Sorry, you need to enable JavaScript to visit this website.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് നിബന്ധന പാലിക്കാതെ തമിഴ്നാട്

ഇടുക്കി-ജലനിരപ്പ് സംഭരണ പരിധി പിന്നിട്ടിട്ടും മുല്ലപ്പെരിയാർ അണക്കെട്ടിൽ നിബന്ധനകൾ പാലിക്കാതെ തമിഴ്‌നാട്. തമിഴ്നാട് തയാറാക്കി സെൻട്രൽ വാട്ടർ കമ്മീഷൻ അംഗീകരിച്ച റൂൾ കർവ് പ്രകാരം ഇന്നലെ വരെ പരമാവധി സംഭരിക്കാനാവുക 141 അടി വെള്ളമാണ്. എന്നാൽ ഇന്നലെ രാവിലെ 6 മണിക്ക്  141.05 അടി വെളളമാണ് ഡാമിലുണ്ടായിരുന്നത്. ഒരു ഷട്ടർ കൂടി ഉയർത്തിയെങ്കിലും വൈകിട്ടോടെ ജലനിരപ്പ് 141.15 ലെത്തി. നേരത്തെ ഡാം തുറന്ന സമയത്ത് 141 അടി ആയിരുന്നു ജലനിരപ്പ്. എന്നാൽ വെള്ളം കുറഞ്ഞതോടെ മഴ തുടരുമെന്ന മുന്നറിയിപ്പ് അവഗണിച്ച് ഷട്ടറുകളിൽ ഒരെണ്ണം ഒഴികെ ബാക്കി എല്ലാം അടച്ചു.
കഴിഞ്ഞ മാസം 29നാണ് മുല്ലപ്പെരിയാർ മുമ്പ് തുറന്നത്. ഈ സമയം ജലശേഖരം 138.5 അടി പിന്നിട്ടിരുന്നു. റൂൾ കർവ് പ്രകാരം സംഭരിക്കാനാവുക 138 അടി വെള്ളം മാത്രമായിരുന്നു. റൂൾ കർവിന് മുകളിൽ  ദിവസങ്ങളോളം ജലനിരപ്പ് നിൽക്കുകയും ചെയ്തു. ആദ്യം റൂൾ കർവ് പാലിക്കാൻ തയാറാകാതിരുന്ന തമിഴ്നാട് പിന്നീട് സുപ്രീം കോടതി ഇടപെട്ടതോടെയാണ് ഇതിന് തയ്യാറായത്. 
ഇന്ന് മുതൽ പുതിയ റൂൾ ലെവൽ നിലവിൽ വരും. ഇതോടെ പരമാവധി ശേഷിയായ 142 അടി വരെ വെള്ളം സംഭരിക്കാൻ തമിഴ്നാടിനാകും. ഇതിന്റെ ഭാഗമായാണ് അധികജലം തുറന്നു വിടാത്തത്.
 

Latest News