കോഴിക്കോട്- സൗജന്യകിറ്റ് ഇനി ഉണ്ടാകില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ അനിൽ പറഞ്ഞു. അവശ്യസമയങ്ങളിൽ ഇനിയും കിറ്റ് നൽകുമെന്നും കോവിഡ് ഭീതി കുറഞ്ഞതുകൊണ്ടാണ് തൽക്കാലം നിർത്തുന്നതെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. കോവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് ആളുകൾക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്ത് കിറ്റ് നൽകിയതെന്നും ഇപ്പോൾ തൊഴിൽ ചെയ്യാൻ പറ്റുന്ന സാഹചര്യമുണ്ടെന്നും മന്ത്രി ഇന്നലെ പറഞ്ഞിരുന്നു. വരും മാസങ്ങളിൽ കിറ്റ് കൊടുക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ല. ഇപ്പോൾ വില നിയന്ത്രിക്കാനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.