ഇടുക്കി-വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണെന്നത് മറച്ചു വെച്ച് പ്രണയിച്ച യുവതി, ഇക്കാര്യമറിഞ്ഞ് പിൻമാറിയ കാമുകന് നേരെ ആസിഡ് ആക്രമണം നടത്തി.തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ കുമാറിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു. അടിമാലി പടിക്കപ്പ് സ്വദേശി ഷീബ(35)യെ പോലീസ് അറസ്റ്റ് ചെയ്തു.ഷീബയുടെ മുഖത്തും സാരമായ പൊളളലുണ്ട്.
ഈ മാസം 16ന് രാവിലെ 10.30 ഓടെയാണ് സംഭവമുണ്ടായത്. തിരുവനന്തപുരത്ത് ഹോം നഴ്സ് ആയി ജോലി നോക്കവേ സോഷ്യൽ മീഡിയ വഴിയാണ് അരുണിനെ പരിചയപ്പെടുന്നത്. ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഷീബ വിവാഹിതയാണെന്നത് അറിഞ്ഞതോടെ അരുൺ വിവാഹത്തിൽ നിന്ന് പിന്മാറി.
ഇതോടെ ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഷീബ തിരുവനന്തപുരത്ത് നിന്ന് അരുണിനെ അടിമാലി ഇരുമ്പുപാലത്തേക്ക് വിളിച്ചുവരുത്തി. ചർച്ചിന് മുറ്റത്ത് വെച്ച് സംസാരിക്കുന്നതിനിടെ രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതായി പറയുന്നു. പിന്നീട് തർക്കമുണ്ടാകുകയും കൈയിൽ കരുതിയിരുന്ന ആസിഡ് യുവതി അരുണിന്റെ മുഖത്തും ദേഹത്തും ഒഴിക്കുകയുമായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇരുവരും അൽപ നേരം സംസാരിക്കുന്നതും തുടർന്ന് യുവതി ആസിഡ് ഒഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. റബർ ഷീറ്റിന് ഉപയോഗിക്കുന്ന ആസിഡാണിത്. പരിക്കേറ്റ് പുളയുന്ന അരുണിനെ ഏറെ നേരെ നോക്കി നിന്ന ശേഷമാണ് യുവതി ചർച്ച് മുറ്റത്ത് നിന്നും പോയത്. യുവാവിനെ സുഹൃത്തുക്കൾ അങ്കമാലി ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി. തിരുവനന്തപുരം മെഡിക്കൽ കോളജ് പോലീസ് നൽകിയ അറിയിപ്പിനെ തുടർന്ന് അടിമാലി പോലീസ് യുവതിയെ ഭർത്താവിന്റെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.