Sorry, you need to enable JavaScript to visit this website.

വിജിലന്‍സ് ചോദ്യം ചെയ്തിട്ടില്ലെന്ന് കെ.പി.എ. മജീദ്; നടത്തിയത് സൗഹൃദ സന്ദര്‍ശനം

കോഴിക്കോട്- ഒരു കേസുമായും ബന്ധപ്പെട്ടല്ല കോഴിക്കോട് പോലീസ് ക്ലബില്‍ എത്തിയതെന്നും സ്‌നേഹബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പിയെ കാണാനെത്തിയതാണെന്നും മുസ്ലിം ലീഗ് നേതാവും എം.എല്‍.എയുമായ കെ.പി.എ. മജീദ്.

കെ.എം. ഷാജി പ്രതിയായ പ്‌ളസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് കെ.പി.എ മജീദിനെ വിജിലന്‍സ് സംഘം ചോദ്യം ചെയ്തുവെന്ന വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മുൻ അഴീക്കോട് എം.എൽ.എയും ലീഗ് നേതാവുമായ കെ.എം.ഷാജിയുമായി ബന്ധപ്പെട്ട കോഴക്കേസ് അന്വേഷണത്തിലാണ് വിജിലൻസ് സംഘം  മജീദിൻ്റെ മൊഴിയെടുത്തതെന്ന് റിപ്പോർട്ടുകളില്‍ പറയുന്നു. കോഴിക്കോട് പോലീസ് ക്ലബ്ബിൽ വെച്ചാണ് അന്വേഷണ ഉദ്യോഗസ്ഥൻ വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്. കോഴയുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് സംസ്ഥാന നേതൃത്വത്തെ പരാതിയിൽ പരാമർശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
കെ.എം.ഷാജി, അഴീക്കോട് എം.എൽ.എയായിരിക്കെ അഴീക്കോട് ഹയർ സെക്കൻ്ററി സ്കൂളിൽ പ്ലസ്ടു സീറ്റ് അനുവദിക്കുന്നതിനായി കെ.എം.ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്. ഈ കേസിൽ വിജിലൻസ് സംഘം, തെളിവുകൾ ശേഖരിക്കുകയും കെ.എം.ഷാജിയെ ചോദ്യം ചെയ്യുകയും ചെയ്തതിന് പിന്നാലെ ലഭിച്ച പരാതിയിൽ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ഷാജിയിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു.
 
അന്വേഷണത്തിൻ്റെ ഭാഗമായി വിജിലൻസ് സംഘം, ഷാജിയുടെ കണ്ണൂർ ചാലാട്ടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 9ലക്ഷത്തോളം രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു. അഴീക്കോട് തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി ലഭിച്ച തുകയായിരുന്നു ഇതെന്നായിരുന്നു ഷാജിയുടെ വിശദീകരണം. ചാലാട്ടെയും, കോഴിക്കോട്ടെയും വീടുകൾ റെയ്ഡ് നടത്തുകയും ഇതിൻ്റെ വിസ്തീർണവും വിലയും കണക്കാക്കുകയും ചെയ്തിരുന്നു. 
 
വയനാട്ടിൽ ഇഞ്ചി കൃഷി നടത്തിയതിൽ നിന്ന് ലഭിച്ച വരുമാനമാണ് വീടു നിർമ്മാണത്തിൻ്റെ മൂലധനമെന്നാണ് ഷാജി വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇതിൻ്റെ കൃത്യമായ കണക്കുകൾ വെളിപ്പെടുത്താൻ സാധിച്ചിരുന്നില്ല. 
അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ട്രറ്റിൻ്റെ അന്വേഷണവും പുരോഗമിക്കുകയാണ്.
പ്ലസ് ടു അനുവദിക്കുന്നതിന് സ്കൂൾ മാനേജ്മെൻറിൽ നിന്ന് ലഭിച്ച പണം മുസ് ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് നൽകിയെന്ന് ഷാജി തന്നോട് പറഞ്ഞിരുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ട് ആദ്യമായി പരാതി ഉന്നയിച്ച നൗഷാദ് വിജിലൻസിന് മൊഴി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ലീഗ് ജന. സെക്രട്ടറി കെ.പി.എ മജീദിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തത്

 

Latest News