തിരുവനന്തപുരം- കോവളം ലൈറ്റ് ഹൗസ് ബീച്ചിനു സമീപത്തെ സ്വകാര്യ ഹോട്ടലിലെ കിടപ്പുമുറിയില്‍ അമേരിക്കക്കാരനെ അവശനിലയില്‍ കണ്ടെത്തി. കോവളം പോലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് വിദേശിയുടെ ദുരവസ്ഥ പുറത്തറിഞ്ഞത്.
പുഴുവരിക്കുന്ന നിലയില്‍ കണ്ടെത്തിയ ഇര്‍വിന്‍ ഫോക്‌സിനെ(77) വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്‍കി. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. ദേഹമാസകലം ഉറുമ്പ് കടിച്ചുണ്ടായ മുറിവുകള്‍ പഴുത്ത് പുഴുക്കള്‍ പുറത്തുവരുന്ന നിലയിലായിരുന്നു. സ്ഥലത്തെത്തിയ കോവളം ജനമൈത്രി പോലീസാണ് വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രം അധികൃതരെ വിവരമറിയിച്ചത്.
നാലുമാസമായി സ്വകാര്യ ഹോട്ടലിലെ മുറിക്കുള്ളില്‍ മതിയായ ഭക്ഷണമോ, കുടിവെള്ളമോ ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. വിദേശി ഹോട്ടല്‍മുറിയില്‍ ഒറ്റയ്ക്കുതാമസിക്കുന്ന വിവരം ഹോട്ടലുടമ പോലീസിനെയോ എഫ്.ആര്‍.ആര്‍.ഒ.യോ അറിയിച്ചിട്ടില്ലെന്നാണ് സൂചന.