റിയാദ് - രാജ്യത്ത് പ്രവർത്തിക്കുന്ന ക്വാറികളിലും ക്രഷർ യൂനിറ്റുകളിലും സൗദി യുവാക്കളെ നിയമിക്കുന്ന പദ്ധതിക്ക് വ്യവസായ, ധാതുവിഭവ മന്ത്രാലയം തുടക്കമിട്ടു. ക്വാറികളിലും ക്രഷറുകളിലും ഉന്നത തസ്തികകളിൽ 1,400 സൗദി യുവാക്കളെ നിയമിക്കാനാണ് പദ്ധതി. കോളേജ് ഓഫ് എക്‌സലൻസുമായും മാനവശേഷി വികസന നിധിയുമായും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായും സഹകരിച്ചാണ് വ്യവസായ, ധാതുവിഭവ മന്ത്രാലയം പദ്ധതി നടപ്പാക്കുന്നത്.
വ്യവസായ, ധാതുവിഭവ മന്ത്രാലയവും സ്വകാര്യ നിക്ഷേപകരും സംയോജനത്തോടെ നടത്തുന്ന ശ്രമങ്ങളുടെയും സർക്കാറിന്റെ പിന്തുണയുടെയും ഫലമായി സൗദിയിൽ ഖനന മേഖല വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യംവഹിച്ചുവരികയാണെന്ന് ഡെപ്യൂട്ടി വ്യവസായ, ധാതുവിഭവ മന്ത്രി എൻജിനീയർ ഖാലിദ് അൽമുദൈഫിർ പറഞ്ഞു. സൗദിയിൽ വ്യവസായ മേഖലയിലെ ഏറ്റവും വലിയ മൂന്നാമത്തെ മേഖലയായി ഖനന മേഖലയെ പരിവർത്തിപ്പിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. വ്യവസായ, ധാതുവിഭവ മന്ത്രാലയവും നിക്ഷേപകരും തമ്മിലുള്ള ബന്ധം പരിവർത്തിപ്പിക്കാനും സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പദ്ധതിയുമായി പ്രതികരിക്കുകയും സ്വദേശികൾക്ക് പരിശീലനങ്ങളും തൊഴിലുകളും നൽകാൻ പ്രാഥമിക കരാറുകൾ ഒപ്പുവെക്കുകയും ചെയ്ത കമ്പനികളെ ഡെപ്യൂട്ടി വ്യവസായ, ധാതുവിഭവ മന്ത്രി പ്രശംസിച്ചു. പുതിയ ഖനന നിക്ഷേപ നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി ഖനന പ്രദേശങ്ങളുടെ ചുറ്റുമുള്ള സമൂഹങ്ങളുടെ വികസനത്തിനും പരിസരവാസികൾക്ക് തൊഴിലവസരങ്ങൾ നൽകാനും ക്വാറി, ക്രഷർ മേഖലാ നിക്ഷേപകർ മുൻകൈയെടുക്കണം.