Sorry, you need to enable JavaScript to visit this website.

മദീന സിയാറത്ത് പെര്‍മിറ്റുകള്‍ക്ക് 30 ദിവസ ഇടവേള ബാധകം

മദീന - മസ്ജിദുന്നബവിയില്‍ റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനും പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്താനുമുള്ള പെര്‍മിറ്റുകള്‍ക്ക് 30 ദിവസ ഇടവേള ബാധകമാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
ഓരോരുത്തര്‍ക്കും 30 ദിവസത്തില്‍ ഒരിക്കലാണ് തവക്കല്‍നാ, ഇഅ്തമര്‍നാ ആപ്പുകള്‍ വഴി പെര്‍മിറ്റുകള്‍ അനുവദിക്കുന്നത്.
പ്രവാചക മസ്ജിദില്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍ മുന്‍കൂട്ടി പെര്‍മിറ്റ് നേടേണ്ടതില്ല. മസ്ജിദുന്നബവിയില്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിക്കണമെന്നും ഇതനുസരിച്ച് തവക്കല്‍നാ ആപ്പില്‍ ആരോഗ്യനില അപ്‌ഡേറ്റ് ചെയ്യണമെന്നും വ്യവസ്ഥയുണ്ട്.

പന്ത്രണ്ടു വയസ് പൂര്‍ത്തിയായവര്‍ക്കു മാത്രമാണ് റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനും പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്താനുമുള്ള പെര്‍മിറ്റുകള്‍ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കുക. ഇവര്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. മസ്ജിദുന്നബവിയുടെ മുറ്റങ്ങളില്‍ കുട്ടികള്‍ക്ക് പ്രവേശനാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 1966 എന്ന നമ്പറില്‍ ഹറംകാര്യ വകുപ്പുമായി ആശയവിനിമയം നടത്താവുന്നതാണെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.

ഉംറ പെര്‍മിറ്റുകള്‍ക്കിടയിലെ 15 ദിവസ ഇടവേള ഹജ്, ഉംറ മന്ത്രാലയം അവസാനിപ്പിച്ചിട്ടുണ്ട്. ഇഅ്തമര്‍നാ, തവക്കല്‍നാ ആപ്പുകള്‍ വഴി ഉംറ പെര്‍മിറ്റ് നേടിയ ശേഷം വീണ്ടും ഉംറ നിര്‍വഹിക്കുന്നതിന് പുതിയ ബുക്കിംഗ് നടത്താന്‍ പതിനഞ്ചു ദിവസം കഴിയണമെന്ന വ്യവസ്ഥയാണ് മന്ത്രാലയം അടുത്തിടെ റദ്ദാക്കിയത്. നിലവില്‍ ഉംറ നിര്‍വഹിക്കാന്‍ അനുവദിക്കുന്ന പെര്‍മിറ്റുകളുടെ ഒരു ദിവസ കാലാവധി അവസാനിച്ചാലുടന്‍ വീണ്ടും ഉംറ ബുക്കിംഗ് നടത്താന്‍ സാധിക്കും. പന്ത്രണ്ടും അതില്‍ കൂടുതലും പ്രായമുള്ളവര്‍ക്കു മാത്രമാണ് ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത്. പന്ത്രണ്ടില്‍ കുറവ് പ്രായമുളളവര്‍ക്ക് ഉംറ നിര്‍വഹിക്കാനും ഹറമില്‍ നമസ്‌കാരം നിര്‍വഹിക്കാനും ആവശ്യമായ പെര്‍മിറ്റുകള്‍ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കില്ല.

 

Latest News