പാലക്കാട്- ഹലാൽ ഭക്ഷണ വിവാദവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് പിൻവലിക്കുന്നതായി ബി.ജെ.പി വക്താവ് സന്ദീപ് വാര്യർ.
കോഴിക്കോട്ടെ പ്രമുഖ റസ്റ്റോറൻറായ പാരഗണിനെതിരെ മത മൗലികവാദികൾ നടത്തുന്ന സംഘടിത സാമൂഹിക മാധ്യമ അക്രമണം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വ്യക്തിപരമായ പ്രതികരണം പങ്കുവെച്ചതെന്നും എന്നാൽ തന്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാതെ മാധ്യമങ്ങൾ അത് പാർട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീർക്കുകയും പ്രവർത്തകർ തെറ്റിദ്ധരിക്കാനിടയാവുകയും ചെയ്തിട്ടുണ്ടെന്നും അതിനാൽ പോസ്റ്റ് പിൻവലിക്കുകയാണെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
ആയിരത്തറനൂറ് തൊഴിലാളികളുള്ള ആ ഹോട്ടൽ ശൃംഖല കെട്ടിപ്പടുക്കാൻ പാരഗണിന്റെ ഉടമസ്ഥൻ സുമേഷ് ഗോവിന്ദ് എത്ര കഷ്ടപ്പെട്ടിരിക്കും എന്ന ചിന്തയിൽ നിന്നാണ് ആ പോസ്റ്റ് ഇട്ടതെന്നും പാർട്ടി നിലപാട് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രഖ്യാപിച്ച സ്ഥിതിക്ക് അച്ചടക്കമുളള പാർട്ടി പ്രവർത്തകനായ ഞാൻ വ്യക്തിപരമായി ഇട്ട പോസ്റ്റ് പിൻവലിക്കുകയാണെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
സന്ദീപ് ഇന്നലെ പങ്കുവെച്ച പോസ്റ്റ്:
ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ലെന്നും ഇക്കാര്യം എല്ലാവരും മനസ്സിലാക്കിയാൽ നല്ലതാണ്. മുസൽമാന്റെ സ്ഥാപനത്തിൽ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തിൽ മുസൽമാനും ജോലി ചെയ്യുന്നുണ്ട്.
അവന്റെ സ്ഥാപനങ്ങൾ തകർക്കാൻ നിങ്ങൾക്കൊരു നിമിഷത്തെ സോഷ്യൽ മീഡിയ പോസ്റ്റ് മതിയാകും. എന്നാൽ ഒരു സ്ഥാപനം തകർന്നാൽ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാവും. ആ സ്ഥാപനത്തിലെ ഉപഭോക്താക്കളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഓട്ടോറിക്ഷക്കാരൻ, അവിടേക്ക് പച്ചക്കറി നൽകിയിരുന്ന വ്യാപാരി, പാൽ വിറ്റിരുന്ന ക്ഷീരകർഷകൻ, പത്ര വിതരണം നടത്തിയിരുന്ന ഏജന്റ് ... ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോ?. അല്ല ... അവരിൽ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാം.
ഓരോ സ്ഥാപനവും കെട്ടിപ്പടുത്തതിന് പിന്നിൽ എത്ര കാലത്തെ അധ്വാനവും പ്രയത്‌നവും ഉണ്ടാവും ? ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റിൽ തകരുന്നത് ഒരു മനുഷ്യായുസ്സിന്റെ പ്രയത്‌നമാകാം. ഒരു ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതെല്ലാവരും ഓർക്കണം. ഓർത്താൽ നല്ലത്. ഇന്ത്യൻ സൈനികർക്ക് സൗജന്യ ഭക്ഷണം നൽകുന്ന ചെറുതുരുത്തിയിലെ അബ്ദുൽ സലാമിക്കയുടെ ഹോട്ടൽ കഫെ മക്കാനി ഇതേ പേജിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയ എനിക്ക് ഇങ്ങനെയെ പറയാനാവൂ. വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടത്.
അതേസമയം സന്ദീപ് വാര്യരുടെ പോസ്റ്റിനെതിരെ സംഘ്പരിവാർ നേതാവ് ടി.ജി മോഹൻദാസ് അടക്കമുള്ളവർ രംഗത്തെത്തി.
മോഹൻദാസിന്റെ പോസ്റ്റ്:
കേരളത്തിൽ ആരെങ്കിലും ആർക്കെങ്കിലും എതിരെ സാമ്പത്തിക ഉപരോധം തുടങ്ങിയിട്ടുണ്ടോ? എന്റെ അറിവിൽ ഇല്ല. പക്ഷേ ആരോ തുപ്പിയ ഭക്ഷണം എനിക്ക് വിളമ്പും എന്ന് സംശയമുളള ഹോട്ടലിൽ നിന്ന് ഞാൻ ഭക്ഷണം കഴിക്കില്ല. ഈ സംശയം ആരും തീർക്കുന്നുമില്ല. എന്നുവെച്ച് ഞാൻ ആരേയും ഉപരോധിക്കാനോ വഴക്കിനോ ഇല്ല.
പക്ഷേ ഓണക്കിറ്റിൽ ഒളിപ്പിച്ച് മൊത്തം ജനതയെ ഹലാൽ പപ്പടം തീറ്റിച്ചത് മഹാ മോശമായിപ്പോയി. ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ചത് മഹാ പാപമായിപ്പോയി. അമുസ്ലീമായി ജനിച്ചു പോയി എന്ന ഒരു കുറ്റം ഞാൻ ചെയ്തിട്ടുണ്ട്. അതിനുള്ള ശിക്ഷ തുപ്പിയ ഭക്ഷണം കഴിപ്പിക്കുക എന്നതാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല
ഏതായാലും ആ ശിക്ഷ അനുഭവിക്കാൻ ഞാൻ തയ്യാറല്ല. പക്ഷേ ഒരു കാര്യം നിങ്ങൾക്ക് ചെയ്യാം. എന്നെപ്പോലുള്ളവരെ പിടിച്ചു ജയിലിലിട്ട് ബലം പ്രയോഗിച്ച് ഹലാൽ ഭക്ഷണം തീറ്റിക്കാം. പണ്ട് ആൻഡമാൻ ജയിലിൽ ചെയ്ത പോലെ ഏത് വിസർജ്യവും തീറ്റിക്കാം. ആ മാർഗം നോക്കിക്കൊള്ളുക
അല്ലാതെ മുസ്ലീമിന്റെ ഹോട്ടലിൽ ഹിന്ദു കുശിനിപ്പണി ചെയ്യുന്നുണ്ട്; കൃസ്ത്യാനി പൊറോട്ട അടിക്കുന്നുണ്ട്; അവരുടെ ജോലി പോകും എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കരുത്. പകരം എന്റെ ഭക്ഷണത്തിൽ തുപ്പുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കണം. തുപ്പുന്നില്ല ഊതുന്നേയുള്ളൂ എന്നും കേൾക്കുന്നു!
ഓതിയതോ ഊതിയതോ ആയ ഭക്ഷണം ആരും ആരെയും സൂത്രത്തിൽ കഴിപ്പിക്കരുത്. അങ്ങനെ ചെയ്താൽ സമുദായങ്ങൾ തമ്മിലുള്ള TRUST നശിക്കും. അതിലും നല്ലത് തുറന്നു പറയുകയാണ്. ആവശ്യക്കാർ കഴിച്ചോളും. അല്ലാത്തവർ കഴിക്കില്ല. പിൻവാതിലിലൂടെ ആരും മതം കടത്താൻ നോക്കരുത്.
അങ്ങനെ ചെയ്യുന്നവരെ വളഞ്ഞു പുളഞ്ഞു ന്യായീകരിക്കുന്നത് ഭക്ഷണത്തിൽ തുപ്പുന്നതിനേക്കാൾ മോശം പ്രവൃത്തിയാണ്. സമൂഹം നിലനിൽക്കുന്നത് പരസ്പര വിശ്വാസത്തിന്റെ (TRUST) പുറത്താണ്.
ഇറച്ചി ഹലാലാക്കുന്നത് എങ്ങനെ എന്ന് ഏകദേശം എല്ലാവർക്കും അറിയാം. പക്ഷേ ചോറും സാമ്പാറും അവിയലും പപ്പടവും ശർക്കരയുമൊക്കെ ഹലാലാക്കുന്നത് എങ്ങനെയാണ്? തുപ്പിയോ തുമ്മിയോ അതോ മൂക്ക് ചീറ്റിയോ? ഇത് അറിയാൻ ഭക്ഷണം കഴിക്കുന്ന ആളിന് അവകാശമില്ലേ? ഈ ചോദ്യം ചോദിച്ചാൽ അത് ഉപരോധമോ അപരാധമോ ആകുമോ? തരുന്നത് മിണ്ടാതെ തിന്നോളണം എന്ന അവസ്ഥയാണോ കേരളത്തിൽ?