കാസർക്കോട്- കാസർക്കോട് ഗവൺമെന്റ് കോളേജ് പ്രിൻസിപ്പാൾ ബലമായി കാല് പിടിപ്പിച്ചു എന്ന് പരാതിപ്പെട്ട വിദ്യാർത്ഥിക്കെതിരെ ബലാത്സംഗശ്രമത്തിന് കേസ്. രണ്ടാം വർഷ ബിരുദ ഇക്കണോമിക്‌സ് വിദ്യാർത്ഥി മുഹമ്മദ്് സനദിനെതിരെയാണ് കേസ്. ബലാത്സംഗ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, തടഞ്ഞുവയ്ക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കോളേജ് അധികൃതരുടെ പരാതിയിൽ കേസെടുത്തത്.
കോളേജിൽനിന്ന് പുറത്താക്കാതിരിക്കാൻ ഗവൺമെന്റ് കോളേജ് പ്രിൻസിപ്പാൾ എം. രമ വിദ്യാർത്ഥിയെ കൊണ്ട് കാല് പിടിപ്പിച്ചു എന്നായിരുന്നു പരാതി. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ വിദ്യാർത്ഥി സ്വമേധയാ കാല് പിടിക്കുകയാണൈന്നാണ് അധ്യാപിക വിശദീകരിച്ചത്. മാസ്‌ക്കിടാതെ ഒരു പറ്റം വിദ്യാർത്ഥികൾ കോളേജിന് മുൻവശം നിൽക്കുന്നത് കണ്ട് ചോദ്യം ചെയ്തപ്പോൾ ഒരു കുട്ടി തന്നെ അടിക്കാനായി വന്നു. തുടർന്ന് താൻ പോലീസിനെ വിളിച്ചുവെന്നും മാസ്‌കിടാത്ത വിദ്യാർത്ഥിയുടെ പക്കൽ നിന്നും ഫൈൻ ഈടാക്കിയ പോലീസ് ആക്രമിക്കാൻ ശ്രമിച്ചതിൽ പരാതിയുണ്ടെങ്കിൽ നൽകണമെന്നും പറഞ്ഞു.
അതിനു ശേഷം എം.എസ്.എഫ് നേതാക്കൾ വിദ്യാർത്ഥിക്കൊപ്പം തന്നെ കാണാൻ വന്നു. തുടർന്ന് വിദ്യാർത്ഥി തന്റെ കാല് പിടിക്കുകയായിരുന്നു. താൻ നിർബന്ധിച്ചിട്ടില്ലെന്നും അധ്യാപിക വ്യക്തമാക്കി. കഴിഞ്ഞ മാസം 18 നാണ് സംഭവം നടന്നത്. വിദ്യാർഥി കാലുപിടിക്കുന്ന ചിത്രം പുറത്തുവന്നത് വിവാദമായതിന് ശേഷമാണ് അധ്യാപിക പരാതി നൽകിയത്.