Sorry, you need to enable JavaScript to visit this website.

എന്നോട് ഇനി നാടകം വേണ്ട; കരുണാകരനോട് ക്ഷുഭിതനായി എ.കെ ആന്റണി, വെളിപ്പെടുത്തലുമായി പുസ്തകം

തിരുവനന്തപുരം- കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിമാരായ കെ. കരുണാകരനും എ.കെ ആന്റണിയും തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായും കരുണാകരനോട് ആന്റണി പൊട്ടിത്തെറിച്ചുവെന്നും വെളിപ്പെടുത്തൽ. പ്രൊഫ. ജി ബാലചന്ദ്രൻ എഴുതിയ ഇന്നലെയുടെ തീരത്ത് എന്ന പുസ്തകത്തിലാണ് പരാമർശമുള്ളത്. വയലാർ രവി കെ.പി.സി.സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുപ്പിലാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത് എന്നാണ് പുസ്തകത്തിലുള്ളത്. 
പുസ്തകത്തിൽനിന്ന്:

1987 സെപ്റ്റംബർ 7ന് എ.കെ. ആന്റണി പ്രസിന്റായി.  എന്നാലും രണ്ടു കൂട്ടർക്കും തൃപ്തിയില്ല.  മോരും മുതിരയും പോലെ ഇരുകൂട്ടരും ഇടഞ്ഞുതന്നെ നിന്നു.  ഐക്യമില്ലായ്മയായിരുന്നു കോൺഗ്രസിന്റെ പ്രശ്‌നം; അന്നും ഇന്നും. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കോൺഗ്രസിനെ പുനരുദ്ധരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഹൈക്കമാന്റ് പദ്ധതിയിട്ടു.  കോൺഗ്രസിനുള്ളിൽ സംഘടനാ തെരഞ്ഞെടുപ്പു നടത്താൻ തീരുമാനിച്ചു.  ബൂത്തുതലം മുതൽ എ.ഐ.സി.സി വരെ തെരഞ്ഞെടുപ്പു നടത്താനുള്ള സന്നാഹമൊരുക്കി. അഞ്ചു വർഷം എ.കെ. ആൻറണി പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് മെമ്പർഷിപ്പ് വിതരണം നടത്തിയത്. നേതൃത്വം പിടിച്ചെടുക്കാൻ ഇരുഭാഗത്തുമുള്ള നേതാക്കളെല്ലാം  അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങി.  തലമുടിനാരിഴ കീറിമുറിച്ചാണ് അംഗത്വ പരിശോധന നടത്തിയത്.
    1992 ജനുവരി 31 ന് തിരുവനന്തപുരം നന്ദാവനത്തുള്ള മുസ്്‌ലിം അസോസിയേഷൻ ഹാളിലായിരുന്നു തെരഞ്ഞെടുപ്പ്.  ഒന്നായി നിന്നവർ ഭിന്നിച്ച് പരസ്പരം മാറ്റുരയ്ക്കുന്നു. തെരഞ്ഞെടുപ്പു ഫലം കണ്ണിലെണ്ണയൊഴിച്ച് കേരളം ഉറ്റുനോക്കി.  നൂറുകണക്കിനു പത്രക്കാരും ടെലിവിഷൻകാരും തെരഞ്ഞെടുപ്പു ഹാളിനു ചുറ്റും തമ്പടിച്ചിട്ടുണ്ട്.
    എ.ഐ. മത്സരത്തിനുള്ള കളമൊരുങ്ങി. എ.കെ ആന്റണി എയുടെ സ്ഥാനാർത്ഥി.  ഐയുടെ സ്ഥാനാർത്ഥിയെ തെരഞ്ഞെടുപ്പു സമയത്തിനു തൊട്ടു മുൻപാണ് പ്രഖ്യാപിച്ചത്.  വയലാർ രവി അതിനകം ലീഡറുടെ വിശ്വസ്തനായിക്കഴിഞ്ഞിരുന്നു. തന്റെ വളർച്ചയ്ക്കു തടസ്സം നിൽക്കുന്നത് ആന്റണിയാണെന്നു വയലാർ രവി കരുതി.  ഗ്രൂപ്പു വിട്ടു ലീഡറോടൊപ്പം ചേരാനുള്ള യജ്ഞത്തിനു കളമൊരുക്കിയത് മേഴ്‌സി രവിയാണ്.  ലീഡറും മേഴ്‌സി രവിയും നിരന്തരമായി ചർച്ച ചെയ്തതിനെ  തുടർന്നാണ് വയലാർ രവി ഐ ഗ്രൂപ്പിലേക്ക് വന്നത്.  ഐ ഗ്രൂപ്പിൽ പുത്തൻകൂറ്റുകാരനായ വയലാർ രവിയെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കുന്നതിൽ ചെറിയ ഒരു വിഭാഗത്തിന് എതിർപ്പുണ്ടായിരുന്നു.  എം.പി. ഗംഗാധരനും എസ്. കൃഷ്ണകുമാറും പ്രസിഡന്റ് പദത്തിന്റെ ഭൈമീകാമുകരായിരുന്നു. ആന്റണിക്കുവേണ്ടിയും വയലാർ രവിക്കുവേണ്ടിയും രണ്ടു ഗ്രൂപ്പുകാരും രംഗത്തിറങ്ങി.   വോട്ടെടുപ്പു സമയമായി.  അപ്പോൾ ലീഡർ ഏതോ രഹസ്യം പറയാനായി ആന്റണിയുടെ സമീപത്തേക്ക് ചെന്നു. ആന്റണിയാകട്ടെ പൊട്ടിത്തെറിച്ചുകൊണ്ട് എന്നോട് ഇനി നാടകം വേണ്ടാ എന്നുപറഞ്ഞ്വെട്ടിത്തിരിഞ്ഞു. ലീഡർക്ക് അതൽപ്പം ക്ഷീണമായി.  നിഷ്പ്രയാസം ജയിക്കുമെന്നാണ് എ.കെ. ആന്റണി കരുതിയത്.  വോട്ടെടുപ്പിനുള്ള നടപടിക്രമങ്ങൾ നടന്നു.  തെരഞ്ഞെടുപ്പിൽ വയലാർ രവി ജയിച്ചു.  ആന്റണി തോറ്റു.  വൈസ് പ്രസിഡന്റിന്റെയും ട്രഷററുടേയും തെരഞ്ഞെടുപ്പു നടക്കുന്നതിനിടയിൽ എ ഗ്രൂപ്പുകാർ ഹാൾ വിട്ടിറങ്ങിപ്പോയി.  അത് വീണ്ടും ഗ്രൂപ്പു സമവാക്യങ്ങളെ തെറ്റിച്ചു.  അകൽച്ച രൂക്ഷമായി.  അതേക്കുറിച്ച് ലീഡർ എന്നോടു പറഞ്ഞത് തെരഞ്ഞെടുപ്പു ഒഴിവാക്കാനാണ് ഞാൻ ആന്റണിയെ സമീപിച്ചത്. ആന്റണി അനുനയിച്ചിരുന്നെങ്കിൽ ആന്റണിയെ എതിരില്ലാതെ തെരഞ്ഞെടുക്കാനാണ് ഞാൻ പ്ലാനിട്ടത്.  എന്തുചെയ്യാം അയാളതു തെറ്റിച്ചു.  ആ പറഞ്ഞത് സത്യമാകാനാണിട.  കാരണം എന്തും നാടകീയമായി ഝടുതിയിൽ ചെയ്യുന്ന പ്രകൃതം കെ. കരുണാകരനുണ്ടായിരുന്നു.  വയലാർ രവി പ്രസിഡന്റും കെ. മുരളീധരൻ വൈസ് പ്രസിഡന്റുമായി.  പ്രസിഡന്റിനേക്കാൾ അധികാരകേന്ദ്രം മുരളീധരനായി.

Latest News