Sorry, you need to enable JavaScript to visit this website.

തൃപ്പൂണിത്തുറ ശിവശക്തി യോഗ സെന്ററിലെ പീഡനം: കുറ്റപത്രം റദ്ദാക്കണമെന്ന ഹരജി തള്ളി

കൊച്ചി- തൃപ്പൂണിത്തുറ ശിവശക്തി യോഗ സെന്ററിൽ പെൺകുട്ടികൾ പീഡനത്തിനിരയായ കേസിൽ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കേസിലെ 13-ാം പ്രതിയായ യോഗാ സെന്റർ സെക്രട്ടറി നൽകിയ ഹരജിയാണ് കോടതി തള്ളിയത്. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിൽ തുടർ നടപടികൾ ആരംഭിക്കാമെന്നു കോടതി വ്യകമാക്കി. പ്രതികൾക്കെതിരെ അന്യായമായി തടഞ്ഞുവെച്ച് സ്ത്രീത്വത്തെ അപമാനിക്കുകയും ശാരീരിക പീഡനങ്ങൾക്കു വിധേയമാക്കുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കോടതി നിർദേശ പ്രകാരമാണ് അന്വേഷണം നടത്തിയതെന്നും മാസങ്ങളോളം പെൺകുട്ടികളെ തടവിൽ പാർപ്പിച്ച കേസാണിതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വർഷങ്ങളോളം അന്തോവാസികളായി വന്നവരെ അന്യായമായി തടഞ്ഞുവെച്ചിട്ടുള്ള കേസാണെന്നു ഹൈക്കോടതി വിലയിരുത്തി. സ്ഥാപനത്തിന്റെ മേലധികാരിയെന്ന നിലയിൽ ഹരജിക്കാരന് കേസിലുള്ള പങ്ക് തള്ളിക്കളയനാവില്ലെന്നു കോടതി ഉത്തരവിൽ പറയുന്നു. വിചാരണ നടന്നെങ്കിൽ മാത്രമേ കേസിൽ തെളിവുകൾ പുറത്തുകൊണ്ടുവരാനാവുവെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ കേസ് റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് മധുസൂദനന്റെ ഹരജി തള്ളിയത്.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യോഗ സെന്റർ സെക്രട്ടറി മധുസൂദനൻ സമർപ്പിച്ച ഹരജിയിൽ ഹൈകോടതി സ്റ്റേ അനുവദിച്ചതോടെ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ തുടങ്ങാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് കേസ് റദ്ദാക്കണമെന്ന ഹരജി തള്ളി വിചാരണ തുടരാൻ ഇന്ന് കോടതി ഉത്തരവിട്ടത്.
ഇതര മതവിഭാഗത്തിൽപെട്ടവരെ പ്രണയിച്ചതിന്റെ പേരിൽ യോഗ കേന്ദ്രത്തിലെത്തിച്ച് പെൺകുട്ടികളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നാണ് പരാതി. ഇവിടെ തടങ്കലിലായിരുന്ന പെൺകുട്ടി രക്ഷപ്പെട്ട ശേഷം ധർമടം പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ഒമ്പത് പേർക്കെതിരെയാണ് കേസെടുത്തത്.
തൃപ്പൂണിത്തുറ കനാട് യോഗ സെന്റർ നടത്തിപ്പുകാരൻ മനോജ് ഗുരുജി, യോഗ കേന്ദ്രത്തിലെ ജീവനക്കാരായ ശ്രുതി, ചിത്ര കെ. കൃഷ്ണൻ, സ്മിത ഭട്ട്, ടി.എം. സുജിത്, ബി.എസ്. മുരളി, അശ്വതി, ശ്രജേഷ് അടക്കമുള്ളവരാണ് കേസിലെ മറ്റു പ്രതികൾ.

Latest News