ആലപ്പുഴ- ബൈക്കുകളിലെത്തിയ സംഘത്തിന്റെ തോട്ടയേറില്‍ യുവാവ് കൊല്ലപ്പെട്ടു. തോണ്ടന്‍കുളങ്ങര കിളിയംപറമ്പ് സ്വദേശി അരുണ്‍ (കണ്ണന്‍-32) ആണ് മരിച്ചത്. കിളിയംപറമ്പ് ശ്മശാനത്തിനു സമീപമാണ് സംഭവം. ആയുധങ്ങളുമായെത്തിയ സംഘം എറിഞ്ഞ തോട്ട അരുണിന്റെ പുറത്തു വീണു പൊട്ടി. അരുണ്‍ തല്‍ക്ഷണം മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് പിടികൂടിയെന്നാണ് വിവരം.
അക്രമികള്‍ ആയുധങ്ങള്‍ കാട്ടി ഭീതി പരത്തിയതിനാല്‍ അരുണിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. അരുണ്‍ ബൈക്കില്‍ വീട്ടിലേക്കു പോകുമ്പോഴാണ് സംഭവം. അക്രമികളുടേതെന്നു കരുതുന്ന കത്തി സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. വിനീതയാണ് അരുണിന്റെ ഭാര്യ. മകള്‍: അവന്തിക.