Sorry, you need to enable JavaScript to visit this website.

കഴിഞ്ഞുവെന്ന തോന്നല്‍ വേണ്ട; കോവിഡ്  തരംഗം പ്രതീക്ഷിക്കണം-ആരോഗ്യ മന്ത്രി 

കണ്ണൂര്‍- കോവിഡ് കഴിഞ്ഞുവെന്ന തോന്നല്‍ ആളുകളില്‍ ഉണ്ടായിട്ടുണ്ടെന്നും അതിനെതിരെ ബോധവത്കരണ പ്രവര്‍ത്തനം ശക്തമാക്കണമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ജില്ല പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ കോവിഡ് സ്ഥിതി വിവരം അവലോകനം ചെയ്യുകയായിരുന്നു മന്ത്രി.മികച്ച സാഹചര്യങ്ങളുള്ള ബ്രിട്ടനിലും യൂറോപ്യന്‍ രാജ്യങ്ങളിലും പോലും വീണ്ടും കോവിഡ് തരംഗം ഉണ്ടായിട്ടുണ്ട്. അതിനാല്‍ ഇവിടെയും വീണ്ടും ഒരു കോവിഡ് തരംഗം പ്രതീക്ഷിക്കണം. ആശുപത്രികളിലെ കിടക്കകള്‍, ഐ.സി.യു എന്നിവയുടെ ഒഴിവ് നിരന്തരമായി വിലയിരുത്തണം. വാക്‌സിനേഷന് ശേഷമുള്ള സാഹചര്യത്തില്‍ മാറ്റമുണ്ട്. റാപിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി) പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ജില്ലയില്‍ മരണനിരക്ക് കുറച്ചുകൊണ്ടുവരുന്നതിന് ഇത് ആവശ്യമാണ്. വാക്‌സിനേഷനോടുള്ള വിമുഖത ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. നിലവില്‍ സിനിമ തിയറ്ററുകളിലുള്‍പ്പെടെ ഒറ്റ ഡോസ് മതിയെന്നുവെച്ചത് രണ്ട് ഡോസിനുള്ള സമയം ആകാത്തവര്‍ ഉണ്ടാകാം എന്നതിനാലാണ്. പക്ഷേ, ഇനി രണ്ട് ഡോസും നിര്‍ബന്ധമാക്കുന്ന സാഹചര്യം ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ ഇതുവരെയുള്ള കോവിഡ് കേസുകള്‍ 2,82,287 ആണ്. ആകെ പരിശോധനകള്‍ 22,40,22. സംസ്ഥാനം പ്രഖ്യാപിച്ച ജില്ലയിലെ കോവിഡ് മരണം 2601 ആണ്. 243 മരണങ്ങളാണ് അപ്പീലിലൂടെ പ്രഖ്യാപിച്ചത്. അവലോകന യോഗത്തില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, സിറ്റി പോലീസ് മേധാവി ആര്‍. ഇളങ്കോ, റൂറല്‍ പോലീസ് മേധാവി നവനീത് ശര്‍മ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, ആരോഗ്യ വകുപ്പ് ജോ. സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, ഡി.എം.ഒ (ഹെല്‍ത്ത്) ഡോ. കെ. നാരായണ നായ്ക്, എന്‍.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. പി.കെ. അനില്‍ കുമാര്‍, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

Latest News