കോഴിക്കോട്- മാറാട് കൂട്ടക്കൊലക്കേസില്‍ രണ്ട് പ്രതികള്‍ കൂടി കുറ്റക്കാരാണെന്ന് മാറാട് പ്രത്യേക കോടതി കണ്ടെത്തി. 95ാം പ്രതി കടലുണ്ടി കുട്ടിച്ചന്റെ പുരയ്ക്കല്‍ കോയമോന്‍ എന്ന മുഹമ്മദ് കോയ, 148ാം പ്രതി മാറാട് കല്ലുവെച്ച വീട്ടില്‍ നിസാമുദ്ദീന്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും. അതുവരെ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
വിചാരണ സമയത്ത് ഒളിവില്‍ പോയ രണ്ടുപേരെയും 2010ലും 2011ലുമായാണ് പിടികൂടിയത്.
2010 ഒക്ടോബര്‍ 15നാണ് നിസാമുദ്ദീന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലാവുന്നത്. 2011 ജനുവരി 23ന് സൗത്ത് ബീച്ചില്‍ ഒളിവില്‍ താമസിക്കുന്നതിനിടയിലാണ് കോയമോന്‍ പിടിയിലായത്. ഹൈദരാബാദിലേക്ക് കടന്ന ഇയാള്‍ നാട്ടില്‍ തിരിച്ചെത്തി ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് ഈ കേസ് പ്രത്യേകം വിചാരണയ്‌ക്കെടുത്താണ് മാറാട് സ്‌പെഷ്യല്‍ അഡീഷണല്‍ ജഡ്ജി കെ.എസ്. അംബിക വിധി പ്രഖ്യാപിച്ചത്. അഡ്വ. ആര്‍. ആനന്ദാണ് കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍. 2003 മെയ് 2നാണ് മാറാട് കൂട്ടക്കൊല നടന്നത്. കേസില്‍ 148 പ്രതികളാണുണ്ടായിരുന്നത്. വിചാരണ നേരിട്ട 139 പ്രതികളില്‍ 86 പേരെ കോടതി ശിക്ഷിച്ചിരുന്നു.