കണ്ണൂര്‍- രജിസ്‌റ്റേര്‍ഡ് കത്ത് പൊട്ടിച്ചുവായിച്ച പോസ്റ്റുമാനും സൂപ്രണ്ടിനും ഒരു ലക്ഷം രൂപ പിഴ വിധിച്ചു. ചിറയ്ക്കല്‍ പോസ്റ്റ് ഓഫീസിലെ മുന്‍ പോസ്റ്റുമാന്‍ എം.വേണുഗോപാല്‍, മുന്‍ പോസ്റ്റല്‍ സൂപ്രണ്ട് കെ.ജി.ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് അര ലക്ഷം രൂപാ വീതം പിഴ ശിക്ഷ ലഭിച്ചത്.
ചിറയ്ക്കല്‍ പുതിയ തെരുവ് കൊല്ലറത്തിക്കല്‍ പുതിയപുരയില്‍ ഹംസക്കുട്ടി എന്ന ആള്‍ക്ക് 2008 ജൂണ്‍ 30 നു ആര്‍ട്ടിസ്റ്റ് ശശികല ഒരു രജിസ്‌റ്റേര്‍ഡ് കത്ത് അയച്ചു. എന്നാല്‍ അപ്പോഴത്തെ പോസ്റ്റുമാനായ വേണുഗോപാല്‍ കത്ത് പൊട്ടിച്ചുവായിച്ച് അതിലെ ഉള്ളടക്കം ഹംസക്കുട്ടിയെ അറിയിച്ചു. പിന്നീട് കത്ത് പൂര്‍വസ്ഥിതിയിലാക്കി മേല്‍വിലാസക്കാരനെ കണ്ടെത്തിയില്ല എന്ന് അറിയിച്ചു കത്ത് ശശികലയ്ക്ക് തിരിച്ചയച്ചു. പോസ്റ്റല്‍ സൂപ്രണ്ട് കെ.ജി.ബാലകൃഷ്ണന്‍ ഇതിനു കൂട്ടുനില്‍ക്കുകയും ചെയ്തു. തനിക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞു ഹംസക്കുട്ടി അഡ്വാന്‍സ് വാങ്ങിയെങ്കിലും വീടോ പണമോ തിരികെ കൊടുത്തില്ല എന്ന കാരണത്താലാണ് ശശികല ഹംസക്കുട്ടിക്ക് രജിസ്‌റ്റേര്‍ഡ് കത്ത് അയച്ചത്. കത്തിലെ ഉള്ളടക്കം പോസ്റ്റ്മാനെ സ്വാധീനിച്ചു മനസിലാക്കിയ ശേഷം ഹംസക്കുട്ടി വീടും സ്ഥലവും മറ്റൊരാള്‍ക്ക് മറിച്ചു വിറ്റു.
ഇതിനാല്‍ തനിക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കി എന്ന് കാണിച്ചു ശശികല കണ്ണൂര്‍ ഉപഭോക്തൃ കമ്മീഷന് പരാതി നല്‍കി. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു പരാതി തള്ളി. തുടര്‍ന്ന് ശശികല സംസ്ഥാന കമ്മീഷനില്‍ അപ്പീല്‍ നല്‍കി.അപ്പീലിനെ തുടര്‍ന്ന് വീണ്ടും പരാതി കണ്ണൂര്‍ ഉപഭോക്തൃ കമ്മീഷനില്‍ തന്നെ തീര്‍പ്പു കല്‍പ്പിക്കാന്‍ എത്തി. ഇതിലാണ് പിഴ ശിക്ഷ വിധിച്ചത്.