എല്ലാ ഹിംസാത്മകതയും അവയുടെ സാഫല്യത്തിൽ തന്നെ മരിക്കുന്നുണ്ടെന്ന് ഹിംസയുടെ ആളുകൾ മനസ്സിലാക്കുന്നില്ല. തീയും, വെടിമരുന്നും, അഗ്നിയും പോലെ, ഹിംസാത്മകതയും ഒത്തു കൂടുമ്പോൾ നശിച്ചു പോകുമെന്ന ഷേക്‌സ്പിയർ വചനങ്ങൾക്ക് ഇനിയുമെത്രയോ സന്ദേശ വ്യാപ്തിയുണ്ടെന്ന് കാലം കണ്ണൂരിലെ രാഷ്ട്രീയക്കാരേയും ബോധ്യപ്പെടുത്തുന്ന കാലം വരുമായിരിക്കും. അപ്പോൾ, അപ്പോൾ മാത്രം ഇതല്ല കണ്ണൂർ എന്ന് അന്നത്തെ തലമുറ കൺനിറയെ കാണും. മനം നിറയെ പറയും. ഏറ്റവും അവസാനം വിടപറഞ്ഞ ശുഹൈബിന്റെ മയ്യിത്ത് മുന്നിൽ വെച്ച് ഇതല്ലാതെ മറ്റൊന്നുമെഴുതാനാവില്ല.
ഒരു ചെറുപ്പക്കാരൻ കൂടി കണ്ണൂർ ജില്ലയിൽ രാഷ്രീയ വൈരത്തിന്റെ കൊലക്കത്തിക്ക് ഇരയായിരിക്കുന്നു- യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ശുഹൈബാണ് ഇത്തവണ. ഇനിയിപ്പോൾ കുറച്ചു ദിവസം ഇതിന്റെ പേരിലും പ്രാദേശിക കോലാഹലങ്ങളൊക്കെ ഉണ്ടാകും. പ്രതിഷേധ യോഗങ്ങൾ, നേതാക്കളുടെ സന്ദർശനം, വികാരംനിറയുന്ന മറ്റ് രംഗങ്ങൾ.. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന കട്ടായം പറച്ചിലുകൾ എല്ലാം പതിവിൻപടി. പങ്കുണ്ടെങ്കിൽ കർശന നടപടിയെന്ന മടുപ്പിക്കുന്ന വാക്കുകളും ആവർത്തന വിരസതയോടെ അന്തരീക്ഷത്തിൽ ലയിക്കും. ഇതു കേട്ടാൽ തോന്നുക കൊല നടത്തിയവരെ ബന്ധപ്പെട്ട പാർട്ടിക്കാർ ഉടൻ പിടിച്ച് പോലീസിലേൽപ്പിക്കുമെന്നാകും. ഒന്നും സംഭവിക്കില്ല. പാർട്ടികൾക്ക് വേണ്ടി കൊന്നവരും കൊല്ലിച്ചവരും എല്ലാകാലത്തും സുരക്ഷിതരായിരിക്കും. പിന്നെ ,പിന്നെ എല്ലാമങ്ങ് അടങ്ങും. അതോടെ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ മാത്രം വേദനയായി ഇതവസാനിക്കും. ഇതാണ് വർഷങ്ങളായി കണ്ണൂരിന്റെ അവസ്ഥ. രാഷ്ട്രീയ കൊലകൾ വാർത്തപോലും അല്ലാതായി തീർന്ന പ്രദേശമാണ് എത്രയോ കാലമായി ഈ നാട്.
സംഭവങ്ങളറിയുമ്പോൾ ഹോ, അത് കണ്ണൂരല്ലേ എന്ന നിസ്സംഗഭാവമാണ് എല്ലാവർക്കും. ഏതെങ്കിലും പ്രദേശത്ത് ഒറ്റപ്പെട്ട രാഷ്ട്രീയ സംഘട്ടനം നടന്നാൽ ആ പ്രദേശം കണ്ണൂരാക്കരുത് എന്ന് പറയാൻ മാത്രം കണ്ണൂരിനെ ഇക്കാര്യത്തിൽ കേരളം അന്യവൽക്കരിച്ചിട്ടുണ്ട്. നാലര പതിറ്റാണ്ടെങ്കിലുമായി കണ്ണൂർ ജില്ല ഇങ്ങിനെയാണ്. 500 പേരെങ്കിലും ഈ കാലയളവിൽ രാഷ്ട്രീയത്തിന്റെ പേരിൽ കൊല്ലപ്പെട്ടിരിക്കും. എന്നിട്ടൊന്നും കേരള മനസ്സാക്ഷിക്ക് ഒരിളക്കവുമില്ല. അതിനിപ്പോൾ ഞങ്ങൾക്കെന്താ എന്ന ക്രൂര ഭാവം. പണ്ടെപ്പോഴോ ചില സിനിമക്കാരൊക്കെ സംഘടിച്ചതും വേറിട്ട പരിപാടികൾ നടത്തിയതും ഓർമ്മയിലെവിടെയോ ഉണ്ട്. കേരളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരിയടക്കം ഒരു പാടു പേർ കവിതകളെഴുതി. മലയാള കവിതക്ക് മുതൽ കൂട്ടായെന്നല്ലാതെ ഒരു മാറ്റവും അതൊന്നും കണ്ണൂരിന്റെ മണ്ണിൽ കൊണ്ടുചെന്നില്ല. ഇപ്പോൾ കണ്ണൂരിന്റെ കാര്യം വരുമ്പോൾ ഇനിയീ മനസ്സിൽ കവിതയില്ല എന്ന നിൽപ്പിലാണ് കവികളും. മലയാള സാഹിത്യത്തിന്റെ തലയെടുപ്പുകളിലൊന്നായ ടി.പത്മനാഭനോ, സാഹിത്യ പ്രതിഭകളായ എം. മുകുന്ദനോ, സി.വി.ബാലകൃഷ്ണനോ ഒന്നും തന്നെ അവരുടെ പ്രിയപ്പട്ടെ നാടിന്റെ ദൈന്യാവസ്ഥയുടെ കാര്യത്തിൽ വാക്കില്ലാതായിട്ടിപ്പോൾ കാലമെത്രയോ ആയി. മനുഷ്യത്വത്തിന്റെ പക്ഷത്ത് നിന്ന് സംസാരിക്കേണ്ടവർക്കുപോലും വാക്കില്ലാതാകുന്ന സ്ഥിതിവിശേഷം പോലെ ദയനീയമായി മറ്റെന്തുണ്ട്.
കലഹങ്ങളുടെ പേരിൽ എല്ലാവരും കൈയ്യൊഴിയേണ്ട പ്രദേശമാണ് കണ്ണൂർ എന്ന ധാരണ പരത്തുന്നത് ക്രൂരമാണെന്നെ പറയാൻ പറ്റൂ. കേരളത്തിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ധാരാളം സവിശേഷതകളുള്ള നാടാണ് എന്നും കണ്ണൂർ എന്നത് എല്ലാവർക്കും അറിയാം. പക്ഷെ എല്ലാവരും അത് മറച്ചു വെക്കുന്നു. സവിശേഷത ആ നാട് വെച്ചുപുലർത്തുന്ന വേറിട്ട മനുഷ്യബന്ധം വഴിയും ഉണ്ടാകുന്നതാണ്. ഇത്രയധികം സ്‌നേഹ സൗഹൃദം പൂത്തുലഞ്ഞുനിൽക്കുന്ന നാട് കണ്ണൂർ പോലെ മറ്റൊന്ന് കാണാൻ പ്രയാസമായിരിക്കും. വിശ്വസിക്കുന്ന പാർട്ടിക്കും പ്രത്യയ ശാസ്ത്രത്തിനും വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറുള്ള മനുഷ്യരുടെ കൂട്ടങ്ങൾ ഇന്നും അന്നാട്ടിൽ സജീവമാണ്. വേറിട്ട സ്വഭാവ സവിശേഷതകളും നിലനിൽക്കുന്ന പ്രദേശങ്ങളാണ് കണ്ണൂരിലേത് . ഈ പ്രദേശങ്ങളിലൊന്നും തന്നെ വല്ല അന്യസംസ്ഥാന തൊഴിലാളി വന്ന് തൊഴിലാവശ്യത്തിനായി താമസിക്കുന്നതൊഴിച്ചാൽ പുതിയ ആളുകൾ വന്ന് താമസിക്കുന്നത് അപൂർവ്വമാണ്-കുടിയേറ്റ മേഖലയുടെ കാര്യം മറ്റൊന്നാണ്. അതത് പ്രദേശത്ത് ജനിച്ച് വളർന്നവർ മാത്രം കാലങ്ങളായി താമസിക്കുന്ന നാട്. കേരളത്തില മറ്റ് ചില പ്രദേശങ്ങളിലും ഇങ്ങനെയുള്ള അവസ്ഥ ഉണ്ടെങ്കിലും കണ്ണൂരാണ് ഇക്കാര്യത്തിൽ വേറിട്ട സ്ഥലം. ജനിച്ച നാടിനോടുള്ള ആത്മബന്ധം കണ്ണൂരിൽ കൂടുതൽ കാണാനുള്ള കാരണങ്ങളിലൊന്ന് ഈ കലർപ്പില്ലായ്മയാകാം. അപ്പോൾ വേറിട്ടു നിൽക്കുന്ന പ്രാദേശിക ബന്ധങ്ങളുമാണ് കണ്ണൂർ രാഷ്ട്രീയം നിർണയിക്കുന്നത്.
ജനങ്ങളുടെ രക്തത്തിലലിഞ്ഞു ചേർന്ന നന്മയുമായി ജീവിക്കുന്ന മനുഷ്യരെ ആരെല്ലാമോ ചേർന്ന് കാലങ്ങളായി ദുരുപയോഗം ചെയ്യുകയാണിവിടെ. അങ്ങനെ അവർ തന്നെ അവർക്കെതിരായി തീരുന്നു. ഏറ്റുമുട്ടലിൽ ആരും ജയിക്കാൻ പോകുന്നില്ലെന്ന് നേതാക്കൾക്കെങ്കിലും അറിയാം. പക്ഷെ സംഘടനകൾക്ക് അതിജീവിക്കേണ്ടതുണ്ട്. അതിനുള്ള വഴിയാണ് അവരുണ്ടാക്കിയെടുക്കുന്ന പ്രതിരോധ സംഘങ്ങൾ. ഇത്തരം സംഘങ്ങൾ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞാൽ പിന്നെ അവരിൽനിന്ന് രക്ഷപ്പെടുക പ്രയാസമാണ്. പകരം വീട്ടാനുള്ള സംഘങ്ങൾക്ക് ജനാധിപത്യമോ, മനുഷ്യത്വമോ ഉണ്ടാകണമെന്ന് ആർക്കും നിർബന്ധം പിടിക്കാനാകില്ല. ആവശ്യം തോന്നുമ്പോൾ അവർ പ്രവർത്തനസജ്ജരാകുന്നു. അവരോട് അരുതെന്ന് പറയാൻ ഒരു നേതാവിനും ഇവിടെ ധൈര്യം വരില്ല. അങ്ങനെ പറഞ്ഞാൽ പിന്നെ പാർട്ടിയുണ്ടാകും, പാർട്ടിയിൽ ആളുണ്ടാകില്ലെന്ന് ഓരോ നേതാവും അന്ധമായി വിശ്വസിക്കുന്നു. അതുകൊണ്ടവർ കൊല്ലിനും കൊലക്കും മുന്നിൽ കണ്ണടക്കുകയാണ്. എല്ലാ ഹിംസാത്മകതയും അവയുടെ സാഫല്യത്തിൽ തന്നെ മരിക്കുന്നുണ്ടെന്ന് ഹിംസയുടെ ആളുകൾ മനസ്സിലാക്കുന്നില്ല. തീയും, വെടിമരുന്നും, അഗ്നിയും പോലെ, ഹിംസാത്മകതയും ഒത്തുകൂടുമ്പോൾ നശിച്ചു പോകുമെന്ന ഷേക്‌സ്പിയർ വചനങ്ങൾക്ക് ഇനിയുമെത്രയോ സന്ദേശ വ്യാപ്തിയുണ്ടെന്ന് കാലം കണ്ണൂരിലെ രാഷ്ട്രീയക്കാരേയും ബോധ്യപ്പെടുത്തുന്ന കാലം വരുമായിരിക്കും. അപ്പോൾ, അപ്പോൾ മാത്രം ഇതല്ല കണ്ണൂർ എന്ന് അന്നത്തെ തലമുറ കൺനിറയെ കാണും. മനം നിറയെ പറയും. ഏറ്റവും അവസാനം വിടപറഞ്ഞ ശുഹൈബിന്റെ മയ്യിത്ത് മുന്നിൽ വെച്ച് ഇതല്ലാതെ മറ്റൊന്നുമെഴുതാനാവില്ല.