തിരുവനന്തപുരം- അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ വിഷയത്തിൽ ശിശുക്ഷേമ സമിതിക്ക് വീണ്ടും കോടതിയുടെ വിമർശനം. വിഷയത്തിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടപ്പോഴാണ് കോടതിയുടെ വിമർശനമുണ്ടായത്. കോടതി ആവശ്യപ്പെട്ടിട്ടും ദത്ത് ലൈസൻസ് ശിശുക്ഷേമ സമിതി ഹാജരാക്കിയില്ല. സമിതിക്ക് സ്റ്റേറ്റ് അഡോപ്ഷൻ റഗുലേറ്ററി അതോറിറ്റി നൽകിയ അഫിലിയേഷൻ ലൈസൻസ് 2016-ൽ അവസാനിപ്പിച്ചിരുന്നു. ഇതിന്റെ പുതുക്കിയ യഥാർത്ഥ രേഖ സത്യവാങ്മൂലത്തോടൊപ്പം ഹാജരാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. വിഷയത്തിൽ യഥാർത്ഥ ലൈസൻസ് ഹാജരാക്കണമെന്നും കോടതി നിർദ്ദേശം നൽകി.
അതേസമയം കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് തിരുവനന്തപുരം കുടുംബ കോടതിയിൽ ശിശുക്ഷേമ സമിതി വ്യക്തമാക്കി. ഇതിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഈ മാസം 29 വരെ സമയം വേണമെന്നും ശിശുക്ഷേമ സമിതി പറഞ്ഞു.