Sorry, you need to enable JavaScript to visit this website.

ഡി.ജെ പാർട്ടിക്കിടെ റെയ്ഡ് : 10 ലക്ഷത്തിന്റെ മയക്കുമരുന്നുമായി   മൂന്ന് യുവാക്കൾ അറസ്റ്റിൽ 

ഇടുക്കി- സൂര്യനെല്ലിയിൽ ഡി.ജെ പാർട്ടിക്കിടെ എക്‌സൈസ് നടത്തിയ പരിശോധനയിൽ അന്താരാഷ്ട്ര മാർക്കറ്റിൽ പത്തു ലക്ഷത്തിൽ അധികം രൂപ വിലവരുന്ന തീവ്ര ലഹരി വസ്തുവായ എൽ.എസ്.ഡി സ്റ്റാമ്പും കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിലായി. എറണാകുളം ചേരാനല്ലൂർ ദേവസ്വം പറമ്പിൽ പ്രമോദ് ലാലു(25), വെണ്ണല നെടുംതോട്ടിങ്കൽ മുഹമ്മദ് ഷിഹാസ്(29) എന്നിവരെയാണ് 20 എൽ.എസ്.ഡി സ്റ്റാമ്പുമായി പിടികൂടിയത്. വരാപ്പുഴ പുത്തൻപള്ളി കുളത്തിപറമ്പിൽ ആഷിക്കി(24) ന്റെ കൈയിൽ നിന്ന് 100 ഗ്രാം കഞ്ചാവും കണ്ടെടുത്തു. 
സൂര്യനെല്ലി, ബി.എൽ റാമിന് സമീപം ഹോം സ്റ്റേയിലായിരുന്നു ഡി.ജെ പാർട്ടി അരങ്ങേറിയത്. ഇവരുടെ പക്കൽ നിന്ന് മദ്യവും വിദേശ നിർമിത സിഗരറ്റും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളും കണ്ടെടുത്തു. ബി.എൽ റാം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഹോംസ്റ്റേയിലെ ഇന്നലെ നടന്ന ഡി.ജെ പാർട്ടിയിൽ കൊച്ചിയിൽ നിന്നുള്ള സംഘം വിലകൂടിയ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഓഫീസർ എ.ജി പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തുകയായിരുന്നു. ഒരു സ്ത്രീയുൾപ്പെടെ 29 പേരാണ് ഡി.ജെ പാർട്ടിയിൽ പങ്കെടുത്തത്. ഇവരിൽ പലരും എൽ.എസ്.ഡി സ്റ്റാമ്പും മറ്റ് ലഹരി വസ്തുക്കളും പ്രതികളിൽ നിന്ന് വാങ്ങി ഉപയോഗിക്കാനെത്തിയവരാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.  അറസ്റ്റിലായ പ്രതികൾ ഓൺലൈൻ വഴിയാണ് മറ്റുള്ള ഇടപാടുകാരെ കണ്ടെത്തിയത്. അതിനു ശേഷം ഓൺലൈനായി തന്നെ ഹോംസ്റ്റേ ഏർപ്പാട് ചെയ്തു. അറസ്റ്റിലായ പ്രമോദ് ലാലു ടൈൽ വർക്ക് ചെയ്യുന്നയാളാണ്. മുഹമ്മദ് ഷിഹാസ് പ്ലമ്പിംഗ് ജോലികൾ ചെയ്യുന്നയാളും. കഞ്ചാവുമായി പിടിയിലായ ആഷിക് മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററാണ്. പ്രതികളുടെ പഴ്‌സിൽ നിന്നാണ് എൽ.എസ്.ഡി സ്റ്റാമ്പ് കണ്ടെത്തിയത്. ഇവരിൽ നിന്ന് പിടികൂടിയ എൽ.എസ്.ഡി സ്റ്റാമ്പിന് അന്താരാഷ്ട്ര വിപണിയിൽ 10 ലക്ഷം രൂപ വില വരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്നാർ സ്വദേശിയിൽ നിന്നാണ് എൽ.എസ്.ഡി സ്റ്റാമ്പും കഞ്ചാവും വാങ്ങിയതെന്ന് പ്രതികൾ പറഞ്ഞെങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥർ ഇത് പൂർണമായും വിശ്വസിച്ചിട്ടില്ല. പ്രതികളെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി. ഇടുക്കി അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ജി. പ്രദീപിന്റെ നിർദേശപ്രകാരം സി.ഐയെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ എം.പി പ്രമോദ്, കെ.ആർ ബാലൻ, ലിജോ ഉമ്മൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.എസ് അരുൺ, സജിത് കുമാർ, പി.സി റെജി, കെ.എൻ രാജൻ, ഷിജു ദാമോദരൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ കെ.ജെ ബിജിമോൾ എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.അറസ്റ്റിലായ പ്രതികൾ. 

 

Latest News