തിരുവനന്തപുരം- അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന പരാതിയിൽ കുഞ്ഞിനെ തലസ്ഥാനത്ത് എത്തിച്ചു. ഹൈദരാബാദ്-തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിലാണ് ഇന്ന് 8.40ന് കുഞ്ഞുമായി പ്രത്യേക സംഘം എത്തിയത്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥരും ശിശുക്ഷേമ സമിതിയുടെ സോഷ്യൽ വർക്കറുമടങ്ങുന്ന സംഘമാണ് ആന്ധ്രാപ്രദേശിലെത്തി ദമ്പതികളിൽനിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. അവിടെ നടപടികൾ പൂർത്തീകരിച്ചാണ് കുഞ്ഞിനെ ഇവിടേക്ക് കൊണ്ടുവന്നത്.
തിരുവനന്തപുരത്ത് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ മേൽനോട്ടത്തിലുള്ള സുരക്ഷിത കേന്ദ്രത്തിലാണ് കുഞ്ഞ് ഇപ്പോഴുള്ളത്. കുഞ്ഞ്, അനുപമ, അജിത്കുമാർ എന്നിവരെ ഉടൻ ഡി.എൻ.എ പരിശോധനയ്ക്ക് വിധേയരാക്കും. ഫലം ലഭിക്കാൻ ഒരാഴ്ചയോളമെടുക്കും. ഡി.എൻ.എ പരിശോധനയ്ക്ക് ശേഷം കേസ് നടപടികൾ തീരും വരെ നോക്കാനും സംരക്ഷിക്കാനും കഴിയുന്ന ഒരാളെ കണ്ടെത്തി കുട്ടിയെ കൈമാറും.
ആന്ധ്രയിലെ ജില്ലാ കേന്ദ്രത്തിലെ ശിശുക്ഷേമ സമിതി ഓഫീസിൽ വച്ചാണ് കുഞ്ഞിനെ ദത്തെടുത്ത ആന്ധ്ര സ്വദേശികളായ ദമ്പതികളിൽനിന്ന് ഏറ്റുവാങ്ങിയത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കേരളത്തിൽ നിന്നുള്ള സംഘം ആന്ധ്രയിലെ ജില്ലാ കേന്ദ്രത്തിലെത്തിയത്. കുഞ്ഞിനെ ദത്തെടുത്ത ദമ്പതികളും ജില്ലാ കേന്ദ്രത്തിലെത്തുകയായിരുന്നു. ഒന്നര മണിക്കൂറോളം ഇവരോട് സംസാരിച്ച ശേഷമാണ് ആന്ധ്രയിലെ ദമ്പതികളിൽ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങിയത്.
ഈമാസം 18നാണ് കുഞ്ഞിനെ അഞ്ചു ദിവസത്തിനകം നാട്ടിലെത്തിക്കണമെന്ന് ജില്ലാ ചൈൽഡ് വെൽഫയർ കമ്മറ്റി ശിശുക്ഷേമ സമിതിക്ക് നിർദേശം നൽകിയത്. പ്രാദേശിക ഇടത്‌നേതാക്കളെ പ്രതിക്കൂട്ടിലാക്കിയ സംഭവത്തിൽ കുഞ്ഞിനായി അനുപമയും പങ്കാളി അജിത്തും നിരന്തരം നടത്തിയ സമരങ്ങൾക്കും നിയമനടപടികൾക്കും ഒടുവിലാണ് കുഞ്ഞ് നാട്ടിലെത്തിയത്.
ദത്ത് വിഷയത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെതിരേ ക്രിമിനൽ കേസെടുക്കണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയയ്ക്കുമെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു. ശിശുക്ഷേമ സമിതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് ക്രൂരതയാണ്. ഷിജു ഖാനെതിരെ എന്തുകൊണ്ട് ക്രമിനൽ കേസെടുക്കുന്നില്ലെന്നും അനുപമ ചോദിച്ചു.