തിരുവനന്തപുരം-പേരൂര്‍ക്കട ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. അനുപമയുടെ പരാതി ലഭിച്ചിട്ടും ദത്ത് നടപടികളുമായി മുന്നോട്ട് പോയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദത്ത് തടയാന്‍ സി.ഡബ്ല്യു.സി ഇടപെട്ടില്ലെന്നും വിവരം പോലീസില്‍ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അതേസമയം വകുപ്പുതല അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. അനുപമയുടെ കുഞ്ഞിനെ നിയമവിരുദ്ധമായി ദത്ത് നല്‍കിയ ശിശുക്ഷേമ സമിതിയിലും സി ഡബ്ല്യു സിയിലും പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ എന്തു നടപടിയെടുത്തെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചിരുന്നു. എല്ലാം പാര്‍ട്ടി മാത്രം അന്വേഷിച്ചാല്‍ പോര. ദൂരൂഹത നിറഞ്ഞ സാഹചര്യം എന്തുകൊണ്ടാണ് ഉണ്ടായതെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും ഇതേക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. മാധ്യമങ്ങള്‍ വിവാദമാക്കിയപ്പോള്‍ മാത്രമാണ് പ്രതികരിക്കാന്‍ തയാറായതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.നിര്‍ണായക ഡി.എന്‍.എ പരിശോധന ഫലത്തില്‍ കുഞ്ഞ് അനുപമയുടേതെന്ന് തെളിഞ്ഞിരുന്നു. അനുപമയുടെയും അജിത്തിന്റെയും സാമ്പിള്‍ കുഞ്ഞിന്റെ ഡി.എന്‍.എയുമായി യോജിച്ചു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയാണ് സാമ്പിളുകള്‍ പരിശോധിച്ചത്.