കാസർകോട്- ഭർത്താവ് വരുത്തിവച്ച കടബാധ്യത മൂലം വീട്ടമ്മ പ്രായപൂർത്തിയാകാത്ത രണ്ടു മക്കളുമായി നാടുവിട്ടു. മേൽപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്മനാട് ദേളിയിലെ കുന്നുപാറയിലെ അനിലിന്റെ ഭാര്യ രേഷ്മ (28) യാണ് മക്കളായ അക്ഷയ് (10), അമയ (ആറ്) എന്നിവരുമായി വീടുവിട്ടത്. കടബാധ്യതമൂലം നാട്ടിൽ നിൽക്കാനാവാത്തതിനാൽ നാടുവിടുകയാണെന്ന് കാണിച്ച് രേഷ്മ എഴുതിയ കത്ത് കണ്ടെത്തി. മകളെ കാണാനില്ലെന്ന് കാണിച്ച് രേഷ്മയുടെ മാതാവ് ഭാർഗവി പോലീസിൽ പരാതി നൽകി.
ദേളിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് പോയിരുന്ന മാതാവ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ യുവതിയെയും മക്കളെയും കാണാനില്ലായിരുന്നു. രേഷ്മ ഭർത്താവുമായി പിണങ്ങി നിൽക്കുകയാണെന്നും ഭർത്താവ് ഉണ്ടാക്കിയ കട ബാധ്യതയാണ് മകളെ വീടുവിടാൻ നിർബന്ധിതയാക്കിയതെന്നും മാതാവ് നൽകിയ പരാതിയിൽ പറഞ്ഞു. രേഷ്മ മറ്റാർക്കെങ്കിലുമൊപ്പം നാട്ടുവിട്ടതാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
അനിലുമായുള്ള വിവാഹ ബന്ധം ഒഴിയുന്നതിന് രേഷ്മ രണ്ടു വർഷം മുമ്പ് നൽകിയ ഹരജി കാസർകോട് കുടുംബ കോടതിയുടെ പരിഗണയിലാണ്.