പത്തനംതിട്ട- പ്ലസ് വൺ വിദ്യാർഥിനിയെ പ്രണയം നടിച്ച് വശീകരിച്ചു കൊണ്ടു പോയി ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതിയായ കടമ്പനാട് പോരുവഴി ഏഴാംമൈൽ പരുത്തി വിള വടക്കേ വീട്ടിൽ രഞ്ജിത്തിനെ (25) പത്തനംതിട്ട പ്രിൻസിപ്പൽ പോക്‌സോ കോടതി ആറു വർഷം തടവിനും 35,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. 2015 ൽ ബസ് കണ്ടക്ടർ ആയിരുന്ന പ്രതി പെൺകുട്ടിയെ ബസിൽ വെച്ച് പരിചയപ്പെട്ട ശേഷം പ്രണയാഭ്യർഥന നടത്തി പ്രലോഭിപ്പിച്ച് പ്രതിയുടെ സുഹൃത്തിന്റെ വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പ്രതി പെൺകുട്ടിയെ മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ എത്തിച്ചു. സംശയം തോന്നിയ സുഹൃത്തിന്റെ ഭാര്യ പ്രതിയേയും പെൺകുട്ടിയേയും അടൂർ പോലീസ് സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ പോലീസ് മാതാവിന്റെ സംരക്ഷണയിൽ വിടുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.