ജിദ്ദ- കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള കർഷകരുടെ സമരത്തിന്റെ വിജയം ജനകീയ സമരങ്ങൾക്ക് കരുത്ത് പകരുമെന്ന് പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി വിലയിരുത്തി. കരിനിയമങ്ങൾ അടിച്ചേൽപിച്ച് ജനങ്ങളെ വരിഞ്ഞു മുറുക്കുന്ന ജനവിരുദ്ധ ഭരണധികാരികൾക്ക് ശാശ്വതമായി വിജയം ഉണ്ടാവില്ലെന്ന മുന്നറിയിപ്പാണ് കർഷകരുടെ മേൽ അടിച്ചേൽപിച്ച പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലൂടെ തെളിയിക്കപ്പെടുന്നത്. പ്രഖ്യാപനങ്ങൾക്കപ്പുറം പാർലമെന്റിൽ നിയമം പിൻവലിക്കുന്നത് വരെ സമരവുമായി മുന്നോട്ടു പോകുമെന്ന കർഷക നേതാക്കളുടെ പ്രഖ്യാപനം സ്വാഗതാർഹമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുള്ള വെറും തെരഞ്ഞെടുപ്പ് സ്റ്റണ്ടായി പ്രഖ്യാപനം മാറാതിരിക്കാനുള്ള കർഷക നേതാക്കളുടെ ജാഗ്രത അഭിനന്ദനാർഹമാണ്. ഏകാധിപത്യ രീതിയിലൂടെ ജനദ്രോഹ നിയമങ്ങളുടെ നിർമാണത്തിന് ശ്രമിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ കൂടുതൽ ശക്തമായ ജനകീയ പോരാട്ടങ്ങളുമായി ജനാധിപത്യ വിശ്വാസികൾ നിലയുറപ്പിക്കണമെന്നും, ജനാധിപത്യ വിരുദ്ധ ജനവിരുദ്ധ നയങ്ങൾക്കെതിരെ യോജിച്ച പോരാട്ടങ്ങൾക്ക് രാഷ്ട്രീയ പാർട്ടികൾ തയാറാകണമെന്ന പാഠമാണ് കർഷക സമരവിജയം നൽകുന്നതെന്നും പ്രവാസി സാംസ്‌കാരിക വേദി പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.