്കും. മാരിബിന്റെ നിയന്ത്രണം പിടിച്ചടക്കാന്‍ ഈ വര്‍ഷാദ്യം മുതല്‍ അതിരൂക്ഷമായ ആക്രമണങ്ങളാണ് ഹൂത്തികള്‍ നടത്തുന്നത്.