കോട്ടയം- പാലാ റോഡിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടു പേർ മരിച്ചു. ഏറ്റുമാനൂർ-പാലാ റോഡിൽ കിസ്മത്ത് പടിയിൽ ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെ നടന്ന അപകടത്തിൽ ഏറ്റുമാനൂർ വെട്ടിമുകൾ കമ്പിനിമലയിൽ വീട്ടിൽ അനിൽ (പൾസർ കണ്ണൻ-30), കണ്ണന്റെ അമ്മയുടെ സഹോദരി വെട്ടിമുകൾ കിഴതറയിൽ വീട്ടിൽ സിന്ധു (42) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കനത്ത മഴയിൽ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നു സംശയിക്കുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രണ്ടു പേരെയും ഇതുവഴി എത്തിയ വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിന്റെ മരണം സംഭവിച്ചിരുന്നു. അൽപ സമയത്തിനുള്ളിൽ സിന്ധുവും മരിച്ചു.
ഏറ്റുമാനൂർ ഭാഗത്തുനിന്നും ബൈക്കിൽ വീട്ടിലേക്കു പോകുകയായിരുന്നു കണ്ണനും, സിന്ധുവും. നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കിൽനിന്ന് താഴെ വീണ ഇരുവരുടെയും ദേഹത്തു കൂടി പിന്നാലെ വന്ന മത്സ്യ വാനിന്റെ ചക്രങ്ങൾ കയറി ഇറങ്ങി. കണ്ണന്റെ തലയിലൂടെയാണ് വാഹനം കയറിയത്്. ഏറ്റുമാനൂരിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മരിച്ച കണ്ണൻ.