തൊടുപുഴ-ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. സെക്കന്‍ഡില്‍ 40000 ലീറ്റര്‍ വെള്ളം ഒഴുക്കിവിടും. മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നു വിടുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വേണ്ടി വന്നാല്‍ കൂടുതല്‍ വെള്ളം നിയന്ത്രിതമായി തുറന്നു വിടുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തമിഴ്‌നാടിനോട് കൂടുതല്‍ ജലം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റൂള്‍ കര്‍വിന് മുകളിലേക്ക് വെള്ളം പിടിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ തമിഴ്‌നാട് റൂള്‍ കര്‍വ് പാലിച്ചാണ് മുന്നോട്ടു പോകുന്നതെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇടുക്കി ചെറുതോണി അണക്കെട്ടിലെ ഒരു ഷട്ടര്‍ ഇന്ന് രാവിലെ 10 മണിക്കാണ് തുറന്നത്. ഒരു ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തി 40000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. വൃഷ്ടിപ്രദേശത്ത് മഴ പെയ്തതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായ സാഹചര്യത്തിലാണ് നടപടി.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. മൂന്ന് നാല് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഷട്ടറുകളിലൂടെ 772 കൂസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്ന് രാവിലെ 8 മണിക്ക് ഡാം ഷട്ടര്‍ തുറക്കാന്‍ തമിഴ്‌നാട് തീരുമാനിച്ചത്. ഡാമിലെ ജലനിരപ്പ് ഇന്ന് രാവിലെ 5.30 യ്ക്ക് 141 അടിയിലെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്.