Sorry, you need to enable JavaScript to visit this website.

ഹലാല്‍ വിവാദം: സന്ദീപ് വാര്യര്‍ക്ക് മറുപടി പറയാതെ കെ.സുരേന്ദ്രന്‍, ഹലാല്‍ ബോര്‍ഡ് നിഷ്‌കളങ്കമല്ല

കോഴിക്കോട്- ഹലാല്‍ വിവാദത്തില്‍ ബി.ജെ.പി നിലപാട് തള്ളിയ പാര്‍ട്ടി വക്താവ് സന്ദീപ് വാര്യരുടെ പ്രസ്താവനയില്‍ പ്രതികരിക്കാതെ പാര്‍ട്ടി  സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.
സന്ദീപ് വാര്യരുടെ നിലപാടിന് മറുപടി പറയാനില്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  
കേരളത്തില്‍ ഹലാല്‍ ബോര്‍ഡുകള്‍ ഉയരുന്നതിന് പിന്നില്‍ നിഷ്‌ക്കളങ്കതയല്ലെന്നും  പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഹലാല്‍ സംസ്‌കാരത്തിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയും സംഘ്പരിവാറും മുന്നോട്ടുവെക്കുന്ന ഹലാല്‍ ഹോട്ടല്‍ ബഹിഷ്‌കരണത്തെ പൂര്‍ണമായും തള്ളിയായിരുന്നു ബി.ജെ.പി വക്താവ് കൂടിയായ സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.
 ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ലെന്ന്  എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലത്. മുസല്‍മാന്റെ സ്ഥാപനത്തില്‍ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തില്‍ മുസല്‍മാനും ജോലി ചെയ്യുന്നുണ്ട്. അവന്റെ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നിങ്ങള്‍ക്കൊരു നിമിഷത്തെ സോഷ്യല്‍ മീഡിയ പോസ്റ്റ് മതിയാകും. എന്നാല്‍ ഒരു സ്ഥാപനം തകര്‍ന്നാല്‍ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലുംപ്പെട്ട മനുഷ്യരാവുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

വ്യക്തിപരമായ ഒരു നിരീക്ഷമാണിതെന്ന് വാദത്തോടെയാണ് സന്ദീപ് പോസ്റ്റ് തുടങ്ങുന്നത്. ഓരോ സ്ഥാപനവും കെട്ടിപ്പടുത്തതിന് പിന്നില്‍ എത്ര കാലത്തെ അധ്വാനവും പ്രയത്‌നവും ഉണ്ടാവും? ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റില്‍ തകരുന്നത് ഒരു മനുഷ്യായുസ്സിന്റെ പ്രയത്‌നമാകാമെന്നും അദ്ദേഹം പറയുന്നു.

 

Latest News