കോഴിക്കോട്- വഖഫ് ബോർഡിലെ നിയമനം പി.എസ്.സിക്ക് വിട്ടതിൽ സർക്കാർ നിലപാട് തിരുത്തുന്നതുവരെ ശക്തമായ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്ന് കെ.പി.എ മജീദ് എം.എൽ.എ. മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി കോഴിക്കോട് വഖഫ് ബോർഡ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വഖഫ് ബോർഡ്, ദേവസ്വം ബോർഡ് നിയമനങ്ങളിൽ സർക്കാർ കാണിക്കുന്ന വിവേചനം ചൂണ്ടിക്കാണിക്കുമ്പോൾ വർഗീയവാദിയായി ചിത്രീകരിക്കുകയാണ്.
വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നത് സ്ഥാപനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനാണെന്ന് പറയുന്ന സർക്കാർ, നിലവിൽ ബോർഡിന് നൽകാനുള്ള കുടിശ്ശികയുടെ കാര്യത്തിൽ മൗനം തുടരുകയാണ്. വഖഫ് ബോർഡിൽ അടിയന്തരസ്വഭാവത്തോടെ ധൃതിപിടിച്ച് നിയമം കൊണ്ടുവന്നതിന്റെ ആവശ്യകത എന്താണെന്ന് സർക്കാർ വ്യക്തമാക്കണം. ഇതുവരെ എൽ.ഡി.എഫ് സർക്കാരിന് മുന്നിൽ വഖഫ് ബോർഡ് പ്രവർത്തനവുമായി ബന്ധപ്പെട്ട് യാതൊരു പരാതിയും വന്നിട്ടില്ല. നാമമാത്ര ഗ്രാന്റ് മാത്രമാണ് സർക്കാരിൽനിന്ന് ബോർഡിന് ലഭിക്കാറുള്ളത്. സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടും ലഭ്യമാകുന്നില്ല. ഹലാൽ ഭക്ഷണത്തിന്റെ പേരിൽ സംഘ്പരിവാർ അഴിച്ചുവിടുന്ന വർഗീയ പ്രചാരണത്തിനെതിരേ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും മജീദ് കൂട്ടിച്ചേർത്തു. ചടങ്ങിൽ വഖഫ്‌ബോർഡ് അംഗവും മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.സി മായിൻഹാജി മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല അധ്യക്ഷനായി. വഖ്ഫ് ബോർഡ് അംഗം അഡ്വ പി.വി സൈനുദ്ദീൻ, മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ റസാഖ്, ഓർഗ.സെക്രട്ടറി എൻ.സി അബൂബക്കർ, പി. ശാദുലി, എസ്.പി കുഞ്ഞമ്മദ്, കെ. മൊയ്തീൻകോയ, എം.എ മജീദ്, വി.പി ഇബ്രാഹിംകുട്ടി, സി.പി.എ അസീസ്, വി.കെ ഹുസൈൻകുട്ടി, വി.എം ഉമ്മർ, സി.വി.എം വാണിമേൽ, സൂപ്പി നരിക്കാട്ടേരി, ടി.കെ മുഹമ്മദ്, അഡ്വ. എസ്.വി ഉസ്മാൻകോയ, അഡ്വ. എ.വി അൻവർ, വി.എം സുരേഷ്ബാബു, സമദ് പൂക്കാട് സംസാരിച്ചു.