കൊച്ചി- പ്രതിപക്ഷനേതാവ് വി.ഡി സതീശനെ സമുഹമാധ്യമങ്ങളിലൂടെ നിരന്തരം അവഹേളിച്ചെന്ന പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
സതീശന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസും മുന്‍ നഗരസഭ ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ് പറവൂര്‍ പോലീസിലും നല്‍കിയ പരാതിയിലുമാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്.
വടക്കേക്കര സ്വദേശി പി എസ് രാജേന്ദ്രപ്രസാദ്,ചിറ്റാറ്റുകര സ്വദേശി ഇ എം നായ്ബ് എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പറവൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
ഇരുവരും ചേര്‍ന്ന് സ്ത്രീയെ പ്രേരിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും വ്യാജമായി വീഡിയോ നിര്‍മിച്ച് വ്യാപകമായി പ്രചരിപ്പിച്ചതായി പോലീസിന്റെ എഫ് ഐ ആറില്‍ പറയുന്നു. ഇവര്‍ ഇതിന് മുമ്പും വി ഡി സതീശനെതിരെ സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യ നടത്തിയിട്ടുണ്ട്.
മുനമ്പം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് അന്വേഷണ ചുമതല. വീഡിയോ സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചവരെ കുറിച്ചും ഷെയര്‍ ചെയ്തവരെക്കുറിച്ചും സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ എസ് ബിനോജിനാണ് അന്വേഷണ ചുമതല.