കാർഷിക മേഖലയിൽ വിളവ് വർധിപ്പിക്കാൻ നാനോ ടെക്‌നോളജിയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ കാട്ടുപന്നികളിലേക്കും മയിലുകളിലേക്കും കൂടി ശാസ്ത്രജ്ഞരുടെ ശ്രദ്ധ പതിയണം. കാരണം, സാങ്കേതിക തികവിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വിളവിനേക്കാൾ സാധാരണക്കാരായ കർഷകർക്ക് പ്രധാനമാണ് കൺമുന്നിൽ വെച്ച് പന്നിക്കൂട്ടങ്ങൾ ആക്രമിച്ച് നശിപ്പിക്കപ്പെടുന്ന അവരുടെ കൃഷിത്തോട്ടങ്ങൾ.
ഭൂമിയിലെ ആവാസ വ്യവസ്ഥക്ക് ഒരു താളമുണ്ട്. മനുഷ്യനും മൃഗങ്ങളും അവരുടേതായ ഇടങ്ങളിൽ സൈ്വര ജീവിതം നയിക്കുന്നതാണ് ആ താളം. വളർത്തു മൃഗങ്ങൾ മനുഷ്യനൊപ്പം കഴിയുമ്പോൾ മെരുങ്ങാത്ത പ്രകൃതമുള്ള മൃഗങ്ങൾ കാടാണ് വാസകേന്ദ്രമാക്കുന്നത്. അനന്തകാലമായി പിന്തുടർന്നു പോരുന്ന ഈ സന്തുലിതാവസ്ഥക്ക് താളം തെറ്റുന്നുവെന്നാണ് അടുത്ത കാലത്തെ അനുഭവങ്ങൾ തെളിയിക്കുന്നത്. വയലിലേക്കിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളും മയിലുകളും. ജനവാസ കേന്ദ്രങ്ങളിലെ ചെറുകാടുകളിൽ ദിവസങ്ങളോളം ഒളിച്ചിരുന്ന് ഭയത്തിന്റെ ഇരുട്ടുപരത്തുന്ന പുലിയും കടുവയും...മനുഷ്യന് മൃഗങ്ങളെപ്പറ്റി പരാതി പറയാൻ നിരവധി കാരണങ്ങളുണ്ട്.
കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്ന വാർത്തകളാണ് ഏറെയും കേൾക്കുന്നത്. പാലക്കാട് ജില്ലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സംഭവം വരെയുണ്ടായി. സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം കാട്ടുപന്നികളെ വെടിവെച്ചു കൊന്നത് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്താണ്.ഇക്കാര്യത്തിൽ രണ്ടാം സ്ഥാനം മലപ്പുറം ജില്ലയിലെ കാളികാവിനുമാണ്.നൂറുകണക്കിന് പന്നികളെ വെടിവെച്ചു കൊല്ലാനുള്ള സാഹചര്യം എങ്ങനെ ഉടലെടുത്തുവെന്നതും ചിന്തിക്കേണ്ട കാര്യമാണ്.മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ഗ്രാമവും പരിസര പ്രദേശവും കടുവയുടെ ഭീഷണിയിൽ കഴിയാൻ തുടങ്ങിയിട്ട് നാളേറെയായി.രാത്രികാലങ്ങളിൽ ജനവാസ കേന്ദ്രങ്ങളിലെത്തി വീടുകളിലെ വളർത്തുമൃഗങ്ങളെ കടുവ കൊന്നു തിന്നുന്നത് പതിവായി. ഗ്രാമത്തിലുള്ളവർ സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ ഭയക്കുകയാണ്.വഴികളിലേക്ക് കടവുയോ പുലിയോ എപ്പോൾ ചാടിവീഴുമെന്ന് കണക്കുകൂട്ടാൻ പറ്റാത്ത ഭീതിയിലാണ് ജനങ്ങൾ.
വനങ്ങളോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗങ്ങൾ കടന്നു വരുന്നത് പുതിയ കാര്യമല്ല.കൊടുംവേനലിൽ വനത്തിനുള്ളിൽ വരൾച്ച വർധിക്കുകയും ദാഹജലവും ഭക്ഷണവും കിട്ടാതെ വരികയും ചെയ്യുമ്പോൾ കാട്ടാനകളും മറ്റു മൃഗങ്ങളും വനത്തിന് പുറത്തേക്കിറങ്ങുന്നത് പ്രകൃതിയിലെ രീതിയാണ്.എന്നാൽ ഇപ്പോൾ പ്രത്യേക സമയമോ കാലമോ ഇല്ലാതെ തന്നെ മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നു.വനാതിർത്തിയിൽ നിന്ന് ഏറെ അകലെയുള്ള പുഴയോരങ്ങളിൽ പോലൂം കാട്ടുപന്നികൾ യഥേഷ്ടമായി വിഹരിക്കുകയാണ്.അവ കൃഷിത്തോട്ടങ്ങൾ പാടെ നശിപ്പിക്കുന്നു.വാഴത്തോട്ടങ്ങളിൽ കാട്ടുപന്നികൾ നടത്തുന്ന പരാക്രമങ്ങൾ കർഷകരെ കുറച്ചൊന്നുമല്ല ദുരിതത്തിലാക്കുന്നത്.കൂട്ടമായി എത്തുന്ന പന്നികൾ വാഴകൾ അടിയോടെ പുഴക്കിയെറിഞ്ഞാണ് കടന്നു പോകുന്നത്.മാസങ്ങളോളം നോക്കി സംരക്ഷിച്ച്, അതിൽ നിന്നുള്ള വരുമാനം പ്രതീക്ഷിച്ച് കഴിയുന്ന വാഴക്കർഷകരുടെ പ്രതീക്ഷകളാണ് ഒറ്റ രാത്രി കൊണ്ട് പന്നിക്കൂട്ടങ്ങൾ തകർത്തു കളയുന്നത്.കാട്ടുപന്നികളുടെ നിരന്തരമായ ആക്രമണം മൂലം വാഴക്കൃഷി ഉപേക്ഷിച്ച നിരവധി പേർ മലബാർ മേഖലയിലുണ്ട്.പച്ചക്കറി കർഷകർക്ക് കാട്ടുപന്നികൾക്കൊപ്പം ഭീഷണി ഉയർത്തുകയാണ് മയിലുകൾ.വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ പോലെ ഇന്ന് കേരളത്തിലെ വീട്ടുമുറ്റങ്ങളിൽ മയിലുകളെ കാണാം. പീലി വിടർത്തി നൃത്തമാടുന്നത് കാണാൻ ഭംഗിയാണെങ്കിലും അവയുണ്ടാക്കുന്ന നാശം ചെറുതല്ല.വീടുകളിലെ അടുക്കളത്തോട്ടങ്ങൾ മുതൽ വാണിജ്യാടിസ്ഥാത്തിൽ കൃഷി ചെയ്യുന്ന പച്ചക്കറി തോട്ടങ്ങളിൽ വരെ വലിയ നാശമാണ് മയിലുകൾ ഉണ്ടാക്കുന്നത്.
ഒരു കാലത്ത് കുന്നിൻപ്രദേശങ്ങളിൽ മാത്രമുണ്ടായിരുന്ന പന്നികളും മയിലുകളും നെൽപാടം വരെ എത്തിച്ചേർന്നിരിക്കുന്നു. അവയുടെ ആവാസ കേന്ദ്രങ്ങളെ മനുഷ്യൻ നശിപ്പിച്ചുവെന്നതാണ് പ്രധാന കാരണം.കുന്നുകളിൽ ജെ.സി.ബി കയറിയിറങ്ങിയപ്പോൾ മൃഗങ്ങളുടെ ജീവിത താളവും തെറ്റി.പന്നിയും മയിലും മുള്ളനും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നാട്ടിലേക്കറങ്ങി.സുരക്ഷിതമായ വാസസ്ഥലങ്ങൾ കണ്ടെത്താനാകാതെയും ഭക്ഷണം ലഭിക്കാതെയും പ്രജനനം നടത്താൻ അനുയോജ്യമായ ഇടങ്ങൾ ലഭിക്കാതെയും അവ നാടലയാൻ തുടങ്ങി.കിടപ്പാടം നഷ്ടമായ മൃഗങ്ങൾ മനുഷ്യന്റെ കിടപ്പാടങ്ങളിലേക്കും കൃഷിയിടങ്ങലിലേക്കും എത്തിനോക്കാൻ തുടങ്ങി.വർഷങ്ങൾക്ക് മുമ്പ് മനുഷ്യൻ തുടങ്ങിവെച്ച കുന്നിടിച്ച് നിരപ്പാക്കുന്നതിന്റെ ഫലങ്ങൾ പതുക്കെപ്പതുക്കെ അവനെ തന്നെ തിരിഞ്ഞു കൊത്തുകയാണ്.മല തുരക്കാൻ തുടങ്ങിയ കാലങ്ങളിൽ കുറച്ചു മൃഗങ്ങൾ മാത്രമാണ് നാട്ടിലേക്കിറങ്ങിയിരുന്നതെങ്കിൽ ഇന്ന് അവ നാട്ടിൽ പെറ്റുപെരുകി വരികയാണ്.കോവിഡിനൊപ്പം എന്ന പോലെ വന്യമൃഗങ്ങൾക്കൊപ്പം സ്വജീവൻ സംരക്ഷിച്ച് ജീവിക്കേണ്ട കാലത്തിലേക്കാണ് മനുഷ്യൻ നീങ്ങുന്നത്.തെരുവു നായ്ക്കളുടെ ഭീഷണിക്കൊപ്പം ഇനിയുള്ള കാലം നാട്ടിൽ വന്യമൃഗങ്ങളുടെ ഭീഷണിയും പതിവായേക്കാം.
കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള അനുമതി അടുത്ത കാലത്താണ് കർഷകർക്ക് ലഭിച്ചത്.വനമേഖലയിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങളിൽ കാട്ടുപന്നികളെ കാണുകയാണെങ്കിൽ വെടിവെച്ചു കൊല്ലാമെന്നാണ് സർക്കാരിന്റെ ഉത്തരവുള്ളത്.പഞ്ചായത്ത് അധികൃതരുടെ ശുപാർശയിൽ വനം വകുപ്പാണ് ഇക്കാര്യത്തിൽ തീരുമാനങ്ങൾ എടുക്കുന്നത്.വിവിധ ജില്ലകളിൽ നിന്നായി ഇതിനകം തന്നെ ആയിരക്കണക്കിന് അപേക്ഷകൾ വനം വകുപ്പിന് ലഭിച്ചിട്ടുണ്ട്.
പന്നികളെ വെടിവെച്ചു കൊല്ലുകയെന്നത് പ്രായോഗികമായ കാര്യമല്ലെന്നാണ് കർഷകർ പറയുന്നത്. എണ്ണത്തിൽ അവ ഏറെ വർധിച്ചിരിക്കുന്നുവെന്നതാണ് കാരണം.നെൽവയലുകളിൽ എത്തുന്ന പന്നിക്കൂട്ടങ്ങളിൽ മുപ്പതും നാൽപതും എണ്ണം കാണും.ഇവയിൽ ഒന്നോ രണ്ടോ എണ്ണെത്ത മാത്രമാണ് വെടിവെക്കാനാകുന്നത്. ബാക്കിയുള്ളവ ഓടിപ്പോകും.ഇവയുടെ വംശം വേഗത്തിൽ വളരും.പന്നികളെയെല്ലാം കൊന്നൊടുക്കാൻ വനം വകുപ്പിന്റെ സംവിധാനങ്ങൾ മതിയാകാതെ വരും.
കാർഷിക മേഖലയിലെ ഗവേഷണം ഇത്തരം പ്രതിസന്ധികളെ ഗൗരവമായി കാണാൻ തുടങ്ങിയിട്ടില്ല.കർഷകരുടെ വിള നഷ്ടത്തിന്റെ നാലിലൊന്ന് ഭാഗം ഇപ്പോഴും പ്രകൃത്യായുള്ള നാശം മൂലമാണ്.വിത്തിന്റെ ഗുണമേൻമയില്ലായ്മ കൊണ്ടോ പരിചരണത്തിന്റെ കുറവു കൊണ്ടോ ഉണ്ടാകുന്ന നഷ്ടത്തിന്റെ എത്രയോ മടങ്ങാണ് വിവിധ ഇനം ജീവികളെ കൊണ്ടുള്ള നഷ്ടം.വിളകൾക്ക് നാശം വരുത്തുന്ന ചെറുകീടങ്ങളെ അകറ്റാൻ ഉപായങ്ങളും ഉപകരണങ്ങളും മരുന്നകളും ഉണ്ടെങ്കിലും വലിയ ജീവികളെ അകറ്റാനുള്ള ആശയങ്ങളൊന്നും ഇപ്പോഴും കണ്ടെത്തിയിട്ടില്ല.കർഷകർ സ്വന്തം നിലയിൽ കാട്ടുപന്നികളെ അകറ്റാൻ പല പരീക്ഷണങ്ങളും നടത്തിവരുന്നുണ്ട്.പഴയ സാരികൾ കൊണ്ട് തോട്ടം മറക്കുക,ചോളം പോലുള്ള മൂർച്ചയുള്ള ഇലകളുള്ള ചെടികൾ തോട്ടത്തിന്റെ വശങ്ങളിൽ വച്ചു പിടിപിടിപ്പിക്കുക എന്നിവ മുതൽ മനുഷ്യ മൂത്രം തുണിയിൽ മുക്കി തോട്ടങ്ങളിൽ തൂക്കുന്നത് വരെയുള്ള തന്ത്രങ്ങൾ പന്നികൾക്കെതിരെ പരീക്ഷിക്കുന്നുണ്ട്.എന്നാൽ ഇതൊന്നും ശാസ്ത്രീയമോ ശാശ്വതമോ ആയ പരിഹാര മാർഗമല്ല.കാർഷിക മേഖലയിലെ ഗവേഷണങ്ങൾക്കായി കോടികൾ ചെലവിടുന്ന സർക്കാരുകൾ ലളിതമായ ഈ പ്രശ്‌നത്തിലേക്ക് ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. കാർഷിക മേഖലയിൽ വിളവ് വർധിപ്പിക്കാൻ നാനോ ടെക്‌നോളജിയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ കാട്ടുപന്നികളിലേക്കും മയിലുകളിലേക്കും കൂടി ശാസ്ത്രജ്ഞരുടെ ശ്രദ്ധ പതിയണം. കാരണം, സാങ്കേതിക തികവിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വിളവിനേക്കാൾ സാധാരണക്കാരായ കർഷകർക്ക് പ്രധാനമാണ് കൺമുന്നിൽ വെച്ച് പന്നിക്കൂട്ടങ്ങൾ ആക്രമിച്ച് നശിപ്പിക്കപ്പെടുന്ന അവരുടെ കൃഷിത്തോട്ടങ്ങൾ.