റിയാദ് - ഈ വർഷം ജനുവരി ഒന്നിന് മുമ്പായി ഇഖാമ പുതുക്കിയവർക്ക് ഈ വർഷത്തിൽ അവശേഷിക്കുന്ന കാലത്തേക്കുള്ള പുതിയ നിരക്കിലുള്ള ലെവി വിവിധ സ്ഥാപനങ്ങൾ അടച്ചു തുടങ്ങി. ആറ് മാസത്തിനുള്ളിൽ അടക്കണമെന്നതാണ് കമ്പനികൾക്ക് തൊഴിൽമന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. ഭീമമായ സംഖ്യയുള്ളതിനാൽ പല കമ്പനികളും ഗഡുക്കളായാണ് ഈ അധിക ലെവി അടക്കുന്നത്. ലെവി നിശ്ചിത സമയത്തിനുള്ളിൽ അടച്ചിട്ടില്ലെങ്കിൽ സ്ഥാപനങ്ങളുടെ ലേബർ മന്ത്രാലയ സേവനങ്ങൾ മരവിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അതേസമയം സൗദി അറേബ്യയിൽ വിദേശികൾ പുതിയ വിസയിലെത്തിയത് മുതലുള്ള ലെവി അടക്കേണ്ടതുണ്ടെന്നും അത് സംബന്ധിച്ച് സ്‌പോൺസർമാർക്ക് നിർദേശം ലഭിച്ചിട്ടുണ്ടെന്നും വാട്‌സ് ആപ്പിൽ പ്രചരിക്കുന്ന വാർത്തക്ക് സ്ഥിരീകരണമില്ല. അത്തരം ഒരു നിർദേശം ഇതുവരെ മന്ത്രാലയത്തിൽ നിന്ന് ലഭിച്ചിട്ടില്ല. 2017 ൽ ഇഖാമ പുതുക്കിയവരുടെ ഇഖാമ കാലാവധി 2018 ലാണ് അവസാനിക്കുന്നതെങ്കിൽ 2018 ജനുവരി മുതലാരംഭിച്ച ലെവിയാണ് ഇപ്പോൾ സ്‌പോൺസർമാർക്ക് വന്നുകൊണ്ടിരിക്കുന്നത്. സ്വദേശികളേക്കാൾ അധികമുള്ള വിദേശികൾക്ക് പ്രതിദിനം 13.3 റിയാലും അതായത് പ്രതിമാസം 400 റിയാലും കുറവുള്ള വിദേശികൾക്ക് 10 റിയാൽ അതായത് 300 റിയാലും കണക്കാക്കിയാണ് ലെവി അടക്കേണ്ടത്.