Sorry, you need to enable JavaScript to visit this website.

മാളുകളിലും സൗദിവത്കരണം; മലയാളികളെ കാത്തിരിക്കുന്നത് മറ്റൊരു തൊഴിൽനഷ്ടം

ജിദ്ദ - സൗദിയിലെ മുഴുവൻ ഷോപ്പിംഗ് മാളുകളിലും സൗദിവത്കരണം നടപ്പാകുമ്പോൾ ജോലി നഷ്ടമാകുന്നത് ആയിരകണക്കിന് മലയാളികൾക്ക്. ഷോപ്പിംഗ് മാളുകളിൽ സൗദിവത്കരണം ശക്തമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് അധികൃതർ ആവർത്തിച്ചു. സൗദിവത്കരണം ഊർജിതമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനും മാൾ ഉടമകളുമായി പ്രത്യേകം കൂടിക്കാഴ്ച്ച നടത്താനും ജിദ്ദ ഗവണർ മിശ്അൽ ബിൻ മാജിദ് രാജകുമാരൻ അധ്യക്ഷത വഹിച്ച സൗദിവത്കരണ കമ്മിറ്റി യോഗം തീരുമാനിച്ചു. കൂടുതൽ സൗദി യുവതീ യുവാക്കൾക്ക് ജോലി നൽകുന്നതിനും ബിനാമി ബിസിനസ് പ്രവണത ശക്തമായി ചെറുക്കണമെന്നും ജിദ്ദ ഗവണർ മിശ്അൽ ബിൻ മാജിദ് രാജകുമാരൻ ജിദ്ദ സൗദിവൽക്കരണ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.

തൊഴിൽ വിപണിയിൽ സൗദികളുടെ പങ്കാളിത്തം ഉയർത്താൻ ശക്തമായ നടപടികൾ വേണമെന്നാണ് ഗവർണർ നിർദേശിച്ചത്. ബിനാമി ബിസിനസുകൾ നടത്തുന്നവരെ കണ്ടെത്തി ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കണം. സൗദി യുവതീയുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിന് മാൾ ഉടമകളെ പ്രേരിപ്പിക്കാനും യോഗം തീരുമാനിച്ചു. ഷോപ്പിംഗ് മാളുകളിലെ വ്യാപാര സ്ഥാപനങ്ങളിൽ തൊഴിൽ ആഗ്രഹിക്കുന്ന സൗദി യുവതീയുവാക്കളെ സ്വീകരിക്കുന്നതിന് ജിദ്ദയിലെ പ്രധാന ഷോപ്പിംഗ് മാളുകളിൽ സൗദിവൽക്കരണ കമ്മിറ്റി ഓഫീസുകൾ തുറക്കും. ജിദ്ദയിൽ മാളുകളിൽ സൗദിവൽക്കരണം ഊർജിതമാക്കുന്നതിനും സൗദികൾക്കു മാത്രമായി പരിമിതപ്പെടുത്തുന്ന തൊഴിലുകൾ വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് ലേബർ ഓഫീസ് മേൽനോട്ടം വഹിക്കും. വിദേശികൾക്കു പകരം നിയമിക്കുന്നതിന് സൗദി യുവാക്കൾക്ക് പരിശീലന പദ്ധതികൾ നടപ്പാക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.

സൗദിവത്കരണം മാളുകളിൽ ശക്തമായി നടപ്പാക്കുന്നതിലൂടെ നിരവധി മലയാളികൾക്ക് ജോലി നഷ്ടമാകുമെന്നുറപ്പാണ്. 
അതിനിടെ, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിന് തീരുമാനിച്ച 12 മേഖലകളിൽ സൗദി യുവതീയുവാക്കൾക്ക് പരിശീലന പദ്ധതികൾ നടപ്പാക്കുന്നതിന് റിയാദ് ചേംബർ ഓഫ് കൊമേഴ്‌സിന് നീക്കം തുടങ്ങി. സൗദിവൽക്കരിക്കുന്നതിന് തീരുമാനിച്ച മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി സൗദി കമ്പനികളുമായി പങ്കാളിത്തം സ്ഥാപിച്ചാണ് പരിശീലന പദ്ധതികൾ നടപ്പാക്കുകയെന്ന് റിയാദ് ചേംബർ ഓഫ് കൊമേഴ്‌സ് വൈസ് പ്രസിഡന്റും ചേംബറിനു കീഴിലെ മാനവശേഷി, തൊഴിൽ വിപണി കമ്മിറ്റി പ്രസിഡന്റുമായ മൻസൂർ അൽശത്‌രി പറഞ്ഞു. 
മൂന്നു ഘട്ടമായി പുതുതായി പന്ത്രണ്ടു മേഖലകളിൽ കൂടി സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ എന്നിവിടങ്ങളിൽ സെപ്റ്റംബർ 11 മുതൽ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കൽ നിർബന്ധമാണ്. വാച്ച് കടകൾ, കണ്ണട കടകൾ, ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ നവംബർ ഒമ്പതു മുതലാണ് നിർബന്ധിത സൗദിവൽക്കരണം നിലവിൽവരിക. മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപെറ്റ് കടകൾ, ചോക്കലേറ്റ്-പലഹാര കടകൾ എന്നീ സ്ഥാപനങ്ങളിൽ 2019 ജനുവരി ഏഴു മുതൽ വിദേശികൾ ജോലി ചെയ്യുന്നതിന് പൂർണ വിലക്കുണ്ടാകും. 

മൊബൈൽ ഫോൺ വിൽപന, റിപ്പയർ കടകൾ, ജ്വല്ലറി അടക്കം ഏതാനും മേഖലകളിൽ അടുത്ത കാലത്ത് സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കിയിട്ടുണ്ട്. മാർച്ച് 18 മുതൽ റെന്റ് എ കാർ സ്ഥാപനങ്ങളും സമ്പൂർണ സൗദിവൽക്കരണത്തിന്റെ പരിധിയിൽവരും. ഷോപ്പിംഗ് മാൾ സൗദിവൽക്കരണ പദ്ധതിക്ക് അൽഖസീം പ്രവിശ്യയിൽ തുടക്കമിട്ടിട്ടുണ്ട്. വൈകാതെ മറ്റു പ്രവിശ്യകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
 

Latest News