കണ്ണൂർ - ക്രിപ്‌റ്റോ കറൻസി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന മുഖ്യ സൂത്രധാരനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. മലപ്പുറം പൂക്കാട്ടുപാടം സ്വദേശി നിഷാദാണ് ഒളിവിൽ പോയത്. ഇയാളുടെ നേതൃത്വത്തിൽ ആയിരം കോടിയുടെ തട്ടിപ്പ് നടന്നതായാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്.കണ്ണൂരിൽ അറസ്റ്റിലായ നാലു പേരെ അസി.കമ്മീഷണർ പി.പി.സദാനന്ദന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ച് വിവരം ലഭിച്ചത്.
നേരത്തെ മലപ്പുറത്ത് പിടിയിലായ നിഷാദാണ് മുഖ്യ സൂത്രധാരൻ. ഇയാൾ ലോങ് റിച്ച് കമ്പനിയുടെ മറവിൽ നടത്തിയത് ആയിരം കോടിയിലേറെ രൂപയുടെ തട്ടിപ്പാണ്. അറസ്റ്റിലായവരുടെയും കമ്പനി ഉടമയുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് അഞ്ഞൂറ് കോടിയിലേറെ രൂപ നിക്ഷേപമായെത്തിയതായി കണ്ടെത്തിയത്. നിക്ഷേപകരുടെയും തട്ടിപ്പിലുൾപ്പെട്ട മറ്റുള്ളവരുടെയും വിശദാംശങ്ങൾ അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്.
കാസർക്കോട് ആലമ്പാടി സ്വദേശി റിയാസ്, മലപ്പുറം മഞ്ചേരി സ്വദേശി സി.ഷഫീഖ്, കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി വസിം മുനവറലി, മലപ്പുറം നിലമ്പൂർ വണ്ടൂർ സ്വദ്ദേശി മുഹമ്മദ് ഷഫീഖ് എന്നിവരാണ് കഴിഞ്ഞാഴ്ച അറസ്റ്റിലായത്. ഇവരുടെയും മുഖ്യ സൂത്രധാരൻ നിഷാദിന്റെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് അന്വേഷണ സംഘത്തെ ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള വിവരങ്ങൾ ലഭിച്ചത്. നിഷാദിന്റെ അക്കൗണ്ടിൽ മാത്രം 245 കോടിയുടെ നിക്ഷേപം എത്തിയതായി തെളിഞ്ഞു. മലപ്പുറത്ത് പിടിയിലായപ്പോൾ നടത്തിയ പരിശോധനയിൽ 34 കോടിയുടെ നിക്ഷേപം മാത്രമാണ് കണ്ടെത്തിയിരുന്നത്. ഇത് അപ്പോൾ തന്നെ മരവിപ്പിച്ചിരുന്നു. പിടിയിലായ ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടുകളിൽ കോടികളാണ് എത്തിയിട്ടുള്ളത്. റിയാസിന്റെ അക്കൗണ്ടുകളിൽ 40 കോടിയും, സി.ഷഫീഖിന്റെ അക്കൗണ്ടുകളിൽ 32.55 കോടിയും, വസീം, മുഹമ്മദ് ഷഫീഖ് എന്നിവരുടെ അക്കൗണ്ടുകളിൽ 7 കോടി രൂപ വീതവും എത്തിയതായി പരിശോധനയിൽ വ്യക്തമായി.ഈ അക്കൗണ്ടുകളിൽ നിന്ന് നിഷാദിന്റെയും കമ്പനിയുടെയും അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായും സൂചന ലഭിച്ചു. ഈ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടി കൈക്കൊണ്ടതായി അസി. കമ്മീഷണർ അറിയിച്ചു.