Sorry, you need to enable JavaScript to visit this website.

കേരളത്തിന് വേണം റെയിൽ പദ്ധതികൾ

 

ഒരു മാസത്തിനപ്പുറം മധ്യ തിരുവിതാംകൂറിലെ പല പ്രദേശങ്ങളും പ്രളയ ഭീഷണിയിലായിരുന്നു. നവംബർ പാതി പിന്നിട്ടിട്ടും സംസ്ഥാനത്ത് മഴക്കാലം തീർന്നിട്ടില്ല. ഒരു പകലോ, രാവോ തുടർച്ചയായി മഴ പെയ്താൽ മുങ്ങിപ്പോകാവുന്ന അങ്ങേയറ്റം പരിസ്ഥിതി ദുർബല മേഖലയാണ് കേരളത്തിലെ പല പ്രദേശങ്ങളും. മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നു പോകുമെന്ന് പേടിച്ച് ഉറങ്ങാതിരുന്ന ഒരു മന്ത്രി നമുക്കുണ്ടായിരുന്നു. ഇതിനെല്ലാമിടയിലാണ് കേരളത്തെ നെടുകെ പിളർത്തുന്ന, തലമുറകളെ കടക്കെണിയിലാക്കുന്ന പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലാത്ത വേഗ പാത യാഥാർഥ്യമാക്കാനുള്ള പുറപ്പാട്. 

 

ഏകദേശം ഒരു മാസം മുമ്പാണ്. മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ദൽഹിക്ക് തിരിച്ചു. ലക്ഷ്യം സ്പീഡ് റെയിലിന് കേന്ദ്ര അനുമതിയും വിദേശ വായ്പ വാങ്ങാനുള്ള അംഗീകാരവും നേടുക. റെയിൽവേ ബജറ്റ് എന്ന ഏർപ്പാട് തന്നെ നിർത്തലാക്കിയ മോഡിക്കാലത്ത്  കേന്ദ്ര റെയിൽവേ മന്ത്രാലയത്തോട് ആദ്യമായി മതിപ്പ് തോന്നിയ അനുഭവമായിരുന്നു ഒക്ടോബർ 22 ന്റേത്. സാമ്പത്തിക, സാമൂഹിക നയങ്ങളിൽ തികച്ചും വലതുപക്ഷ സമീപനം വെച്ചു പുലർത്തുന്ന കേന്ദ്ര സർക്കാരിന് പോലും പദ്ധതി നല്ലതിനല്ലെന്ന് ബോധ്യപ്പെട്ടു. 
സിൽവർ ലൈൻ പദ്ധതിയുടെ വിദേശ വായ്പ ബാധ്യത ഏറ്റെടുക്കാൻ കഴിയില്ലെന്നാണ്  കേന്ദ്ര റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയത്.  മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കടബാധ്യത ഏറ്റെടുക്കാൻ സംസ്ഥാനത്തിനാകുമോയെന്ന് ആരായുകയും ചെയ്തു.  ഇക്കാര്യം പരിശോധിക്കാമെന്ന് കേരളം ചർച്ചയിൽ വ്യക്തമാക്കി. 33,700 കോടി രൂപ എഡിബി അടക്കമുള്ള വിദേശ ഏജൻസികളിൽ നിന്ന് വായ്പ എടുക്കാനാണ് ശുപാർശ. 63,941 കോടിയാണ് സെമി ഹൈ സ്പീഡ് റെയിൽ ലൈൻ പദ്ധതിയുടെ ചെലവായി പ്രതീക്ഷിക്കുന്നത്. ഇത് ഒന്നര ലക്ഷം കോടിക്കും രണ്ടു ലക്ഷം കോടിക്കുമിടയിൽ വരെയാകാമെന്നും സംസാരമുണ്ട്. കോയമ്പത്തൂർ, മംഗലാപുരം ഉൾപ്പെടെ ആറ് ആഭ്യന്തര വിമാന താവളങ്ങളുള്ള കേരളത്തിന് ഇത് എത്രത്തോളം അനാവശ്യമാണെന്ന   വിഷയം ആവർത്തിക്കുന്നില്ല. 


മുഖ്യമന്ത്രിയും സംഘവും കൂടിക്കാഴ്ചയ്ക്ക് പുറപ്പെട്ട ഒരു മാസത്തിനപ്പുറം മധ്യ തിരുവിതാംകൂറിലെ പല പ്രദേശങ്ങളും പ്രളയ ഭീഷണിയിലായിരുന്നു. നവംബർ പാതി പിന്നിട്ടിട്ടും സംസ്ഥാനത്ത് മഴക്കാലം തീർന്നിട്ടില്ല. ഒരു പകലോ, രാവോ തുടർച്ചയായി മഴ പെയ്താൽ മുങ്ങിപ്പോകാവുന്ന അങ്ങേയറ്റം പരിസ്ഥിതി ദുർബല മേഖലയാണ് കേരളത്തിലെ പല പ്രദേശങ്ങളും. മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നു പോകുമെന്ന് പേടിച്ച് ഉറങ്ങാതിരുന്ന ഒരു മന്ത്രി നമുക്കുണ്ടായിരുന്നു. ഇതിനെല്ലാമിടയിലാണ് കേരളത്തെ നെടുകെ പിളർത്തുന്ന, തലമുറകളെ കടക്കെണിയിലാക്കുന്ന പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലാത്ത വേഗ പാത യാഥാർഥ്യമാക്കാനുള്ള പുറപ്പാട്. 


വിവാദങ്ങൾക്കിടെ സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നടത്തുകയാണ്  കെ റെയിൽ. പഠനത്തിന്റെ ഭാഗമായി അലൈൻമെന്റിന്റെ അതിർത്തിയിൽ കല്ലിടുന്ന പ്രവൃത്തി നടന്നു വരികയാണ്. ഏറ്റെടുക്കൽ മൂലമുണ്ടാകുന്ന ആഘാതങ്ങൾ, ബാധിക്കപ്പെടുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവര ശേഖരണത്തിനായാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്. യഥാർഥത്തിൽ ആദ്യം നടത്തേണ്ട കാര്യത്തിനാണ് സർക്കാർ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.  തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് എന്നീ ആറ് ജില്ലകളിലാണ് ഇപ്പോൾ കല്ലിടുന്നത്. 11 ജില്ലകളിലൂടെയാണ് സിൽവർ ലൈൻ കടന്നുപോകുന്നത്. കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വൈകാതെ കല്ലിടൽ ആരംഭിക്കും. 1961 ലെ കേരള സർവേ അതിരടയാള നിയമത്തിലെ 6 (1) വകുപ്പ് അനുസരിച്ച് സർവേ നടത്തുന്നതിന് മുന്നോടിയായാണ് കല്ലിടൽ പ്രവൃത്തി നടക്കുന്നത്. സിൽവർ ലൈൻ കടന്നുപോകുന്ന 11 ജില്ലകളിലും ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് എല്ലാ ജില്ലകളിലും സ്‌പെഷ്യൽ തഹസിൽദാർമാരെ നിയോഗിച്ചിട്ടുണ്ട്.


കണ്ണൂർ ജില്ലയിലാണ് ഏറ്റവും കുടുതൽ കല്ലിടൽ പൂർത്തിയായത്. ഏഴ് വില്ലേജുകളിലായി 21.5 കിലോമീറ്റർ നീളത്തിൽ 536 കല്ലുകൾ ഇവിടെ സ്ഥാപിച്ചു. ചിറക്കൽ, വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്ന്, ഏഴോം, മാടായി വില്ലേജുകളിലാണ് കല്ലിടൽ പൂർത്തിയാത്. കുഞ്ഞിമംഗലം വില്ലേജിൽ കല്ലിടൽ പുരോഗമിക്കുന്നു. തിരുവനന്തപുരം ജില്ലയിൽ ആറ്റിപ്ര വില്ലേജ്, കൊല്ലം ജില്ലയിലെ പാരിപ്പള്ളി, കല്ലുവാതുക്കൽ വില്ലേജുകൾ, എറണാകുളം ജില്ലയിലെ പുത്തൻകുരിശ്, തിരുവാങ്കുളം വില്ലേജുകളിലും അതിരടയാള കല്ലുകൾ സ്ഥാപിച്ചു. തൃശൂർ ജില്ലയിലെ, തൃശൂർ, പൂങ്കുന്നം, കൂർക്കഞ്ചേരി വില്ലേജുകളിൽ കല്ലിട്ടു. കാസർകോട് ജില്ലയിലെ ചെറുവത്തൂർ വില്ലേജിലാണ് കല്ലിടൽ തുടങ്ങിയത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ 530 കിലോമീറ്റർ നീളത്തിലാണ് പാത നിർമിക്കുന്നത്. പാത യാഥാർത്ഥ്യമാകുന്നതോടെ കാസർകോട്ട് നിന്ന് നാല് മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്തെത്താമെന്നാണ് അവകാശ വാദം. 


നൂറ് രൂപ മുടക്കിയാൽ ഇപ്പോൾ  ജനശതാബ്ദി പോലുള്ള അതിവേഗ ട്രെയിനിൽ കോഴിക്കോട്ടു നിന്ന് കൊച്ചിയിലും കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തുമെത്താം. സിൽവർ ട്രെയിനിൽ ഇതേ യാത്രയ്ക്ക് 1500 രൂപയാണ് ചെലവ്. മാത്രവുമല്ല, പ്രധാന നഗരങ്ങളിൽ നിന്ന് വിട്ടുമാറിയായിരിക്കും ഇതിന്റെ സ്റ്റേഷനുകൾ. തിരുവനന്തപുരത്തേത് കൊച്ചു വേളിയിലും കൊല്ലത്തേത് മുഖത്തലയിലും കൊച്ചിയിലേത് കാക്കനാട്ടും കോഴിക്കോട്ടേത് പാവങ്ങാട്ടുമൊക്കെയായിരിക്കും. വിമാനത്താവളത്തിലേക്ക് പോകുന്നത് പോലെ നഗരതിരക്കുകൾക്കിടയിൽ വിദൂര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരും. കേരളത്തിലെ റെയിൽ പാതകളെല്ലാം ബ്രോഡ് ഗേജാണ്. ബ്രിട്ടീഷുകാർ ദീർഘ വീക്ഷണത്തോടെ ചെയ്തതാണിത്. എന്നാൽ സിൽവർ ലൈൻ വരുന്നത് വീതി കുറഞ്ഞ സ്റ്റാൻഡേർഡ് ഗേജിലാണ്. മറ്റു തീവണ്ടികൾക്ക് ഇത് ഉപകാരപ്പെടില്ലെന്ന് ചുരുക്കം.


കേരളത്തിന് പുതിയ റെയിൽ പദ്ധതികൾ വേണമെന്നതിൽ സംശയമില്ല. തലശ്ശേരി-മൈസൂരു, നിലമ്പൂർ - മൈസൂരു റെയിൽ പദ്ധതികൾ വടക്കൻ കേരളത്തിന്റെ മുഖഛായ മാറ്റുമെന്നതിൽ തർക്കമില്ല. രണ്ടു പാതകളേയും കൽപറ്റയിൽ ബന്ധിപ്പിച്ച് വനത്തിലൂടെ ഭൂഗർഭ പാതയാക്കി കർണാടകയിലെ നഞ്ചൻഗുഡിലെത്തിച്ചാൽ മതി. പെട്ടെന്ന് കേന്ദ്രാനുമതി ലഭിക്കുകയും ചെയ്യും. സിൽവർ ലൈനിനെ അപേക്ഷിച്ച് ചെലവ് വളരെ കുറവും. അയ്യായിരം കോടി രൂപയിൽ താഴെ മാത്രമേ ഇതിന് ചെലവ് വരികയുള്ളൂ. ഇതിലൂടെ മലബാർ പ്രദേശം ബംഗളൂരു, മൈസൂരു നഗരങ്ങളുമായി അടുക്കും.നമ്മുടെ പുതിയ തലമുറയ്ക്ക് ഐ.ടി മേഖലയിൽ ധാരാളം തൊഴിലവസരങ്ങൾ ലഭിക്കുകയും ചെയ്യും. റെയിൽ പാത തുടങ്ങുന്ന തലശ്ശേരിക്ക് ഒരു സവിശേഷതയുണ്ട്. റെയിൽവേയുടെ പക്കൽ  ഏക്കർ കണക്കിന് ഭൂമിയുള്ള സ്ഥലമാണിത്. ജംഗ്ഷനുണ്ടാക്കാൻ ഭൂമി ഏറ്റെടുക്കേണ്ട കാര്യമില്ല. ഉമ്മൻ ചാണ്ടിയുടെ കാലത്ത് കൊച്ചി മെട്രോയ്ക്ക് വേണ്ടി കൈകോർത്തത് പോലെ രാഷ്ട്രീയക്കാർ പ്രയത്‌നിച്ചാൽ മാത്രം മതി. ബ്രിട്ടീഷുകാർക്ക് യാഥാർഥ്യമാക്കാനാവാതെ പോയ മൈസൂരു -തലശ്ശേരി പാത യാഥാർഥ്യമാക്കിയ മുഖ്യമന്ത്രിയെന്ന ഖ്യാതിയും പിണറായിക്ക് ഇതിലൂടെ കൈവരും. 
 

Latest News