തിരുവനന്തപുരം- കുഞ്ഞിനെ അമ്മയുടെ അനുമതിയില്ലാതെ ദത്ത് നൽകിയ സംഭവത്തിൽ ഡി.എൻ.എപരിശോധന ഫലം പുറത്തുവന്നു. കുഞ്ഞ് അനുപമയുടേതാണ് എന്നാണ് ഡി.എൻ.എ ഫലം. കുഞ്ഞിനെ ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അനുപമ പറഞ്ഞു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലായിരുന്നു പരിശോധന.
കഴിഞ്ഞ ദിവസം രാത്രി ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ അനുമതിയിൽ പാളയത്തുളള നിർമല ശിശു ഭവനിലാക്കിയിരുന്നു കുഞ്ഞ്. ഇവിടെവച്ച് വിശദമായ ആരോഗ്യപരിശോധനയ്ക്ക് ശേഷം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി അധികൃതർ നിർമല ശിശുഭവനിലെത്തി ഡി.എൻഎ സാമ്പിൾ എടുക്കുകയായിരുന്നു. അനുപമയുടെയും അജിത്തിന്റെയും രക്തസാമ്പിളുകൾ ഉച്ചയ്ക്ക് ശേഷമാണ് ശേഖരിച്ചത്.