Sorry, you need to enable JavaScript to visit this website.

കോൺഗ്രസ്-കേരള കോൺഗ്രസ്  ശീതയുദ്ധം പുതിയ തലത്തിൽ 

കോട്ടയം- ജോസ് കെ. മാണിയെയും കേരള കോൺഗ്രസ് എം നേതാക്കളെയും സോഷ്യൽ മീഡിയയിൽ അപമാനിച്ചതിന് അറസ്റ്റിലായ  കെ.പി.സി.സി മുൻ അധ്യക്ഷൻ കെ.എം. ചാണ്ടിയുടെ ചെറുമകൻ സഞ്ജയ് സഖറിയയെ ജയിലിൽ നിന്നിറങ്ങുമ്പോൾ സ്വീകരിക്കാൻ ഡി.സി.സി പ്രസിഡന്റ് എത്തിയതോടെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷവുമുള്ള കോൺഗ്രസ്-കേരള കോൺഗ്രസ് ശീതയുദ്ധം പുതിയ തലത്തിലെത്തി. ഇരു വിഭാഗവും തമ്മിലുള്ള സൈബർ പോരാട്ടവും ഇതോടെ ശക്തിപ്പെട്ടു. സഞ്ജയെ സ്വീകരിച്ചശേഷം ഫെയ്‌സ് ബുക്കിൽ പോസ്റ്റു ചെയ്ത വീഡിയോയിൽ അതിനിശിതമായി കേരള കോൺഗ്രസ് എമ്മിനെ വിമർശിച്ചു. ഇതോടെയാണ് ഇരു കൂട്ടരും തമ്മിലുള്ള സൈബർ യുദ്ധത്തിനു തുടക്കമായത്. സഞ്ജയ്ക്ക് എതിരെ പോലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് മാണി സി. കാപ്പൻ എം.എൽ.എ തിരുവോണ നാളിൽ ഉപവസിച്ചിരുന്നു. 
സംഭവത്തിൽ പ്രതിഷേധവും താക്കീതുമായാണ് നാട്ടകം സുരേഷ് വീഡിയോ പോസ്റ്റു ചെയ്തത്. കേരള കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും സോഷ്യൽ മീഡിയയിൽ വിമർശിച്ചതിന്റെ പേരിലാണ് പാലായിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ സഞ്ജയ് സക്കറിയയെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചത്. ദിവസങ്ങളോളം ജയിലിൽ കഴിഞ്ഞ ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയതെന്ന്് വീഡിയോയിൽ ആരോപിക്കുന്നു.
ജയിലിൽനിന്ന് പുറത്തിറങ്ങിയ സഞ്ജയ്യെ സ്വീകരിക്കാനും വീട്ടിലെത്തി സന്ദർശിക്കാനും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷും എത്തിയിരുന്നു. ഇതിന് ശേഷം ഇദ്ദേഹം ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ജോസ് കെ. മാണിയ്ക്കും കേരള കോൺഗ്രസിനും അതിരൂക്ഷമായ വിമർശനവും താക്കീതും നൽകിയത്്.
ഈ കള്ളക്കേസും ജയിൽ വാസവും കൊണ്ട് കോൺഗ്രസിനെ തകർക്കാം എന്ന് കേരള കോൺഗ്രസ് കരുതേണ്ടെന്ന് അദേഹം ഫെയ്‌സ്ബുക്ക് വീഡിയോയിൽ പറയുന്നു. ഏത് രീതിയിൽ കോൺഗ്രസിനെ നേരിടാൻ ശ്രമിച്ചാലും അതേ രീതിയിൽ തിരിച്ചടിക്കാൻ കരുത്തുള്ള പ്രസ്ഥാനവും, പ്രവർത്തകരും പാർട്ടിക്കുണ്ടെന്ന് ജോസ് കെ. മാണി മറക്കരുത്. ഈ സാഹചര്യത്തിൽ പാലായിലെ കോൺഗ്രസുകാരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചാൽ ഇനി കോൺഗ്രസ് പാർട്ടി കയ്യും കെട്ടി നോക്കി നിൽക്കില്ല. കേരള കോൺഗ്രസിന്റെ ഗുണ്ടായിസത്തിന് അതേ ഭാഷയിൽ തന്നെ തിരിച്ചടി നൽകാൻ കോൺഗ്രസിന് ചുണക്കുട്ടികൾ ഉണ്ടെന്നും നാട്ടകം സുരേഷ് മുന്നറിയിപ്പു നൽകി.
മുൻ കെ.പി.സി.സി പ്രസിഡന്റ് കൂടിയായ പ്രൊഫ. കെ.എം. ചാണ്ടിയുടെ ചെറുമകൻ സഞ്ജയ് സഖറിയ 'പാലാക്കാരൻ, പാലാക്കാരൻ ചേട്ടൻ' തുടങ്ങിയ ഫെയ്‌സ്ബുക്ക് പേജുകൾ വഴി ജോസ് കെ. മാണി, തോമസ് ചാഴികാടൻ എം.പി എന്നിവരെ നിരന്തരം അധിക്ഷേപം നടത്തുകയാണെന്നാരോപിച്ചു സ്റ്റീഫൻ ജോർജ് നൽകിയ പരാതിയിലാണ് പാലാ പോലീസ് അറസ്റ്റു ചെയ്തത്.

Latest News