റിയാദ് - സെപ്റ്റംബർ മാസത്തിൽ സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി ഇരട്ടിയോളം വർധിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. സെപ്റ്റംബർ മാസത്തിൽ 6,940 കോടി റിയാലിന്റെ എണ്ണയാണ് കയറ്റി അയച്ചത്. 2020 സെപ്റ്റംബറിൽ ഇത് 3,510 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ എണ്ണ കയറ്റുമതിയിൽ 3,430 കോടി റിയാലിന്റെ വളർച്ച രേഖപ്പെടുത്തി. കൊറോണ വ്യാപനത്തിന്റെ ഫലമായി കഴിഞ്ഞ വർഷം എണ്ണ വില കൂപ്പുകുത്തിയിരുന്നു. എന്നാൽ ഈ വർഷം എണ്ണ വില ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. സെപ്റ്റംബറിൽ എണ്ണ കയറ്റുമതി 99 ശതമാനത്തോളം വർധിച്ചു.
സെപ്റ്റംബറിൽ സൗദി അറേബ്യയുടെ ആകെ കയറ്റുമതി 77.4 ശതമാനം തോതിൽ വർധിച്ചു. സെപ്റ്റംബറിൽ ആകെ 9,467 കോടി റിയാലിന്റെ ഉൽപന്നങ്ങളാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. 2020 സെപ്റ്റംബറിൽ ആകെ കയറ്റുമതി 5,340 കോടി റിയാലായിരുന്നു. സെപ്റ്റംബറിൽ ഇറക്കുമതി 9.2 ശതമാനം തോതിലും വർധിച്ചു. സെപ്റ്റംബറിൽ 4,584 കോടി റിയാലിന്റെ ഉൽപന്നങ്ങളാണ് വിദേശങ്ങളിൽ നിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇറക്കുമതി 4,200 കോടി റിയാലായിരുന്നു.
സെപ്റ്റംബറിൽ പെട്രോളിതര കയറ്റുമതി 38.2 ശതമാനം തോതിൽ വർധിച്ചു. സെപ്റ്റംബറിൽ 2,530 കോടിയോളം റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങളാണ് കയറ്റി അയച്ചത്. 2020 സെപ്റ്റംബറിൽ ഇത് 1,830 കോടി റിയാലായിരുന്നു. സെപ്റ്റംബറിൽ ആകെ വിദേശ വ്യാപാരം 14,051 കോടി റിയാലാണ്. സെപ്റ്റംബറിൽ വിദേശ വ്യാപാരത്തിൽ 4,882 കോടി റിയാലിന്റെ വാണിജ്യ മിച്ചം നേടി.
സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ ഉൽപന്നങ്ങൾ കയറ്റി അയച്ചത് ചൈനയിലേക്കാണ്. ചൈനയിലേക്ക് 1,590 കോടി റിയാലിന്റെ ഉൽപന്നങ്ങൾ കയറ്റി അയച്ചു. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലേക്ക് 980 കോടി റിയാലിന്റെയും മൂന്നാം സ്ഥാനത്തുള്ള ജപ്പാനിലേക്ക് 970 കോടി റിയാലിന്റെയും നാലാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയിലേക്ക് 790 കോടി റിയാലിന്റെയും അഞ്ചാം സ്ഥാനത്തുള്ള അമേരിക്കയിലേക്ക് 510 കോടി റിയാലിന്റെയും ഉൽപന്നങ്ങൾ കയറ്റി അയച്ചു.
സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തതും ചൈനയിൽ നിന്നാണ്. ചൈനയിൽ നിന്ന് 970 കോടി റിയാലിന്റെയും രണ്ടാം സ്ഥാനത്തുള്ള അമേരിക്കയിൽ നിന്ന് 410 കോടി റിയാലിന്റെയും മൂന്നാം സ്ഥാനത്തുള്ള യു.എ.ഇയിൽ നിന്ന് 310 കോടി റിയാലിന്റെയും നാലാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിന്ന് 300 കോടി റിയാലിന്റെയും അഞ്ചാം സ്ഥാനത്തുള്ള ജർമനിയിൽ നിന്ന് 210 കോടി റിയാലിന്റെയും ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തു.