Sorry, you need to enable JavaScript to visit this website.

പെട്രോളിയം മേഖലാ സഹകരണം: സൗദി, ഇന്ത്യൻ മന്ത്രിമാർ തമ്മിൽ ചർച്ച 

റിയാദ് - എണ്ണ മേഖലയിൽ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും ഇന്ത്യൻ പെട്രോളിയം, ഗ്യാസ് മന്ത്രി ഹർദീപ് സിംഗ് പുരിയും ചർച്ച നടത്തി. ചർച്ച ഫലപ്രദമായിരുന്നെന്ന് ഹർദീപ് സിംഗ് പൂരി ട്വീറ്റ് ചെയ്തു. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള എണ്ണ മേഖലാ സഹകരണവും ഇന്ത്യയും സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കും തമ്മിലുള്ള ശക്തമായ ബന്ധവും സൗദി മന്ത്രിയും താനും ചർച്ച ചെയ്തതായി ഇന്ത്യൻ പെട്രോളിയം മന്ത്രി പറഞ്ഞു. 
ആഗോള ഊർജ വിപണിയിൽ കൊറോണ മഹാമാരി സൃഷ്ടിച്ച ആഘാതം, വരും വർഷങ്ങളിൽ അതിന്റെ അനന്തരഫലങ്ങൾ, ഇന്ത്യയിൽ മഹാമാരിക്കു ശേഷമുള്ള വീണ്ടെടുക്കൽ എന്നിവ ചർച്ച ചെയ്ത ഇന്ത്യ-ഒപെക് ഉന്നതതല ചർച്ചയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ പെട്രോളിയം, ഗ്യാസ് മന്ത്രിയും സൗദി ഊർജ മന്ത്രിയും പ്രത്യേകം കൂടിക്കാഴ്ചയും ചർച്ചയും നടത്തിയത്. ഊർജ മേഖലയിലെ അവസരങ്ങൾ, വെല്ലുവിളികൾ, ഊർജ വിപണിയുമായി ബന്ധപ്പെട്ട ദീർഘകാല വീക്ഷണം, എണ്ണ വിതരണ സുരക്ഷാ പ്രശ്‌നങ്ങൾ, എണ്ണ വില വർധനവിന്റെ ആഘാതം, ആഗോള എണ്ണ വിപണിയുടെ സ്ഥിരത നിലനിർത്താൻ സ്വീകരിച്ച നടപടികൾ, ഇക്കാര്യത്തിൽ ഒപെക് പ്ലസ് കൂട്ടായ്മ വഹിക്കുന്ന പങ്കുകൾ എന്നിവയെല്ലാം ഇന്ത്യ-ഒപെക് കൂട്ടായ്മ ചർച്ച ചെയ്തു.
 

Latest News