- കോവിഡ് നിയന്ത്രണം പാലിക്കണമെന്ന് നിർദേശം
മസ്‌കത്ത്- കോവിഡ് ഭീതി ഏതാണ്ട് അവസാനിച്ച പശ്ചാതലത്തിൽ ഒമാനിൽ ഇന്ന് 51-ാമത് ദേശീയദിനാഘോഷം. കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കരുതലോടെയാണ് ഇത്തവണ ഒമാൻ ദേശീയദിനം ആഘോഷിക്കുന്നത്. വിദ്യാലയങ്ങളിൽ ആഘോഷ പരിപാടികൾ പാടില്ലെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചിരുന്നു. നവംബർ 18 നാണ് ദേശീയ ദിനമെങ്കിലും 28, 29 തിയതികളിലാണ് രാജ്യത്ത് ഔദ്യോഗിക അവധി ദിനങ്ങൾ.
ദേശീയദിന മിലിട്ടറി പരേഡ് ആണ് ആഘോഷ പരിപാടികളിൽ ഏറ്റവും മുഖ്യവും ആകർഷകവുമായ ഇനം.
മസ്‌കത്ത് സീബിലെ അൽമുർതഫാ മൈതാനിയിലാണ് പരേഡ് നടക്കുക. ഒമാൻ സായുധ സേനകളായ റോയൽ ആർമി ഓഫ് ഒമാൻ, റോയൽ നേവി ഓഫ് ഒമാൻ, റോയൽ എയർഫോഴ്‌സ് ഓഫ് ഒമാൻ, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താന്റെ പ്രത്യേക സേന, റോയൽ ഒമാൻ പോലീസ്, റോയൽ കോർട്ട് അഫയേഴ്‌സ് എന്നിവർ സംയുക്തമായാണ് പരേഡ് സംഘടിപ്പിക്കുന്നത്. സായുധ സേനകളുടെ പരമോന്നത കമാൻഡർ എന്ന നിലയിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹാതിം അൽതാരിഖ് പരേഡിൽ സല്യൂട്ട് സ്വീകരിക്കും. 'അസ്സലാം അസ്സുൽത്താനി' എന്ന പേരിലറിയപ്പെടുന്ന ഒമാൻ ദേശീയഗാനം ആലപിച്ചാണ് വർണശബളിമയാർന്ന പരേഡിന് തുടക്കം കുറിക്കുക.
1650-ൽ പോർച്ചുഗീസ് നിയന്ത്രണത്തിൽനിന്ന് ഒമാൻ സ്വാതന്ത്ര്യം നേടിയ ദിനമാണ് നവംബർ 18. 1970 മുതൽ 2020 വരെ അര നൂറ്റാണ്ട് കാലം ഒമാൻ ഭരിച്ച സുൽത്താൻ ഖാബൂസിന്റെ ജന്മദിനം കൂടിയാണ് നവംബർ 18. സുൽത്താൻ ഖാബൂസ് അധികാരമേറ്റെടുത്ത ശേഷം 1971 മുതലാണ് ദേശീയദിനം ആഘോഷിച്ചുവരുന്നത്.
വാസ്‌കോ ഡ ഗാമ ഇന്ത്യയിലെത്തിയ കാലത്തുതന്നെ പോർച്ചുഗീസുകാർ ഒമാനിലെത്തിയിരുന്നു. 1507 മുതൽ ഒമാൻ പോർച്ചുഗീസുകാർ കൈവശപ്പെടുത്തി. ഇന്ത്യയിലേക്കുള്ള തങ്ങളുടെ വ്യാപാര പാതകൾ സംരക്ഷിക്കുന്നതിനായി മസ്‌കത്ത് നഗരത്തെ അവർ തുറമുഖമായി ഉപയോഗിച്ചു.
ഒമാനിലെ പോർച്ചുഗീസ് സാന്നിധ്യത്തിൽ അതൃപ്തരായ അൽ-യരീബി വംശജർ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി തുറമുഖങ്ങളിൽ അവകാശങ്ങൾ അനുവദിച്ചുകൊണ്ടുള്ള ഉടമ്പടിയുണ്ടാക്കി. ഇത് ഒമാനിലെ പോർച്ചുഗീസ് നിയന്ത്രണം ദുർബലമാക്കി, 1650 നവംബർ 18-ന് സുൽത്താൻ ബിൻ സൈഫ് പോർച്ചുഗീസുകാരുമായി ഏറ്റുമുട്ടിയതോടെ പരാജയം ഏറ്റുവാങ്ങിയ പറങ്കിപ്പട ഒമാനിൽനിന്നും പിൻവാങ്ങുകയായിരുന്നു.
ദേശീയ ദിന പരേഡിന് പുറമെ, ഒട്ടക ഓട്ടം, കുതിര സവാരി, മറൈൻ ഫെസ്റ്റിവൽ, കരിമരുന്ന് പ്രയോഗം, സൈനിക പ്രദർശനം എന്നിവയും ആഘോഷത്തിന് മാറ്റ് കൂട്ടും. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ബർകയിൽ നാളെ റോയൽ ഹോഴ്സ് റേസിംഗ് ക്ലബ് കുതിരപ്പന്തയവും സംഘടിപ്പിക്കുന്നുണ്ട്.